1966-ൽ പ്രസിദ്ധീകൃതമായ മലയാറ്റൂർ രാമകൃഷ്ണന്റെ ആത്മകഥാസ്പർശമുള്ള നോവലാണ് വേരുകൾ. മലയാറ്റൂരിന്റെ ഏറ്റവും മികച്ച കൃതികളിലൊന്നായി വേരുകൾ പരക്കെ വിലയിരുത്തപ്പെടുന്നു. 1967-ലെ കേരള സാഹിത്യ അക്കാദമി അവാർഡിന് ഈ കൃതി അർഹമായി.ദൈന്യത മുറ്റിനിന്ന ജീവിതസാഹചര്യത്തിൽ വളർന്ന്‌, ഐ.എ.എസ്‌ നേടി സൗഭാഗ്യങ്ങളിൽ എത്തിച്ചേർന്ന രഘു, സമ്പന്നന്റെ മകളായ ഗീതയെ വിവാഹം കഴിച്ചതോടെ തന്റെ കീഴടങ്ങലിന്‌ തുടക്കം കുറിച്ചു എന്ന സത്യം വേദനയോടെ മനസ്സിലാക്കുന്നു. നഗരത്തിലെ അന്തസ്സ്‌ നിറഞ്ഞ ജീവിതത്തെ പിൻതളളി, ഗീതയുടെ താല്‌പര്യങ്ങളെ എതിർത്ത്‌ പിതാവിന്റെയും പിതാമഹൻമാരുടെയും ഓർമ്മകൾ പേറിനില്‌ക്കുന്ന ഗ്രാമത്തിലേക്ക്‌, അതിന്റെ വിശുദ്ധിയിലേക്ക്‌ ഏകനായവി മടങ്ങാൻ തീരുമാനിക്കുന്നു. അത്‌ വെറുമൊരു യാത്രയായിരുന്നില്ല. സ്വാതന്ത്ര്യത്തിലേക്കുളളതായിരുന്നു ആ യാത്ര. പാരമ്പര്യങ്ങളിലേക്കും മൂല്യങ്ങളിലേക്കും സ്‌നേഹത്തിലേക്കുമുളള മടക്കയാത്ര.

കഥാതന്തു തിരുത്തുക

കേരളത്തിലുള്ള ഒരു തമിഴ് അയ്യർ കുടുംബത്തിന്റെ കഥയാണ് വേരുകൾ പറയുന്നത്. രഘുവാണ് ഈ കഥയിലെ മുഖ്യകഥാപാത്രം. നഗരത്തിൽ തനിക്കും കുടുംബത്തിനും താമസിക്കാൻ ഒരു വലിയ സൗധം പണിതുയർത്താൻ പണം ശേഖരിക്കുന്നതിനു വേണ്ടി തന്റെ വസ്തുക്കൾ വിൽക്കാൻ രഘു നാട്ടിലേക്ക് പോകുന്നു. തന്റെ ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങിയാണ് പൂർണ്ണമനസ്സോടെയല്ലെങ്കിലും രഘു വസ്തുക്കൾ വിൽക്കാൻ തീരുമാനിക്കുന്നത്. ഇതിനായി രഘു തന്റെ മൂത്ത സഹോദരിയായ അമലുവിന് കത്തെഴുതുന്നുണ്ടെങ്കിലും മറുപടിയൊന്നും തന്നെ ലഭിക്കുന്നില്ല. അങ്ങനെ വളരെ കാലത്തിനുശേഷം രഘു സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകുകയാണ്. അവിടെ രഘുവിനെ കാത്തിരുന്നത് പഴയകാല ഓർമ്മകളിലേക്കുള്ള ഒരു നീണ്ട ചരടാണ്. സഹോദരിമാരായ അമലുവിന്റേയും ലക്ഷിമിയുടേയും വീടുകൾ സന്ദർശിക്കുകയും താമസിക്കുകയും ചെയ്യുന്ന രഘു, പഴയ ആ ഓർമ്മകൾ ഓരോന്നായി തിരിച്ചുകൊണ്ടുവരുന്നുണ്ട്. അവിടെ വച്ച് കാണുന്ന പലരുമായുള്ള ആശയവിനിമയങ്ങൾ രഘുവിന് തന്റെ പൈതൃകത്തെ, അതു പേറുന്ന ആ ഭൂമിയെ വിൽക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കുന്നു. ഒടുവിൽ "മനുഷ്യർക്കും മരങ്ങൾക്കും വേരുകൾ മണ്ണിലാണ്" എന്ന സത്യം മനസ്സിലാക്കിയ അയാൾ പുതിയ തീരുമാനങ്ങളോടെ വീട്ടിലേക്ക് മടങ്ങിപ്പോകുന്നു.

കഥാപാത്രങ്ങൾ തിരുത്തുക

  • രഘു
  • അമ്മുലു – രഘുവിന്റെ മൂത്ത സഹോദരി
  • ലക്ഷ്മി – രഘുവിന്റെ സഹോദരി
  • മണിയൻ അത്തിമ്പാർ – അമ്മുലുവിന്റെ ഭർത്താവ്
  • യജ്ഞേശ്വരയ്യർ (അമ്മാഞ്ചി) – ലക്ഷ്മിയുടെ ഭർത്താവ്
  • വിശ്വനാഥൻ – രഘുവിന്റെ അച്ഛൻ
  • രഘുവിന്റെ അമ്മ
  • ആദിനാരായണസ്വാമി (പാട്ട) – രഘുവിന്റെ മുത്തച്ഛൻ
  • ഗീത – രഘുവിന്റെ ഭാര്യ
  • അജയൻ, സുമ – രഘുവിന്റെ മക്കൾ

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=വേരുകൾ&oldid=3810759" എന്ന താളിൽനിന്ന് ശേഖരിച്ചത്