ഭാരതത്തിൽ ജനിച്ച ഗണിതശാസ്ത്രപ്രതിഭയായ വനിതയാണ് ശകുന്തളാ ദേവി (1929 നവംബർ 4 - 2013 ഏപ്രിൽ 21). "മനുഷ്യ കമ്പ്യൂട്ടർ" എന്ന പേരിലാണ് ശകുന്തളാദേവി അറിയപ്പെടുന്നത്.

ശകുന്തളാ ദേവി
ജനനം(1929-11-04)നവംബർ 4, 1929
മരണംഏപ്രിൽ 21, 2013(2013-04-21) (പ്രായം 84)
മരണ കാരണംഹൃദയാഘാതം
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾമനുഷ്യ കംപ്യൂട്ടർ
തൊഴിൽഗണിതശാസ്ത്രപ്രതിഭ

എഴുത്തുകാരി എന്ന നിലയിൽ, ദേവി നിരവധി നോവലുകളും ഗണിതം, ജ്യോതിഷം എന്നിവയെ കുറിച്ചുള്ള ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്.

ജീവിത രേഖ തിരുത്തുക

നാനാക്ക് ചന്ദ് ഝേഡിയുടെയും ദേവകിയുടെയും മകളായി ശകുന്തളാ ദേവി ജനിച്ചു. ശകുന്തളാ ദേവിയുടെ പിതാവായ നാനാക്ക് ചന്ദ് ഒരു സർക്കസ് കായികതാരമായിരുന്നു. ട്രപ്പീസ്, വലിച്ചുമുറുക്കിയ കയറിനുമുകളിലൂടെയുള്ള നടത്തം, പീരങ്കിയിൽ മനുഷ്യ ഉണ്ടയാവുക, തുടങ്ങിയവയായിരുന്നു നാനാക്ക് ചന്ദ് പ്രദർശിപ്പിച്ചിരുന്നത്. പിതാവിനൊപ്പം ചീട്ടിലെ മാന്ത്രികവിദ്യകൾ പ്രദർശിപ്പിച്ച ശകുന്തളാദേവിയുടെ ഗണിതശാസ്ത്രപാടവം മൂന്നാം വയസ്സിൽ തന്നെ പ്രകടമായി. ഒരു വിദ്യാലയത്തിലും പോയി അക്കാദമികമായ യോഗ്യതകൾ കൈവരിയ്ക്കാതെ തന്നെ സംഖ്യകളെ മെരുക്കിയെടുത്ത ഗണിതശാസ്ത്രത്തിലെ അത്ഭുതവനിതയായ ശകുന്തളാദേവി ആറാം വയസ്സിൽ മൈസൂർ സർ‌വ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും പ്രദർ‌ശിപ്പിച്ചു. എട്ടാം വയസ്സിൽ തമിഴ്‌നാട്ടിലെ അണ്ണാമല സർ‌വ്വകലാശാലയിലും ഇത് ആവർത്തിച്ചു.

ട്രൂമാൻ ഹെൻട്രി സാഫോർഡിന്റേതുപോലെ കുട്ടിക്കാലത്തു മാത്രം കാണപ്പെട്ട ഒരു കഴിവായിരുന്നില്ല ശകുന്തളാദേവിയ്ക്ക് ഗണിതശാസ്ത്രത്തിൽ ഉണ്ടായിരുന്നത്. 1977-ൽ അമേരിക്കയിലെ ഡള്ളാസിൽ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേർപ്പെട്ട ശകുന്തളാദേവി അമ്പതു സെക്കൻഡിനകമാണ് ഉത്തരം നൽകിയത്. 201 അക്ക സംഖ്യയുടെ 23-ആം വർഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി.[1]

ബാഗ്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെത്തുടർന്ന് 84 - മത്തെ വയസ്സിൽ ഏപ്രിൽ 21, 2013 നു വൈകുന്നേരം ശകുന്തളാദേവി അന്തരിച്ചു.

ഇമ്പീരിയൽ കോളേജിലെ അത്ഭുതം തിരുത്തുക

ഗണിതശാസ്ത്ര വിശാരദന്മാരും പത്രക്കാരും വിദ്യാർത്ഥികളുമടങ്ങിയ ഒരു സംഘം 1980 ജൂൺ 13 നു ലണ്ടനിലെ ഇമ്പീരിയൽ കോളേജിൽ ഒത്തുകൂടി. ശകുന്തളാ ദേവി മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടർ രണ്ടു പതിമൂന്നക്ക സംഖ്യകൾ നിർദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്തുകയായിരുന്നു ശകുന്തളാ ദേവിയുടെ കർത്തവ്യം. ഇരുപത്തിയെട്ടു സെക്കന്റുകൾ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് അവർ എത്തി. 1995 ലെ ഗിന്നസ് ബുക്കിൽ 26-ആം പേജിൽ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.

പുസ്തകങ്ങൾ തിരുത്തുക

  • എവേക്കൻ ദ ജീനിയസ്സ് ഇൻ യുവർ വേൾഡ്
  • ബുക്ക് ഓഫ് നമ്പേഴ്‌സ്
  • ഇൻ ദ വണ്ടർലാൻഡ് ഓഫ് നമ്പേഴ്‌സ്
  • പെർഫക്ട് മർഡർ
  • ആസ്‌ട്രോളജി ഫോർ യു[2]
  • ഫിഗറിങ്: ദ ജോയ് ഓഫ് നമ്പേഴ്‌സ്
  • സൂപ്പർ മെമ്മറി: ഇറ്റ് കേൻ ബി യുവേഴ്‌സ് ആൻഡ്
  • മാത്തബിലിറ്റി : എവേക്കൻ ദ മാത്ത് ജീനിയസ്സ് ഇൻ യുവർ ചൈൽഡ് [3]
  • 'വണ്ടർലാൻഡ് ഓഫ് നമ്പേഴ്‌സ്'
  • പസിൽസ് ടു പസിൽസ് യു
  • മോർ പസിൽസ് ടു പസിൽസ് യു

അവലംബം തിരുത്തുക

  1. "കമ്പ്യൂട്ടറിനെ തോല്‌പിച്ച ശകുന്തളാദേവി അന്തരിച്ചു". മാതൃഭൂമി. 22 ഏപ്രിൽ 2013. Archived from the original on 2013-04-22. Retrieved 22 ഏപ്രിൽ 2013.
  2. http://books.google.com/books?id=eRxOAAAACAAJ&dq=isbn:8122200672
  3. http://www.tribuneindia.com/2003/20030420/spectrum/book7.htm

പുറത്തുനിന്നുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ശകുന്തള_ദേവി&oldid=3971497" എന്ന താളിൽനിന്ന് ശേഖരിച്ചത്