കാർഡിയോപൾമണറി ബൈപാസ്

ശസ്ത്രക്രിയാസമയത്ത് ‌ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം താൽക്കാലികമായി ഏറ്റെ
(Cardiopulmonary bypass എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശസ്ത്രക്രിയാസമയത്ത് ‌ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം താൽക്കാലികമായി ഏറ്റെടുക്കുന്ന സാങ്കേതികവിദ്യയാണ് കാർഡിയോ‌പൾമണറി ബൈപാസ് (സി.ബി.പി.). ശരീരമാകെ രക്തവും ഓക്സിജനും തുടർച്ചയായി എത്തുന്നത് ഉറപ്പുവരുത്തുകയാണ് ഇതുമൂലം ചെയ്യുന്നത്. ഇതിനാവശ്യമായ പമ്പിനെ ഹാർട്ട്-ലങ് മെഷീൻ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ പമ്പ് പ്രവർത്തിപ്പിക്കുന്ന വിദഗ്ദ്ധനെ പെർഫ്യൂഷനിസ്റ്റ് എന്നാണ് വിളിക്കുന്നത്. ഈ പ്രക്രീയയിൽ ശരീരത്തിനു വെളിയിലാണ് രക്തചംക്രമണം നടക്കുന്നത്.

കാർഡിയോപൾമൊണറി ബൈപാസ്സ്
Intervention
ഹൃദയധമനിയുടെ ബൈപാസ് സർജ്ജറിക്കുപയോഗിക്കുന്ന ഹാർട്ട്-ലങ് യന്ത്രം മുകളിൽ വലതുവശത്തായി കാണാം.
ICD-9-CM39.61
MeSHD002315

കാർഡിയോപൾമണറി ബൈപാസ്സിന്റെ ഉപയോഗം തിരുത്തുക

 
ഹൃദയത്തിനടുത്തുള്ള ധമനികളിലും സിരകളിലും ഹാർട്ട്-ലങ് യന്ത്രം ഘടിപ്പിക്കുന്നതിന്റെ രേഖാചിത്രം. ഇടതുവശത്തുള്ള മൂന്ന് ഉപകരണങ്ങൾ (മുകളിൽ നിന്ന് താഴേയ്ക്ക്) പമ്പ്, ഓക്സിജനേറ്റർ, റിസർവോയർ എന്നിവയാണ്.

മിടിക്കുന്ന ഹൃദയത്തിൽ ശസ്ത്രക്രീയ ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഹൃദയശസ്ത്രക്രിയയ്ക്ക് ഈ സംവിധാനമുപയോഗിക്കുന്നത്. ഹൃദയത്തിലെ അറകൾ തുറന്ന് നടത്തുന്ന ശസ്ത്രക്രിയകളിൽ രക്തചംക്രമണം തുടരുന്നതിന് ഈ സംവിധാനം ആവശ്യമായി വന്നേയ്ക്കാം.

രക്തചംക്രമണം ശരീരത്തിന്റെ സാധാരണ താപനിലയിൽ നിലച്ചുപോവുകയാണെങ്കിൽ മൂന്നോ നാലോ മിനിട്ടുകൊണ്ട് മസ്തിഷ്കത്തിന് തകരാറും അതെത്തുടർന്ന് മരണവും സംഭവിക്കും. ഈ ഉപകരണമുപയോഗിച്ച് ചികിത്സാവശ്യത്തിനായി നാ‌ൽപ്പത്തഞ്ചു മിനിട്ടുവരെ ശരീരതാപനില കുറച്ചുനിർത്തി രക്തചംക്രമണമില്ലാതെ തന്നെ ജീവൻ നിലനിർത്താൻ സാധിക്കും. ഹൈപോതെർമിയ എന്ന അവസ്ഥയിലായവരെ രക്ഷപ്പെടുത്താനും ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്.[1]

ഹൃദയത്തെയും ശ്വാസകോശങ്ങളെയും മറികടന്ന് രക്തചംക്രമണവും ഓക്സിജൻ രക്തത്തിൽ കലരുന്ന പ്രക്രീയയും തുടരുകയാണ് സി.ബി.പി. യന്ത്രം ചെയ്യുന്നത്. ഈ സമയത്ത് സർജന് ശസ്ത്രക്രീയ നടത്താനാവും. വലത് ഏട്രിയത്തിലോ, മഹാസിരയിലോ, ഫെമറൽ സിരയിലോ ഒരു കാനു‌ല കടത്തിയാണ് സർജൻ ശരീരത്തിൽ നിന്ന് രക്തം പുറത്തേയ്ക്ക് വഴിതിരിച്ചുവിടുന്നത്. ഈ രക്തം അരിച്ചു ശുദ്ധിയാക്കുകയും ചൂടാക്കുകയോ തണുപ്പിക്കുകയോ (ആവശ്യാനുസരണം) ചെയ്യുകയും ചെയ്ത് ശരീരത്തിലേയ്ക്ക് തിരിച്ചുവിടുകയാണ് ചെയ്യുന്നത്. മഹാധമനിയുടെ അസൻഡിംഗ് ഭാഗത്തോ ഫെമറൽ ധമനിയിലേയ്ക്കോ ആണ് രക്തം ശരീരത്തിൽ തിരികെയെത്തിക്കാനുള്ള കാനുല ഘടിപ്പിക്കുന്നത്. രക്തം കട്ടപിടിക്കുന്നത് തടയുവാനായി ഈ സമയത്ത് രോഗിക്ക് ഹെപ്പാരിൻ നൽകും. ഹെപ്പാരിന്റെ പ്രവർത്തനം നിർത്തുന്നതിനായി പ്രോട്ടമിൻ സൾഫേറ്റ് ആണ് നൽകുന്നത്. ഈ പ്രക്രീയയ്ക്കിടെ സാധാരണഗതിയിൽ ശരീരതാപനില 28 °C-യ്ക്കും 32 °C-യ്ക്കും ഇടയിൽ താഴ്ത്തി നിർത്തുകയാണ് ചെയ്യുന്നത്. താണ ശരീരതാപനില ശരീരകലകൾക്ക് ഓക്സിജന്റെ ആവശ്യം കുറയ്ക്കാനിടയാക്കുന്നു. തണുത്ത രക്തത്തിന്റെ വിസ്കോസിറ്റി കൂടുതലാണെങ്കിലും ബൈപാസ് ട്യൂബുകളിൽ ഉപയോഗിക്കുന്ന ക്രിസ്റ്റലോയ്ഡ് ലായനി രക്തത്തെ നേർപ്പിക്കുന്നു.

കാർഡിയോപൾമണറി ബൈപാസ് ഉപയോഗിക്കുന്ന ശസ്ത്രക്രിയകൾ തിരുത്തുക

ചരിത്രം തിരുത്തുക

 
1958-ലെ ഹാർട്ട്-ലങ് യന്ത്രം

സ്ർജി ബ്രുഖോനെങ്കോ എന്ന റഷ്യൻ ശാസ്ത്രജ്ഞൻ 1926-ൽ ഹാർട്ട് ലങ് യന്ത്രം വികസിപ്പിച്ചിരുന്നു. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം ഏറ്റെടുത്തുകൊണ്ട് ആദ്യമായി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തിയത് ക്ലാരൻസ് ഡെനിസ് എന്ന ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ്. 1951 ഏപ്രിൽ 5-ന് മിന്നസോട്ട സർവ്വകലാശാലാ ആശുപത്രിയിൽ വച്ചായിരുന്നു ഇത്. രോഗി ശസ്ത്രക്രിയയ്ക്കിടെ മരിച്ചുപോയി. ബിർമിംഗ്‌ഹാം സർവ്വകലാശാലയിൽ എറിക് ചാൾസ് എന്ന കെമിക്കൽ എഞ്ചിനിയർ ഉൾപ്പെട്ട സംഘമാണ് ഇതുസംബന്ധിച്ച സാങ്കേതികവിദ്യ മെച്ചപ്പെടുത്തിയത്. നായ്ക്കളിൽ "അയൺ ഹാർട്ട്" എന്ന യന്ത്രമുപയോഗിച്ചാണ് പരീക്ഷണങ്ങൾ നടത്തിയത്.[2][3] ഈ സംഘത്തിലംഗമായിരുന്ന ഡോ. റസൽ എം. നെൽസൺ എന്നയാളാണ് യൂട്ടായിൽ ഹൃദയം തുറന്നുള്ള ആദ്യ ശസ്ത്രക്രീയ നടത്തിയത്.

മനുഷ്യരിൽ ജോൺ ഗിബ്ബൺ എന്ന ശസ്ത്രക്രിയാവിദഗ്ദ്ധനാണ് 1953 മേയ് 6-ന് മനുഷ്യരിൽ വിജയകരമായ ആദ്യ ഹൃദയശസ്ത്രക്രിയ ഫിലാഡെൽഫിയയിലെ തോമസ് ജെഫേഴ്സൺ സർവ്വകലാശാലാ ആശുപത്രിയിൽ വച്ചുനടത്തിയത്. ഒരു പതിനെട്ടുകാരിയുടെ ഹൃദയത്തിലെ ഏട്രിയൽ സെപ്റ്റൽ ഡിഫെക്റ്റ് ശരിപ്പെടുത്തുകയയിരുന്നു ഇദ്ദേഹം ചെയ്തത്.[4]

അവലംബം തിരുത്തുക

  1. McCullough, L.; Arora, S. (Dec 2004). "Diagnosis and treatment of hypothermia". Am Fam Physician. 70 (12): 2325–32. PMID 15617296.
  2. Dennis C; Spreng DS; Nelson GE; et al. (October 1951). "Development of a Pump-oxygenator to Replace the Heart and Lungs: An Apparatus Applicable to Human Patients and Application to One Case". Ann. Surg. 134 (4): 709–21. doi:10.1097/00000658-195110000-00017. PMC 1802968. PMID 14878382. {{cite journal}}: Unknown parameter |author-separator= ignored (help)
  3. "Iron Heart" Pinch Hits The Real One by Paul F. Ellis February 1951 Popular Science
  4. Cohn LH (May 2003). "Fifty years of open-heart surgery". Circulation. 107 (17): 2168–70. doi:10.1161/01.CIR.0000071746.50876.E2. PMID 12732590.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=കാർഡിയോപൾമണറി_ബൈപാസ്&oldid=3628282" എന്ന താളിൽനിന്ന് ശേഖരിച്ചത്