സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച് 2020 ഫെബ്രുവരി 7-ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ കുടുംബ ചലച്ചിത്രമാണ് വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപി നായകനായ ഈ ചിത്രം നിർമ്മിച്ചത് ദുൽഖർ സൽമാൻ ആണ്.ശോഭന ആണ് ചിത്രത്തിൽ നായികയായി എത്തിയത്. ശോഭനയുടെ ഏറെ കാലത്തിനു ശേഷം തിരിച്ചു വരുന്ന സിനിമ കൂടി ആണിത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ,ഉർവശി,കെ പി എ സി ലളിത, മേജർ രവി,ലാലു അലക്സ് തുടങ്ങിയവർ ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വലിയൊരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും,ശോഭനയും അഭിനയരംഗത്ത് സജീവമായ ചിത്രം കൂടിയാണിത്.ചെന്നൈ നഗരത്തിലെ ഒരു അപ്പാർട്മെന്റിൽ താമസിക്കുന്ന മൂന്നു മലയാളി കുടുംബങ്ങളുടെ (സുരേഷ് ഗോപി & ശോഭന , ദുൽഖർ സൽമാൻ & കല്യാണി പ്രിയദർശൻ) ജീവിതകഥയാണ് ചിത്രം പറഞ്ഞത്. മുകേഷ് മുരളീധരൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തത് അൽഫോൺസ് ജോസഫാണ്.[1]പ്ലേ ഹൗസ് ഈ ചിത്രം തിയേറ്ററുകളിൽ വിതരണത്തിന് എത്തിച്ചു. പ്രേക്ഷകരിൽ നിന്നും അനുകൂല അഭിപ്രായമാണ് ഈ ചിത്രത്തിന് ലഭിച്ചത്.

വരനെ ആവശ്യമുണ്ട്
സംവിധാനംഅനൂപ് സത്യൻ
നിർമ്മാണംദുൽഖർ സൽമാൻ
രചനഅനൂപ് സത്യൻ
അഭിനേതാക്കൾ
സംഗീതംഅൽഫോൺസ് ജോസഫ്
ഛായാഗ്രഹണംമുകേഷ് മുരളീധരൻ
ചിത്രസംയോജനംടോബി ജോൺ
സ്റ്റുഡിയോ
  • വേഫെറർ ഫിലിംസ്
  • എം സ്റ്റാർ എൻറ്റർടൈമെൻറ്റ്
വിതരണംപ്ലേ ഹൗസ് റിലീസ്
റിലീസിങ് തീയതി
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്4.5 കോടി
സമയദൈർഘ്യം145 മിനിറ്റ്
ആകെ₹28.5 കോടി

ഇംഗ്ലീഷ് സബ്ടൈറ്റിലുകൾക്കൊപ്പം 2020 ഏപ്രിൽ 20-ന് നെറ്റ്ഫ്ലിക്സിലും സൺ എൻ‌എക്സ്ടിയിലും ഈ ചിത്രം റിലീസ് ചെയ്തു.

കഥാസാരം തിരുത്തുക

ചെന്നൈ നഗരത്തിലെ ഒരു അപ്പാർട്മെന്റിൽ താമസിക്കുന്ന മൂന്നു മലയാളി കുടുംബങ്ങളുടെ ജീവിതമാണ് ചിത്രം പറയുന്നത്. വിവാഹമോചിതയായ നീനയും(ശോഭന) മകൾ നികിതയുമാണ്(കല്യാണി പ്രിയദർശൻ) ഒരു കുടുംബം. നീന ഒരു ഫ്രഞ്ച് സ്പോക്കൺ സ്‌കൂളിൽ അധ്യാപികയാണ്. നികിത ഒരു ബാങ്കിൽ ജോലി ചെയ്യുന്നു. നീനയുടെ തകർന്ന പ്രണയവിവാഹജീവിതം കണ്ടു വളർന്നതു കൊണ്ട് നികിതയ്ക്ക് അറേഞ്ച്ഡ്‌ വിവാഹത്തോടാണ് താൽപര്യം. അതിനായി മാട്രിമോണിയൽ വെബ്‌സൈറ്റിൽ തിരയുന്നുമുണ്ട്. ഇവർ താമസിക്കുന്ന അപ്പാർട്മെന്റിലേക്ക് ബിബീഷ്(ദുൽഖർ സൽമാൻ) എന്ന ചെറുപ്പക്കാരനും കുഞ്ഞനിയൻ കാർത്തിക്കും പിന്നെ, ആകാശവാണി (കെ പി എ സി ലളിത) എന്ന് വിളിക്കുന്ന ഇരുവരുടെയും ബന്ധത്തിലുള്ള ഒരു സ്ത്രീയും താമസത്തിനെത്തുന്നു. അതേസമയത്തുതന്നെ പട്ടാളത്തിൽനിന്നു വിരമിച്ച ഒറ്റാന്തടിയായ മേജർ ഉണ്ണികൃഷ്ണനും(സുരേഷ് ഗോപി) അവിടേക്കെത്തുന്നു. ഉണ്ണികൃഷ്ണന് ഒരു പ്രശ്നമുണ്ട്.. സ്ത്രീകളുമായി സംസാരിക്കാനോ ഇടപെടാനോ വളരെയധികം ബുദ്ധിമുട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ വേണ്ടി അദ്ദേഹം ഡോക്ടർ ബോസിന്റെ (ജോണി ആന്റണി) ചികിത്സയ്ക്ക് (കൗൺസിലിംഗ്) വിധേയനാകുന്നുണ്ട്. ചികിത്സയുടെ ഭാഗമെന്നോണം ഡോക്ടർ ഉണ്ണികൃഷ്ണനോട് ഒരു മീനിനെ വാങ്ങിച്ച് വളർത്തുവാൻ നിർദ്ദേശിക്കുന്നു.എന്നാൽ,മേജർ ഒരു വലിയ നായയെ ആണ് വാങ്ങുന്നത്. നായയോടൊപ്പം ഫ്ലാറ്റിൽ താമസിക്കുന്നു. പക്ഷേ,മേജറുടെ സ്വഭാവം തിരിച്ചറിഞ്ഞ നായ അയാളെ കടിക്കുന്നു. അങ്ങനെ ഇരിക്കെ നീനയുമായി മേജർ സൗഹൃദത്തിലാകുന്നു. ആ സൗഹൃദം പതിയെ പ്രണയമായി വളർന്നു. എന്നാൽ,ഈ ബന്ധം നിഖിതയ്ക്ക് ഇഷ്ടമാകുന്നില്ല. അങ്ങനെ രസകരമായ നിമിഷങ്ങളിലൂടെ മുന്നോട്ട് നീങ്ങവേ ചിത്രം പതിയെ ബിബീഷിൻറ്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലുന്നു. അവൻ ചെറിയ കാര്യത്തിന് പോലും അവന്റെ അനിയൻ കാർത്തിയുമായി വഴക്ക് കൂടുന്നത് പതിവാണ്. അവരുടെ പ്രശ്നത്തിന് ഇടയിൽ നിന്ന് നട്ടം തിരിയുന്നത് ആകാശവാണിയാണ്. ഇതിനിടയിൽ ബിബീഷിൻറ്റെ കാമുകി അവനിൽ നിന്ന് അകന്ന് വിദേശത്ത് പോകുന്നു. അതിനിടയിൽ നിഖിതയുമായി സൗഹൃദത്തിലാകുന്ന ബിബീഷ് വളരെ ഇമോഷണലായി തന്റെയും, തന്റെ അനിയന്റെയും, തന്റെ കുടുംബത്തിന്റെയും കഥ നിഖിതയോട് പറയുന്നു.

മേജർ ഉണ്ണികൃഷ്ണൻ സർവീസിൽ ഉണ്ടായിരുന്നപ്പോൾ അദ്ദേഹം ഹിമാലയം കീഴടക്കിയിട്ടുണ്ട്. അത് തിരിച്ചറിഞ്ഞ ഡോക്ടർ ബോസ് അദ്ദേഹത്തെ ഹിമാലയം കീഴടക്കണം എന്ന ലക്ഷ്യത്തോടെ ഇറങ്ങി തിരിച്ച ഒരു കൂട്ടം ചെറുപ്പക്കാരുടെ ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്യാൻ ക്ഷണിക്കുന്നു. അവിടെ വച്ച് മേജർ ഉണ്ണികൃഷ്ണൻ കാണികളോട് പ്രസംഗിക്കുന്നു. തൻറ്റെ അമ്മയോടുള്ള സ്നേഹവും,വാത്സല്യവും,വീടിൻ്റെ മഹത്ത്വവും മറ്റും അദ്ദേഹം തൻ്റെ പ്രസംഗത്തിലൂടെ പ്രകടമാക്കുന്നു. ക്ലൈമാക്സിൽ ബിബീഷും,നിഖിതയും പ്രണയത്തിലാണ് എന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ഈ ചിത്രം അവസാനിക്കുന്നു.

അഭിനേതാക്കൾ തിരുത്തുക

നിർമ്മാണം തിരുത്തുക

ഈ ചിത്രത്തിന്റെ ലൊക്കേഷൻ തിരുവനന്തപുരത്ത് ആയിരുന്നു. മലയാള ചലച്ചിത്ര ലോകത്ത് നിരവധി കുടുംബ ചിത്രങ്ങൾ നൽകിയിട്ടുള്ള സംവിധായകനായ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനും ഇതേ വിഭാഗത്തിലുള്ള ചിത്രവുമായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ചിത്രത്തിൽ നായകനായി എത്തുന്നത് സുരേഷ് ഗോപി ആണ് നീണ്ട ഒരു ഇടവേളക്ക് ശേഷം അദ്ദേഹം സിനിമ രംഗത്ത് തിരിച്ചു വരുന്നു എന്ന പ്രേത്യേകത ഈ ചിത്രത്തിൽ ഉണ്ട്. ദുൽഖർ സൽമാൻ ആണ് ഈ ചിത്രം നിർമിച്ചത്.ശോഭന ആണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്.ദുൽഖർ സൽമാൻ,കല്യാണി പ്രിയദർശൻ,ഉർവശി,ലാലു അലക്സ് തുടങ്ങിയ വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണി നിരക്കുന്നു. നാല് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി മലയാള സിനിമയിൽ അഭിനയിക്കാൻ എത്തുന്നത്. മലയാള സിനിമയുടെ രണ്ടു തലമുറകളുടെ സംഗമം എന്നാണ് ഈ ചിത്രത്തെ ദുൽഖർ സൽമാൻ വിശേഷിപ്പിച്ചത്. ചിത്രം 2020 ഏപ്രിൽ അവസാനത്തോടെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ചിത്രത്തിന്റെ ഷൂട്ടിംഗ് 2019 ഒക്ടോബർ 1 ന് ചെന്നൈയിൽ ആരംഭിച്ചു. 2019 ഒക്ടോബർ 4 ന് സുരേഷ് ഗോപിയുടെ ഭാഗങ്ങൾ ചിത്രീകരിച്ച് തുടങ്ങി. 2019 ഡിസംബർ 21 ന് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഇത് ദുൽഖർ സൽമാൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു.

റിലീസ് തിരുത്തുക

ചിത്രത്തിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ 2020 ജനുവരി 1ന് പുറത്ത് വന്നു.ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ഈ പോസ്റ്റർ റിലീസ് ചെയ്തത്. പോസ്റ്ററിനോടൊപ്പമാണ് ചിത്രത്തിന്റെ പേരും (വരനെ ആവശ്യമുണ്ട്) അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. ഒരു പത്രത്തിലെ വൈവാഹിത പരസ്യങ്ങളുടെ പേജിന്റെ മാതൃക പശ്ചാത്തലമാക്കി രസകരമായി പോസ്റ്റർ ഡിസൈൻ ചെയ്തത് ഓൾഡ് മങ്ക്‌സാണ്.

ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ 2020 ജനുവരി 27-ന് റിലീസ് ചെയ്തു. 2020 ഫെബ്രുവരി 1-ന് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. രസകരമായ നിരവധി വിഷ്വലുകൾ ഉൾപ്പെടുത്തിയ ട്രെയിലർ എല്ലാ വിഭാഗക്കാരായ പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്നതായിരുന്നു.

ബോക്സ് ഓഫീസ് തിരുത്തുക

പ്രേക്ഷകരിൽ നിന്നും അനുകൂല പ്രതികരണം ലഭിച്ച ഈ ചിത്രത്തിന് ആദ്യ ദിവസം തന്നെ 1.05 കോടി കളക്ഷൻ ലഭിച്ചു. റിലീസ് ചെയ്ത പത്താം ദിവസം കേരളത്തിൽ നിന്ന് തന്നെ 10.08 കോടി സ്വരൂപിക്കാൻ കഴിഞ്ഞു. ലോകമെമ്പാടും, 10 ദിവസത്തിനുള്ളിൽ ചിത്രം 18.50 കോടി നേടി. വളരെ താമസിക്കാതെ തന്നെ ഈ ചിത്രം 25 കോടി ക്ലബ്ബിൽ ഇടം നേടി.

വിവാദം തിരുത്തുക

ഈ ‍ചിത്രത്തിൽ നടൻ സുരേഷ് ഗോപിയുടെ കഥാപാത്രം തന്റെ വളർത്ത് നായയ്ക്ക് പ്രഭാകരൻ എന്ന പേര് നൽകിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ചിത്രത്തിലെ പരാമർശനം എൽടിടിഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരനെ അധിക്ഷേപിക്കുന്നതാണെന്നായിരുന്നു ആക്ഷേപം ഉയർന്നത്. പ്രഭാകര എന്ന വിളി നാടോടിക്കാറ്റ് എന്ന സിനിമയിലെ തമാശ രംഗത്തിൽ നിന്നും കടമെടുത്തതാണെന്നും, ആരേയും ബോധപൂർവ്വം അധിക്ഷേപിക്കാൻ ഉദ്ദേശിച്ചില്ലെന്നും പ്രഭാകരൻ എന്നത് കേരളത്തിൽ സാധാരണ ഉപയോഗിക്കുന്ന പേരാണെന്നും ദുൽഖർ സൽമാൻ ട്വീറ്ററിൽ വ്യക്തമാക്കിയിരുന്നു.

ചിത്രത്തിൽ ഒരു തമിഴ് ബ്രാഹ്മണൻ ബീഫ് ആവശ്യപ്പെടുന്ന രംഗവും വിവാദത്തിന് ശക്തി കൂട്ടി. ഈ രംഗം മതവികാരം വ്രണപ്പെടുത്തുന്നു എന്ന് പറഞ്ഞാണ് നിരവധി പേർ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട ആരോപണം ഉയർന്നത്. സിനിമയിലെ ദുൽഖർ സൽമ്മാന്റെ അയൽക്കാരായ ബ്രാഹ്മണ കുടുംബത്തിലെ കഥാപാത്രമാണ് ബീഫ് ചോദിക്കുന്നത്. [2]

സംഗീതം തിരുത്തുക

അൽഫോൺസ് ജോസഫാണ് ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചത്. കെ എസ് ചിത്ര,ശ്വേത മോഹൻ,ഹരിചരൺ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.

വരനെ ആവശ്യമുണ്ട്
# ഗാനംSinger(s) ദൈർഘ്യം
1. "നീ വാ ആറുമുഖാ"  കെ എസ് ചിത്ര, കാർത്തിക്  
2. "മുല്ലപ്പൂവേ"  ഹരിചരൺ,അൽഫോൺസ് ജോസഫ്  
3. "മുത്തുന്നേ കണ്ണുകളിൽ"  ശ്വേത മോഹൻ,ശ്വേത സോമസുന്ദരം  
4. "മതി കണ്ണാ ഉള്ളത് ചൊല്ലാൻ"  അൽഫോൺസ് ജോസഫ്,ഷെർഡിൻ, ഷെൽട്ടൺ  
5. "കുട്ടിക്കുറുമ്പാ"  കെ എസ് ചിത്ര  

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=വരനെ_ആവശ്യമുണ്ട്&oldid=4021232" എന്ന താളിൽനിന്ന് ശേഖരിച്ചത്