ഒരു അർദ്ധതാര്യസ്തരത്തിനിരുവശത്തുമായി ഒരു ദിശയിൽ രക്തവും മറുദിശയിൽ ഡയലൈസേറ്റ് എന്ന ദ്രാവകവും പ്രവഹിപ്പിച്ച് രക്തം ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയാലിസിസ്. അപകടാവസ്ഥയിലായ വൃക്കരോഗം ബാധിക്കുകയോ പാമ്പുകടിയേൽക്കുകയോ വിഷപദാർത്ഥങ്ങൾ ഉള്ളിൽ ചെല്ലുകയോ ചെയ്യുന്ന സന്ദർ‌ഭങ്ങളിൽ ജീവരക്ഷയ്ക്കായി അവലംബിക്കുന്ന ചികിത്സാ രീതിയാണിത്.

ഹീമോഡയാലിസിസ് ചെയ്യപ്പെടുന്ന രോഗി
ഹീമോഡയാലിസിസ് യന്ത്രം

സാങ്കേതികവിദ്യ തിരുത്തുക

രോഗിയുടെ രക്തം ഞരമ്പിൽ നിന്നും പ്രത്യേക കുഴലുകൾ വഴി ഡയാലിസിസ് യന്ത്രത്തിലേക്ക് കടത്തി വിടുന്നു. ഡയാലിസിസ് യന്ത്രത്തിൽ സ്ഥാപിച്ചിട്ടുള്ള കൃത്രിമവൃക്ക അല്ലെങ്കിൽ ഡയലൈസർ എന്ന ഉപകരണം രക്തം ശുദ്ധി ചെയ്യുന്നു. ശുദ്ധമായ രക്തം കുഴലുകൾ വഴി തിരിച്ചു ശരീരത്തിൽ പ്രവേശിക്കുന്നു.

കൃത്രിമവൃക്കക്കുള്ളിൽ കുപ്രോഫെയിൻ, പോളിഅക്രിൽ നൈട്രൈറ്റ്, പോളിമീഥൈൽ മീഥക്രിലേറ്റ് എന്നിവ കൊണ്ടുനിർമ്മിച്ച നേരിയ കുഴലുകളുണ്ട്. ഹീമോ ഡയാലിസിസ് ചെയ്യുമ്പോൾ രക്തം ഈ കുഴലുകളിലൂടെ പ്രവഹിക്കുന്നു.ഈ കുഴലുകളുടെ പുറത്തു കൂടെ കൃത്രിമവൃക്കക്കുള്ളിൽ ഡയലൈസേറ്റ് എന്ന ദ്രാവകം മറുദിശയിൽ പ്രവഹിക്കുന്നു.ഡയലൈസേറ്റിന്റെ സാന്ദ്രത രക്തത്തിലേതിനുതുല്യമായതിനാൽ എതിർദിശയിൽ പ്രവഹിക്കുന്ന ഡയലൈസിംഗ് ദ്രാവകത്തിലേയ്ക്ക് രക്തത്തിലെ മാലിന്യങ്ങളായ യൂറിയ, യൂറിക്കാസിഡ്, ക്രിയാറ്റിനിൻ എന്നിവ അന്തർവ്യാപനം നടത്തുന്നു. പകരം അസറ്റേറ്റ് തന്മാത്രകൾ തിരിച്ച് രക്തത്തിലേയ്ക്ക് കടക്കുന്നു. ശുദ്ധീകരിക്കപ്പെട്ട രക്തം സിരയിലേയ്ക്ക് തിരിച്ചുവരുന്നു.

ഉയർന്ന മർദ്ദത്തിൽ ഈ കുഴലുകളിലേയ്ക്ക് രക്തം പ്രവഹിക്കുന്നതിനായി ഒരു ആർട്ടീരിയോവിനസ് ഫിസ്റ്റുല നിർമ്മിക്കുന്നു.കൈത്തണ്ടയിൽ ത്വക്കിനോടടുത്തു കാണപ്പെടുന്ന സെഫാലിക് സിരയും റേഡിയൽ ധമനിയുമാണ് ഇതിനായി കൂട്ടിച്ചേർക്കുന്നത്. വലിയ സൂചിയുപയോഗിച്ച് ധമനിയിൽ നിന്നും രക്തം ഉപകരണത്തിലേയ്ക്കു പ്രവഹിപ്പിക്കുന്നു. ഇതുവഴി മിനിറ്റിൽ 300 മുതൽ 400 വരെ മി. ലിറ്റർ രക്തം ഉയർന്ന മർദ്ദത്തിൽ ഉപകരണത്തിലെത്തുന്നു.ശുദ്ധീകരിക്കപ്പെട്ട രക്തം മറ്റൊരു സൂചി വഴി സിരയിൽ പ്രവേശിക്കുന്നു.

അടിയന്തരസാഹചര്യങ്ങളിൽ ഡയാലിസിസ് ചെയ്യുവാനായി രോഗിയുടെ കഴുത്തിൽ ജുഗുലാർ സിരയിലോ ഇടുപ്പിൽ ഫെമൊറൽ സിരയിലോ ഒരു ഇരട്ടക്കുഴൽ സ്ഥാപിക്കുന്നു. രക്തം ഇതിൽ ഒരു കുഴലിലൂടെ യന്ത്രത്തിലേക്കും മറ്റേ കുഴലിലൂടെ ശരീരത്തിലേക്കും പ്രവഹിക്കുന്നു.

പ്രാധാന്യം തിരുത്തുക

രക്തത്തിലെ മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്തില്ലെങ്കിൽ കോശങ്ങൾക്കുള്ളിൽ ഈ മാലിന്യങ്ങൾ തിങ്ങിനിറഞ്ഞ് കോശത്തിന്റെ ആന്തര-ബാഹ്യപരിസ്ഥിതികൾ തമ്മിലുള്ള സ്ഥിതിസ്ഥിരത തകരാറിലാകുന്നു. വൃക്കകൾക്ക് മാലിന്യനിർമ്മാർജ്ജനം ചെയ്യാൻ കഴിയാതെ വരുമ്പോൾ ജീവരക്ഷയ്ക്കായി ചെയ്യുന്ന മാർഗ്ഗമാണ് ഹീമോഡയാലിസിസ്. പെരിട്ടോണിയൽ ഡയാലിസിസ് എന്ന സാങ്കേതികതയും ഇത്തരം ധർമ്മങ്ങൾക്കായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

 
ഹീമോ ഡയാലിസിസ്-രേഖാചിത്രം

അവലംബം തിരുത്തുക

  1. എസ്.എസ്.എൽ.സി ജീവശാസ്ത്രം പാഠപുസ്തകം
  2. NCERT Biology Textbook, 2011
  3. Human physiology, Guyon and Hall, PrenticeHall pub.
"https://ml.wikipedia.org/w/index.php?title=ഹീമോഡയാലിസിസ്&oldid=2286809" എന്ന താളിൽനിന്ന് ശേഖരിച്ചത്