1949 ഡിസംബർ 31 ന് കൊല്ലം ജില്ലയിലെ ശൂരനാട് നടന്ന ഒരു കാർഷിക കലാപമാണ് ശൂരനാട് സംഭവം അഥവാ ശൂരനാട് കലാപം. [1] ആർ. ശങ്കരനാരായണൻ തമ്പി, പുതുപ്പള്ളി രാഘവൻ, തോപ്പിൽ ഭാസി എന്നിവരാണ് ഈ കലാപത്തിനു നേതൃത്വം കൊടുത്തത്.

പശ്ചാത്തലം തിരുത്തുക

ആധുനിക കേരള ചരിത്രിലെ ചുവന്ന ഏടാണ് ശൂരനാട് വിപ്ളവം. സ്വാതന്ത്രത്തിന് മുമ്പും പിമ്പും ജന്മി മാടമ്പിത്തം ഉഗ്രരൂപമായി ശൂരനാട്ട് നിലനിന്നിരുന്നു. ശൂരനാടിന്റെ ശ്വാസവും ചലനവും തന്റെ ആജ്ഞയിലാകണമെന്നായിരുന്നു ജന്മിത്തത്തിന്റെ നിലപാട്. ഒരുതരത്തിലും ജീവിക്കാൻ കഴിയാതെ വന്നതോടെ കർഷകരും കമ്യൂണിസ്റ്റുകാരും പ്രതികരിക്കാൻ നിർബന്ധിതരായി. അതോടെ കൊടിയ പീഡനങ്ങളുടെയും അക്രമങ്ങളുടെയും നാടായി ശൂരനാട് മാറി. ഉള്ളന്നൂർ കുളത്തിൽ നിന്നും മീൻ പിടിച്ചെന്ന് ആരോപിച്ച് കിഴക്കിട ഏലായിൽ 1949 ഡിസംബർ 31ന് പോലീസും തെന്നില ജന്മിമാരുടെ ഗുണ്ടകളും ചേർന്ന് കമ്മ്യൂണിസ്റ്റുകാരെ ആക്രമിച്ചു. ഗത്യന്തരമില്ലാതെയുള്ള കമ്യൂണിസിറ്റുകാരുടെ പ്രതിരോധത്തിൽ പോലീസുകാർക്ക് ജീവൻ നഷ്ടമായി. സംഭവത്തെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി പറവൂർ ടി കെ നാരായണപിള്ള 1950 ജനുവരി ഒന്നിന് 'ശൂരനാട് എന്നൊരു നാടിനി വേണ്ട' എന്നു പ്രഖ്യാപിച്ചു. കമ്യൂണിസ്റ്റ് പാർട്ടിക്ക് നിരോധനം ഏർപ്പെടുത്തി. തുടർന്ന് ശൂരനാട്ട് കൂടുതൽ പോലീസെത്തി നരനായാട്ട് തുടങ്ങി. ഗ്രാമത്തിലെ സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ക്രൂര പീഡനങ്ങൾക്കിരയായി. കമ്മ്യൂണിസ്റ്റുകാരുടെ വീടുകൾ തകർത്തു. തോപ്പിൽ ഭാസി, തണ്ടാശ്ശേരി രാഘവൻ, ആർ ശങ്കരനാരായണൻ തമ്പി, അയണിവിള കുഞ്ഞുപിള്ള ചേലക്കാട്ടേത്ത് കുഞ്ഞിരാമൻ തുടങ്ങി 24പേരെ പ്രതികളാക്കി പോലീസ് കേസെടുത്തു. പ്രതികളെല്ലാം ജനുവരി 17ന് ഒളിവിൽ പോയി. സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഒരു സംഘം പോലീസുകാർ ശൂരനാട് പായ്ക്കാലിൽ വീട്ടിൽ ഗോപാലപിള്ളയെയും പരമേശ്വരൻ പിള്ളയെയും അന്വേഷിച്ചെത്തി. സ്ത്രീകളും കുട്ടികളും മാത്രമായിരുന്നു വീട്ടിൽ. എസ്ഐ രണ്ടര വയസുള്ള പെൺകുഞ്ഞിനെ കാലിൽ തൂക്കിയെടുത്ത് തൊട്ടടുത്ത കുളത്തിലേക്ക് പോയി തലകീഴായി പിടിച്ച് വെള്ളത്തിൽ മുക്കി. പ്രാണവേദനയിൽ പിടഞ്ഞ കുഞ്ഞിനെ ഉയർത്തിപിടിച്ചിട്ട് അമ്മയോട് ഗൃഹനാഥൻ എവിടെ എന്നാക്രോശിച്ചു. അലറിക്കരഞ്ഞ് അറിയില്ലെന്ന് യാചിക്കുമ്പോഴും എസ്ഐ കുഞ്ഞിനെ വെള്ളത്തിൽ മുക്കി ക്രൂര വിനോദം തുടർന്നുകൊണ്ടിരുന്നു. ഇത് ശൂരനാട്ട് അരങ്ങേറിയ പൊലീസിന്റെ ക്രൂര പീഡന മുറകളിൽ ഒന്നുമാത്രം. ഒളിവിൽപോയ തണ്ടാശേരി രാഘവൻ അടൂർ പോലീസിന്റെ പിടിയിലായി. കൊടിയ പീഡനങ്ങളെ തുടർന്ന് തണ്ടാശേരി രാഘവൻ ജനുവരി 18ന് പോലീസ് ക്യാമ്പിൽ രക്തസാക്ഷിയായി. ഈ ദിനമാണ് ശൂരനാട് രക്തസാക്ഷി ദിനമായി ആചരിച്ചു വരുന്നത്. തുടർന്ന് കളക്കാട്ടുതറ പരമേശ്വരൻ നായർ, പായിക്കാലിൽ ഗോപാലപിള്ള, മഠത്തിൽ ഭാസ്കരൻ നായർ, കാഞ്ഞിരപ്പള്ളി വടക്ക് പുരുഷോത്തമക്കുറുപ്പ് എന്നീ സമര നേതാക്കളും രക്തസാക്ഷികളായി. ശൂരനാട് സംഭവത്തിലെ പ്രതികൾക്ക് കൊല്ലം സെഷൻസ് കോടതി 75 വർഷം തടവ് ശിക്ഷ വിധിച്ചു. ഐക്യ കേരളത്തിൽ 1957ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ശൂരനാട് സംഭവത്തിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിരുന്ന ആർ. ശങ്കരനാരായണൻ തമ്പി മത്സരിച്ച് വിജയിച്ചു. ഇഎംഎസ്സിന്റെ നേതൃത്വത്തിൽ അധികാരത്തിൽവന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അദ്ദേഹം സ്പീക്കറായി. ഇത് ശൂരനാട് സംഭവത്തിന് ലഭിച്ച അംഗീകാരമായി. സർക്കാരിന്റെ ആദ്യ തീരുമാനങ്ങളിലൊന്ന് ശൂരനാട് സംഭവത്തിലെ പ്രതികളെ ജയിൽ മോചിപ്പിക്കുകയായിരുന്നു. 1957 ഏപ്രിൽ ഒമ്പതിന് അവർ ജയിൽ മോചിതരായി.

തോപ്പിൽ ഭാസിയടക്കം ഒട്ടേറെപ്പേർ ഒളിവിൽ പോയി. ഒളിവിലായിരുന്ന സമയത്താണ്‌ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം ഭാസി എഴുതുന്നത്. സോമൻ എന്ന അപരനാമത്തിലായിരുന്നു അദ്ദേഹം നാടകം എഴുതിയത്. ഇതേ കാലഘട്ടമാണ് അദ്ദേഹത്തിന്റെ ഒളിവിലെ ഓർമ്മകൾ എന്ന ആത്മകഥയിൽ പ്രതിപാദിച്ചിട്ടുള്ളത്.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-17. Retrieved 2014-01-26.
"https://ml.wikipedia.org/w/index.php?title=ശൂരനാട്_കലാപം&oldid=3899820" എന്ന താളിൽനിന്ന് ശേഖരിച്ചത്