വരാഹം

മഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ മൂന്നാമത്തെ അവതാരം

മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് വരാഹം. വിഷ്ണുപുരാണം, മഹാഭാരതം, വരാഹപുരാണം തുടങ്ങി പ്രാചീന ഗ്രന്ഥങ്ങളിൽ വരാഹത്തെപ്പറ്റിയുള്ള പരാമർശങ്ങൾ കാണപ്പെടുന്നു. ഹിരണ്യാക്ഷനെ വധിച്ചു ഭൂമിയെ തേറ്റമേൽ പൊങ്ങിച്ച ഭഗവാനാണ് വരാഹം.

വരാഹം
Incarnation of Vishnu as a Boar Sculpture of Varaha from Khajuraho
ദേവനാഗരിवाराह
Affiliationവിഷ്ണുവിന്റെ അവതാരം
ആയുധംതേറ്റ, ചക്രം, ഗദ
ജീവിത പങ്കാളിപൃഥ്വി

വരാഹാവതാരവും മത്സ്യാവതാരം പോലെ തന്നെ പ്രജാപതി (വിശ്വകർമ്മൻ, ബ്രഹ്മാവ്)യിൽ നിന്നും വിഷ്ണുവിലേക്ക് പരിവർത്തനം ചെയ്തതാണ്. ശതപഥബ്രാഹ്മണം, തൈത്തിരീയ സംഹിത, വിഷ്ണുപുരാണം, രാമായണം തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഇത് പ്രദിപാതിക്കുന്നു.

സർവ്വം സലിലമേവാസീത് പൃഥിവീ യത്ര നിർമ്മിതാ

തത: സമഭവദ്ബ്രഹ്മാ സ്വയംഭൂർദൈവതൈ: സഹ

സ വരാഹസ്തതോ ഭൂത്വാ പ്രോജ്ജഹാര വസുന്ധരാം

അസൃജച്ച ജഗദ്സർവ്വം സഹ പുത്രൈ: കൃതാത്മഭി:

(വാൽമീകി രാമായണം,അയോദ്ധ്യാ കാണ്ഡം)[1]

ജലമയമായിത്തന്നെയാണ് എല്ലാം ഇരുന്നിരുന്നത്. അതിൽ ഭൂമി സൃഷ്ടിക്കപ്പെട്ടു. അതിൽപിന്നെ സ്വയംഭൂവായ ബ്രഹ്മദേവൻ ദേവന്മാരോട് കൂടെ ആവിർഭവിച്ചു. പിന്നെ അദ്ദേഹം വരാഹരൂപം സ്വീകരിച്ചു ഭൂമിയെ മുകളിലേക്ക് പൊന്തിച്ചെടുത്തു. അതിനു ശേഷം ആ ബ്രഹ്മാവ് സദ്ഗുണസമ്പന്നന്മാരായ പുത്രന്മാരോടും കൂടി ജഗത്തു മുഴുവനും സൃഷ്ടിച്ചു.

ഭൂമി ലാഭത്തിനും വ്യവസായ പുരോഗതിക്കും വരാഹമൂർത്തി ഭജനം ഉത്തമമായി വിശ്വാസികൾ കരുതുന്നു. പ്രസിദ്ധമായ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിലെ പ്രധാന വഴിപാടും ഭൂമി പൂജയാണ്.

വിശ്വാസം തിരുത്തുക

സാത്വികമായ അഭിവാഞ്ച ഉണ്ടാകുമ്പോൾ സ്വയം കാമക്രോധാദികളാകുന്ന സമുദ്രത്തിലേക്ക് ഇറങ്ങി അവയെ നശിപ്പിച്ച് സ്വന്തം സത്ത്വസ്വരൂപത്തെ ഉയർത്തണം.

വരാഹം ഭൂമിയെ ഉയർത്തുന്നു എന്നു പറയുന്നതും ഇതുകൊണ്ട് തന്നെ. ഭൂമിയെ എപ്പോഴും മൂലാധാരമായി ആണ് പറയുക. അതായത് ഒരു സാധകന്റെ ആദ്യ പടി സ്വന്തം സത്വശുദ്ധിയെ ചളിയിൽ നിന്നു ഉയർത്തുക എന്നത് തന്നെ.

പ്രധാന ക്ഷേത്രങ്ങൾ തിരുത്തുക

  • ശ്രീ ലക്ഷ്‌മി വരാഹമൂർത്തി ക്ഷേത്രം, തിരുവനന്തപുരം (പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം)
  • പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം, പാലക്കാട്‌
  • ചേറായി വരാഹസ്വാമി ക്ഷേത്രം, എറണാകുളം
  • വാരാപ്പുഴ ശ്രീ വരാഹ ക്ഷേത്രം, എറണാകുളം

വരാഹി ദേവി തിരുത്തുക

പഞ്ചുരുളി, പന്നിമുഖി, വാർത്താളി എന്നൊക്കെ അറിയപ്പെടുന്ന ഈ ഭഗവതി വരാഹ ഭഗവാന്റെ ശക്തിയാണ്. സപ്തമാതാക്കളിൽ അഞ്ചാമത്തെ ദേവിയാണ് വരാഹി. പഞ്ചമിയാണ് പ്രധാന ദിവസം. ദേവി പുരാണങ്ങൾ പ്രകാരം വരാഹി ദേവിയാണ് വരാഹമൂർത്തിയായി അവതരിച്ചത്.

ഐതിഹ്യം തിരുത്തുക

 
പശ്ചിമ ബംഗാളിലെ സിയേഴ്‌സോൾ രാജ്ബാരിയുടെ പിച്ചള രഥത്തിൽ വരാഹ അവതാർ

മഹാവിഷ്ണുവിന്റെ വാസസ്ഥലമായ വൈകുണ്ഠത്തിലെ ദ്വാരപാലകന്മാരായിരുന്നു ജയനും, വിജയനും. ഒരിക്കൽ മഹാവിഷ്ണുവിനെ സന്ദർശിക്കുന്നതിനായി, ബ്രഹ്മപുത്രന്മാരും വലിയ വിഷ്ണു ഭക്തൻമാരുമായ സനകാദികൾ എന്നറിയപ്പെടുന്ന ബാലൻമാരായ 4 സന്യാസിമാർ വൈകുണ്ഠത്തിൽ എത്തി. അപ്പോൾ ജയവിജയന്മാർ ഇവരെ അകത്തേക്ക് കയറാൻ അനുവദിക്കാതെ അനാദരിച്ചു. ഇതിൽ കോപം വന്ന സനകാദികൾ ഉടൻതന്നെ അവരിരുവരെയും ദാനവന്മാരായിത്തീരട്ടെയെന്ന് ശപിച്ചു. അവർ തങ്ങൾ ചെയ്ത തെറ്റിൽ പശ്ചാത്തപിച്ച് ക്ഷമ ചോദിക്കുകയും ശാപമോക്ഷം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ക്രോധമടങ്ങിയ സനകാദികൾ അവർക്ക് ശാപമോക്ഷം നൽകി ഇങ്ങനെ പറഞ്ഞു. "അടുത്ത മൂന്നുജന്മം അസുരന്മാരായി ജനിച്ച് , ആ മൂന്ന് ജന്മത്തിലും മഹാവിഷ്ണുവിന്റെ കൈകളാൽ നിഗ്രഹിക്കപ്പെട്ട് അതുവഴി ശാപമോക്ഷം ലഭിക്കട്ടെ". അങ്ങനെ ശാപത്തിന്റെ ഫലമായി അവർ കശ്യപപ്രജാപതിയുടെയും അസുര മാതാവ് ദിതിയുടെയും പുത്രൻമാരായി ജനിച്ചു. അവരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. അങ്ങനെ അസുരന്മാരായി ജനിച്ച ജയവിജയന്മാർ ലോകപീഡ ചെയ്തു നടക്കാൻ തുടങ്ങി. ഒരിക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേക്ക് പലായനം ചെയ്തുവെന്നും, വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ തന്റെ തേറ്റകൾ കൊണ്ട് വധിച്ച് ഭൂലോകത്തെ വീണ്ടെടുത്തു എന്നുമാണ് ഐതിഹ്യം.

അവലംബം തിരുത്തുക

  1. Ayodhya Kanda, Valmiki Ramayana. ആർക്കൈവ് പകർപ്പ്. Archived from the original on 2022-12-25. Retrieved 2023-04-13.
"https://ml.wikipedia.org/w/index.php?title=വരാഹം&oldid=3993914" എന്ന താളിൽനിന്ന് ശേഖരിച്ചത്