float
float

പതിനൊന്നുപേർ വീതമുള്ള രണ്ടു ടീമുകൾ കളിക്കുന്ന സംഘകായിക വിനോദമാണു ക്രിക്കറ്റ്. ബാറ്റും ബോളും ഉപയോഗിച്ചുള്ള ഈ കളി ബ്രിട്ടീഷുകാരാണു പ്രചരിപ്പിച്ചത്. അതുകൊണ്ടുതന്നെ കോമൺ‌വെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു പ്രചാരമുള്ളത്.

22 പേരുടെ മത്സരമാണെങ്കിലും ഇത്രയും പേർതന്നെ കളിക്കുന്ന ഇതര കായിക ഇനങ്ങളെ അപേക്ഷിച്ച് ക്രിക്കറ്റ് ജനപ്രീതിയിൽ പിന്നിലാണ്. ഇപ്പോഴും കോമൺ‌വെൽത്ത് രാജ്യങ്ങളിൽ ചിലവയിൽ മാത്രമേ ഈ കായികവിനോദം ആസ്വദിക്കപ്പെടുന്നുള്ളൂ. ക്രിക്കറ്റിന്റെ ജനപ്രീതിക്കു വിഘാതമാകുന്ന ഘടകങ്ങൾ ഒട്ടേറെയുണ്ട്. പ്രധാനമായും ഒരു ദിനത്തിന്റെ പകുതിയോളം മത്സരം നീണ്ടു നിൽക്കുന്നു എന്നതാണ്. ഫുട്ബോളാകട്ടെ ഒന്നര മണിക്കൂറിൽ മത്സരം അവസാനിക്കുന്നു. ഇതര കായിക വിനോദങ്ങളെ അപേക്ഷിച്ച് ക്രിക്കറ്റിന്റെ നിയമങ്ങൾ സങ്കീർണ്ണമാണെന്നു പറയാം. കളിക്കാരുടെ കായികക്ഷമതയേക്കാൾ സാങ്കേതിക മികവിനാണ് ക്രിക്കറ്റിൽ പ്രാധാന്യം. ക്രിക്കറ്റിന്റെ ജന‍പ്രീതിയുയർത്താൻ ട്വന്റി 20 ക്രിക്കറ്റ്‌ പോലുള്ള പരീക്ഷണങ്ങൾ അരങ്ങേറുന്നുണ്ട്.