വധശിക്ഷ നിയമം മൂലം നിർത്തലാക്കപ്പെട്ട രാജ്യമാണ് സെർബിയ. 1804-ൽ സെർബിയയുടെ രൂപീകരണം മുതൽ ഇവിടെ വധശിക്ഷ ഉപയോഗത്തിലുണ്ടായിരുന്നു. 2002 ഫെബ്രുവരി 26-ന് സെർബിയൻ പാർലമെന്റ് വധശിക്ഷ നിർത്തലാക്കാനുള്ള വ്യവസ്ഥകൾ ക്രിമിനൽ കോഡിൽ ചേർക്കുകയുണ്ടായി. 1992 ഫെബ്രുവരി 14-നാണ് അവസാന വധശിക്ഷ നടപ്പിലാക്കിയത്. വെടിവച്ചായിരുന്നു ശിക്ഷ നടപ്പിലാക്കുന്നത്. 2001 ലായിരുന്നു അവസാന വധശിക്ഷകൾ വിധിക്കപ്പെട്ടത്. സിവിലും രാഷ്ട്രീയവുമായ അവകാശങ്ങളുടെ അന്താരാഷ്ട്ര കൺവെൻഷന്റെ രണ്ടാം ഓപ്ഷണൽ പ്രോട്ടോക്കോൾ (2001 സെപ്റ്റംബർ 6), മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കൺവെൻഷന്റെ പതിമൂന്നാം പ്രോട്ടോക്കോൾ, No. 6, No. 13 (2004 മാർച്ച് 3) എന്നിവ വധശിക്ഷ നിർത്തലാക്കുന്നതു സംബന്ധിച്ച് സെർബിയ ഉൾപ്പെട്ട അന്താരാഷ്ട്ര ഉടമ്പടികളാണ്. സെർബിയ ഭരണഘടനയുടെ ആർട്ടിക്കിൾ 24 പ്രകാരം Constitution (2007): മനുഷ്യജീവൻ അമൂല്യമാണ്. അതിനാൽ റിപ്പബ്ലിക്ക് ഓഫ് സെർബിയയിൽ വധശിക്ഷ ഉണ്ടാവില്ല” എന്ന് വ്യവസ്ഥ ചെയ്യുന്നു.

ചരിത്രം തിരുത്തുക

സെർബിയ, 1804-1914 തിരുത്തുക

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കൊലപാതകം, മോഷണം, രാഷ്ട്രീയക്കുറ്റങ്ങൾ, ശിശുഹത്യ, വിവാഹേതര ലൈംഗിക ബന്ധങ്ങൾ എന്നീ കുറ്റങ്ങൾക്കൊക്കെ വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്തിരുന്നു.

1858 വരെ വെടിവച്ചുകൊല്ലൽ, തൂക്കിക്കൊല്ലൽ, ബ്രേക്കിംഗ് ഓൺ ദി വീൽ, ലീഗൽ ഗൗണ്ട്ലറ്റ് (വടിയേന്തി നി‌ൽക്കുന്ന രണ്ടുവരി ആൾക്കാർക്കിടയിലൂടെ കുറ്റവാളിയെ ഓടിക്കുകയും അവർ അയാളെ അടിക്കുകയും ചെയ്യുക), ശിരഛേദം, ശൂലത്തിലേറ്റൽ എന്നീ രീതികൾ വധശിക്ഷയ്ക്കുപയോഗിച്ചിരുന്നു. 1842 വരെ കൊലപാതകികളെ ഏതുമാർഗ്ഗത്തിലാണോ അവർ കൊല നടത്തിയത്, ആ രീതിയിൽ കൊല്ലുന്ന രീതിയും നിലവിലുണ്ടായിരുന്നു. പൂർണ്ണമായി ചീഞ്ഞുപോകും വരെ ശവശരീരങ്ങൾ ചക്രങ്ങളിൽ പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുകയും ചെയ്യുമായിരുന്നു. 1858-ൽ വധശിക്ഷ നടപ്പാക്കാനുള്ള ഏക മാർഗ്ഗമായി വെടിവയ്പ്പിനെ തിരഞ്ഞെടുത്തു. ശവശരീരങ്ങൾ പ്രദർശിപ്പിക്കുന്ന രീതി നിർത്തലാക്കപ്പെട്ടു.[1]

1860-ലെ ആദ്യ സെർബിയൻ പീനൽ കോഡ് പ്രകാരം വധശിക്ഷകൾ പൊതുസ്ഥലത്തുവച്ച് വെടിവച്ചായിരിക്കണം നടപ്പാക്കേണ്ടിയിരുന്നത്. കുറ്റവാളിയുടെ ശരീരം ഉടൻ തന്നെ മറവു ചെയ്യുകയും ചെയ്യണമായിരുന്നു. മരണത്തിലേയ്ക്ക് നയിക്കുന്ന മോഷണം, കൊലപാതകം, രാജ്യദ്രോഹം എന്നിവ തുടങ്ങി ആറു കുറ്റങ്ങ‌ൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ടായിരുന്നു. [2] 1863-ൽ മോഷണത്തിനുള്ള വധശിക്ഷ വീണ്ടും കൊണ്ടുവരപ്പെട്ടു. [3] 1902-ൽ വീണ്ടും മോഷണത്തിന് വധശിക്ഷ നൽകുന്നത് നിർത്തലാക്കപ്പെട്ടു. 1905-ൽ ബെൽഗ്രേഡിൽ വധശിക്ഷകൾ പരസ്യമായി നടപ്പിലാക്കുന്നത് നിർത്തലാക്കപ്പെട്ടു. രാജ്യത്തെ മറ്റു പട്ടണങ്ങളിൽ ആയിരക്കണക്കിന് ആൾക്കാർ വധശിക്ഷ കാണുവാൻ കൂടുമായിരുന്നു. [4]

1889 മുതൽ കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ സൂക്ഷിക്കാൻ തുടങ്ങി. അതിനു മുൻപ് ചില വർഷങ്ങളിലെ വധശിക്ഷകളുടെ കണക്കേ ലഭ്യമായുള്ളൂ. 1844-ൽ 62 ആൾക്കാരെ വധശിക്ഷ നൽകാൻ വിധിക്കുകയും ഇതിൽ 50 ശിക്ഷകൾ നടപ്പാക്കുകയും ചെയ്തു. 1857 – 87 (10), 1868 – 64 (36), 1887 – 34 (23) എന്നിങ്ങനെയായിരുന്നു കണക്കുകൾ. 1883-ൽ സർക്കാരിനെതിരായി കലാപമുണ്ടായ വർഷമായിരുന്നു. 117 ആൾക്കാരെ വധശിക്ഷയ്ക്ക് വിധിക്കുകയും ഇതിൽ 47 ശിക്ഷകൾ നടപ്പാക്കുകയുമുണ്ടായി. ഔദ്യോഗിക കണക്കുകൾ പ്രകാരം 1889 മുതൽ 1914 വരെ 600 മരണശിക്ഷാവിധികൾ പുറപ്പെടുവിക്കപ്പെട്ടു. ഇതിൽ 344 ശിക്ഷകൾ നടപ്പിലാക്കപ്പെട്ടു.

യൂഗോസ്ലാവ്യ 1918–1941 തിരുത്തുക

1918-ൽ യൂഗോസ്ലാവ്യ രൂപീകരിച്ചപ്പോൾ രാജ്യത്ത് വിവിധ നിയമവ്യവസ്ഥകൾ നിലവിലുണ്ടായിരുന്നു. ബോസ്നിയ ഹെർസെഗോവിന, ക്രോയേഷ്യ, സ്ലോവേനിയ, വോജ്വോഡിന എന്നീ സ്ഥലങ്ങളിൽ രഹസ്യസ്ഥലത്തുവച്ച് തൂക്കിലേറ്റിയായിരുന്നു വധശിക്ഷ നടപ്പാക്കിയിരുന്നത്. സെർബിയ, കോസോവോ, മോണ്ടെനെഗ്രോ, മാസെഡോണിയ എന്നിവിടങ്ങളിൽ പരസ്യമായി വെടിവച്ചുകൊല്ലുകയായിരുന്നു ചെയ്തിരുന്നത്. 1929-ൽ രാജ്യം മുഴുവനും ഒരു പീനൽ കോഡ് നിലവിൽ വന്നപ്പോൾ തൂക്കിലേറ്റിയുള്ള വധശിക്ഷ പൊതുവായ ശിക്ഷാരീതിയായി സ്വീകരിച്ചു. സൈനികക്കോടതികളിലെ ശിക്ഷ മാത്രമായിരുന്നു ഇതിനൊരപവാദം. വെടിവച്ചുകൊല്ലുകയായിരുന്നു ഇവിടത്തെ ശിക്ഷാരീതി.[5] മരണകാരണമാകുന്ന മോഷണവും കൊലപാതകവുമായിരുന്നു സാധാരണഗതിയിൽ വധശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾ. തീവ്രവാദപ്രവർത്തനങ്ങൾക്കും വധശിക്ഷ നൽകിയിരുന്നു.

ഔദ്യോഗിക കണക്കുകൾ പ്രകാരം സെർബിയയിൽ 1920 മുതൽ 1940 വരെ 459 മരണശിക്ഷാവിധികൾ പുറപ്പെടുവിക്കപ്പെട്ടു. ഇതിൽ 232 ശിക്ഷകൾ നടപ്പിലാക്കപ്പെട്ടു. ഈ സമയത്ത് യൂഗോസ്ലാവ്യയിൽ മുഴുവൻ 904 മരണശിക്ഷാവിധികൾ പുറപ്പെടുവിക്കപ്പെട്ടു. ഇതിൽ 291 ശിക്ഷകൾ നടപ്പിലാക്കപ്പെടുകയുമുണ്ടായി. [6]

സർക്കാർ ആരാച്ചാർമാരായിരുന്നു തൂക്കിക്കൊല്ലൽ നടപ്പിലാക്കിയിരുന്നത്. അലോയ്സ് സേയ്ഫ്രൈഡ് (1918-1922), ഫ്ലോറിയൻ മൗസ്നർ (1922-1928) കാർലോ ഡ്രൗഗ്യൂടിൻ ഹാർട്ട് (1928-1941) എന്നിവരായിരുന്നു ഈ സമയത്തുള്ള ആരാച്ചാർമാർ.

യൂഗോസ്ലാവ്യ, 1945–1991 തിരുത്തുക

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ആദ്യവർഷങ്ങളിൽ യുദ്ധക്കുറ്റവാളികൾക്കും ശത്രുവിനോട് യോജിച്ചുപ്രവർത്തിച്ചവർക്കും "ജനങ്ങളുടെ ശത്രുക്കൾ"ക്കുമെതിരേ (കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ എതിരാളികൾ) നിത്യേന ധാരാളം വധശിക്ഷാവിധികൾ പുറപ്പെടുവിക്കപ്പെടുമായിരുന്നു. 1951 വരെ 10,000 വധശിക്ഷകൾ പുറപ്പെടുവിക്കപ്പെട്ടിട്ടുണ്ട് എന്ന് കരുതപ്പെടുന്നു. ഇതിൽ ഭൂരിപക്ഷത്തെയും വധിക്കുകയുമുണ്ടായി. സെർബിയയിൽ ഈ സമയത്ത് ആയിരക്കണക്കിനാൾക്കാരെ വധശിക്ഷയ്ക്ക് വിധിക്കുകയും വധിക്കുകയും ചെയ്തിട്ടുണ്ട്. സർക്കാർ മുതൽ മോഷ്ടിക്കുക, രാഷ്ട്രീയക്കുറ്റങ്ങൾ, കൊലപാതകം, മോഷണം എന്നിവയും വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു. 1959-കളായപ്പോഴേക്കും വധശിക്ഷ തൂക്കിക്കൊല്ലലിലൂടെയോ വെടിവയ്പ്പിലൂടെയോ ആയിരുന്നു നടപ്പാക്കിയിരുന്നത്. കോടതിയായിരുന്നു ഏത് രീതി വേണമെന്ന് തീരുമാനിച്ചിരുന്നത്. യുദ്ധത്തിനുശേഷമുള്ള ആദ്യ വർഷങ്ങളിൽ പ്രധാന കുറ്റവാളികളൂടെ ശിക്ഷ പൊതു സ്ഥലത്തുവച്ചായിരുന്നു നടത്തിയിരുന്നത്. 1950-നു ശേഷം വധശിക്ഷകളുടെ എണ്ണം പൊടുന്നനെ കുറഞ്ഞു. 1950-നും 1958-നും ഇടയിൽ യൂഗോസ്ലാവ്യയിൽ 229 വധശിക്ഷാവിധികളുണ്ടായപ്പോൾ സെർബിയയിൽ ഇത് 122 ആയിരുന്നു.

1959-ലെ പരിഷ്കാരങ്ങൾ അത്ര കർശനമല്ലാത്ത ഒരു നിയമവ്യവസ്ഥ വരുവാൻ കാരണമായി. വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ കുറയുകയും മോഷണത്തിനും വസ്തുക്കൾക്ക് നാശനഷ്ടമുണ്ടാക്കുന്നതിനും മറ്റും വധശിക്ഷ നൽകുന്നത് നിർത്തലാക്കുകയും ചെയ്തു. തൂക്കിക്കൊല്ലൽ നിർത്തലാക്കപ്പെട്ടു. വധശിക്ഷ നൽകാനുള്ള ഏക മാർഗ്ഗം വെടിവച്ചുകൊല്ലലായിരുന്നു. എട്ട് പോലീസുകാർ ചേർന്നായിരുന്നു ഇത് നടപ്പിലാക്കിയിരുന്നത്. ഇതിൽ പകുതിപ്പേർക്കേ യധാർത്ഥ വെടിയുണ്ടയുള്ള തോക്കുകൾ ന‌ൽകപ്പെട്ടിരുന്നുള്ളൂ. പരസ്യമായി വധശിക്ഷ നടപ്പിലാക്കരുത് എന്ന് വ്യവസ്ഥയുണ്ടായിരുന്നു. 1959 മുതൽ 1991 വരെ യൂഗോസ്ലാവ്യയിൽ വർഷം രണ്ടോ മൂന്നോ വധശിക്ഷയായിരുന്നു നടപ്പാക്കപ്പെട്ടിരുന്നത്. ഈ സമയത്ത് സെർബിയയിൽ വർഷം രണ്ടോളം വധശിക്ഷകൾ നടക്കുമായിരുന്നു. യൂഗോസ്ലാവ്യയിലെ വധശിക്ഷകളിൽ 70% സെർബിയയിലെ കോടതികളായിരുന്നു വിധിച്ചിരുന്നത്[7].

1991-നു ശേഷം തിരുത്തുക

1992 ഏപ്രിൽ മുതൽ സെർബിയയും മോണ്ടിനെഗ്രോയും ചേർന്ന ഒരു ഫെഡറൽ രാജ്യം (ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് യൂഗോസ്ലാവ്യ) നിലവിൽ വന്നു. 1991 മുതൽ 2002 വരെ മോണ്ടിനെഗ്രോയിലെ കോടതികൾ 19 വധശിക്ഷകൾ വിധിക്കുകയുണ്ടായി. ഇതിൽ ഒരു ശിക്ഷയും നടപ്പാക്കപ്പെട്ടില്ല. 1992 ഫെബ്രുവരി 14-ന് ജോഹാൻ ഡ്രോസ്ഡെക് എന്നയാളെ വധിക്കുകയുണ്ടായി. ആറുവയസ്സുള്ള ഒരു പെൺ കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നു എന്നായിരുന്നു ഇയാളുടെ കുറ്റം.

വധശിക്ഷ നിർത്തലാക്കൽ തിരുത്തുക

ആദ്യകാല ശ്രമങ്ങൾ തിരുത്തുക

1826-ൽ കവിയായ സിമാ മിലൂടിനോവിക് സാറാജ്ലിജ (1791–1847) രാജകുമാരനായ മിലോസ് ഓബ്രെനോവിക്കിന് വധശിക്ഷ നിർത്തലാക്കണം എന്നുപദേശിച്ചുകൊണ്ട് കത്തയക്കുകയുണ്ടായി. രാജകുമാരൻ ഈ കത്ത് സ്വീകരിക്കുകയുണ്ടായില്ല. ഈ ശ്രമം ഫലവത്തായില്ല. [8]

1858-ൽ പീനൽ കോഡ് രൂപീകരിച്ചുകൊണ്ടിരുന്നപ്പോൾ നിയമ പ്രഫസറും നിയമപാലകനുമായ ജോവാൻ ഫിലിപോവിക് (1819–1876) വധശിക്ഷ നിർത്തലാക്കണം എന്ന നിർദ്ദേശം മുന്നോട്ടുവച്ചു. നിലവിലുള്ള സെർബിയൻ ഭരണഘടന അനുസരിച്ച് ഇത് അനുവദനീയമല്ല എന്നായിരുന്നു അദ്ദേഹം വാദിച്ചത്. ഈ നിർദ്ദേശം നിയമത്തിന്റെ കരടുണ്ടാക്കിക്കൊണ്ടിരുന്ന കമ്മറ്റി ഭൂരിപക്ഷ വോട്ടിന് തള്ളീക്ക‌ളഞ്ഞു. [9]

1881 ജനുവരിയിൽ പീപ്പിൾസ് റാഡിക്കൽ പാർട്ടി പ്രതിനിധികൾ വധശിക്ഷ നിർത്തലാക്കാനുള്ള രണ്ട് പ്രമേയങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചു. ഈ രണ്ടു നിർദ്ദേശങ്ങളും ഭൂരിപക്ഷ വോട്ടിൽ ത‌‌ള്ളിക്കളയപ്പെട്ടു. രാഷ്ട്രീയക്കുറ്റങ്ങൾക്ക് വധശിക്ഷ ഒഴിവാക്കാനുള്ള ഒരു പ്രമേയം 1887-ൽ അവതരിപ്പിക്കപ്പെട്ടെങ്കിലും അതും തള്ളീക്കളയപ്പെട്ടു. [10]

1888-ൽ കരട് ഭരണഘടന രൂപീകരിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി വധശിക്ഷ നിർത്തലാക്കുന്നതു സംബന്ധിച്ച് ചർച്ച നടത്തിയെങ്കിലും നിർദ്ദേശം തള്ളിക്കളയപ്പെട്ടു. 1906-ൽ പാർലമെന്റിൽ മറ്റൊരു ചർച്ച നടന്നു. ഇതിന്റെയും ഫലം ആദ്യത്തേതു തന്നെയായിരുന്നു. നിയമമന്ത്രിയായിരുന്ന മിലിയെങ്കോ വെസ്നിക് എന്നയാളും വധശിക്ഷയ്ക്കെതിരേ സംസാരിച്ചിരുന്നു. 1921-ൽ നടന്ന ഭരണഘടനാ രൂപീകരണ ചർച്ചകളിൽ കമ്യൂണിസ്റ്റ് പാർട്ടികളും റിപ്പബ്ലിക്കൻ പാർട്ടിയും സ്ലോവേനിയ, ക്രോയേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പാർട്ടികളൂം വധശിക്ഷ നിർത്തലാക്കണമെന്ന് വാദിച്ചുവെങ്കിലും ഭൂരിപക്ഷാഭിപ്രായമനുസരിച്ച് വധശിക്ഷ തുടരാൻ തീരുമാനമെടുക്കപ്പെട്ടു.

1926-ൽ സ്ത്രീ സംഘടനകളുടെ കൂട്ടായ്മ വധശിക്ഷ ഒഴിവാക്കണം എന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയുണ്ടായി. 1963-ൽ പ്രാക്സിസ് ജേണലിനു ചുറ്റും കൂടിയ മാർക്സിസ്റ്റ് പണ്ഠിതന്മാർ വധശിക്ഷ നിർത്തലാക്കണം എന്ന് ആവശ്യപ്പെട്ടു. 1980-ൽ ബെൽഗ്രേഡിലെ ഒരു അഭിഭാഷകനായിരുന്ന സ്ർഡ പോപോവിക് ഭരണകൂടത്തിന് വധശിക്ഷ ഒഴിവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പെറ്റീഷൻ നൽകി. 1981-ൽ ബെൽഗ്രേഡിൽ വധശിക്ഷ ഒഴിവാക്കണം എന്നാവശ്യപ്പെടുന്ന ഒരു സൊസൈറ്റി രൂപീകരിക്കപ്പെട്ടു. ആയിരത്തിലധികം യൂഗോസ്ലാവ്യക്കാർ ഈ ആവശ്യമുന്നയിച്ച് ഒരു പെറ്റീഷൻ ഒപ്പുവച്ച് ഫെഡറൽ പാർലമെന്റിനു നൽകി.

ഭാഗികമായ നിർത്തലാക്കൽ, 1992 തിരുത്തുക

ഫെഡറൽ കുറ്റങ്ങൾക്ക് (വംശഹത്യ, യുദ്ധക്കുറ്റങ്ങൾ, രാഷ്ട്രീയവും സൈനികവുമായ കുറ്റങ്ങൾ) എന്നിവയ്ക്ക് വധശിക്ഷ നൽകേണ്ടതില്ല എന്ന് 1992 ഏപ്രിൽ 25-ന് പാസായ ഭരണഘടന വ്യവസ്ഥ ചെയ്തു. കൊലപാതകം, മോഷണം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ പക്ഷേ വ്യവസ്ഥയുണ്ടായിരുന്നു. മോണ്ടിനെഗ്രോയിലെ അംഗങ്ങൾ വധശിക്ഷ നിർത്തലാക്കണം എന്ന അഭിപ്രായം മുന്നോട്ടുവച്ചിരുന്നു.

2002-ലെ നിർത്തലാക്കൽ തിരുത്തുക

2002 ജൂൺ 19-ന് സെർബിയൻ പാർലമെന്റ് നിയമപരിഷ്കരണത്തിലൂടെ വധശിക്ഷയെപ്പറ്റിയുള്ള എല്ലാ പരാമർശവും പീനൽ കോഡിൽ നിന്ന് ഒഴിവാക്കി. യൂറോപ്യൻ കൗൺസിലിൽ ചേരാനുള്ള താൽപ്പര്യമായിരുന്നു ഈ തീരുമാനത്തിന് കാരണം.

പൊതുജനാഭിപ്രായം തിരുത്തുക

2001-ൽ ശിശിരകാലത്ത് വധശിക്ഷ നിർത്തലാക്കുന്നതിനെപ്പറ്റിയുള്ള അഭിപ്രായമറിയാൻ 926 പൗരന്മാർക്കിടയിൽ വോട്ടെടുപ്പ് നടത്തി. 43% വധശിക്ഷ വേണ്ടെന്നും 43% വേണമെന്നുമായിരുന്നു അഭിപ്രായപ്പെട്ടത്. 14% ആൾക്കാർ തീരുമാനമെടുത്തിരുന്നില്ല.[11] 2007-ൽ നടന്ന പഠനവും പൊതുജനാഭിപ്രായം അതുതന്നെ എന്ന് കാണിക്കുന്നു.

വർഷം വധശിക്ഷയ്ക്കെതിര് (%) വധശിക്ഷയ്ക്കനുകൂലം (%)
2002 50 50
2007 56 44
2008 48 52
2009 52 48
2010 47 53
2011 53 47
2012 49 51

സെർബിയയിലെ അഭിപ്രായവോട്ടെടുപ്പു ഫലം, 2002, 2007–2012 (തീരുമാനമെടുക്കാത്തവരെ ഒഴിവാക്കിയിട്ടുണ്ട്)

എല്ലാ ഫലങ്ങളെയും ഒരുമിച്ചു കൂട്ടിയാൽ വധശിക്ഷയ്ക്കനുകൂലമായി ഒരുശതമാനത്തിന്റെ ഭൂരിപക്ഷമുള്ളതായി കാണാം. [12]

അവലംബം തിരുത്തുക

  1. Živanović, Toma (1967). Zakonski izvori krivičnog prava Srbije od 1804. do 1865 [Statutory sources of Serbia’s criminal law from 1804 to 1865]. Belgrade. pp. 431–439.{{cite book}}: CS1 maint: location missing publisher (link)
  2. "Kaznitelni zakonik za Knjažestvo Srbiju, 1860 [Penal Code for the Princedom of Serbia, 1860]" (PDF). Archived from the original (PDF) on 2016-03-04. Retrieved 14 September 2012.
  3. "Izmene Kaznitelnog zakonika, 1863 [Amendments to the Penal Code, 1863], Art. 223" (PDF). Retrieved 14 September 2012.
  4. Janković, Ivan (2012). Na belom hlebu: Smrtna kazna u Srbiji, 1804–2002 [On white bread diet: The death penalty in Serbia 1804-2002]. Belgrade. pp. 244–247. ISBN 978-86-519-1232-3.{{cite book}}: CS1 maint: location missing publisher (link)
  5. Janković, Ivan (2012). Na belom hlebu: Smrtna kazna u Srbiji, 1804–2002 [On white bread diet: The death penalty in Serbia 1804-2002]. Belgrade. Ch.8-10
  6. Statistički godišnjaci Kraljevine SHS / Jugoslavije [Statistical Yearbooks of the Kingdom SHS / Yugoslavia]. Belgrade. 1921–1941.{{cite book}}: CS1 maint: date format (link) CS1 maint: location missing publisher (link)
  7. Janković, Ivan (2012). Na belom hlebu: Smrtna kazna u Srbiji, 1804–2002 [On white bread diet: The death penalty in Serbia 1804-2002]. pp. Ch. 13–14.
  8. Karadžić, Vuk (1969). Sabrana dela [Collected Works], XXII. Belgrade. pp. 227–233.{{cite book}}: CS1 maint: location missing publisher (link)
  9. Janković, Ivan (2012). Na belom hlebu: Smrtna kazna u Srbiji, 1804–2002 [On white bread diet: The death penalty in Serbia 1804-2002]. Belgrade. pp. 122–123.{{cite book}}: CS1 maint: location missing publisher (link)
  10. Janković, Ivan (2012). Na belom hlebu: Smrtna kazna u Srbiji, 1804–2002 [On white bread diet: The death penalty in Serbia 1804-2002]. Belgrade. pp. 172–177.{{cite book}}: CS1 maint: location missing publisher (link)
  11. Nikolić, Borko (2002). Preživela kazna [An Obsolete Punishment]. Belgrade. p. 14. ISBN 86-7202-051-0.{{cite book}}: CS1 maint: location missing publisher (link)
  12. "Opinion Poll Reports". Archived from the original on 2021-02-09. Retrieved 17 November 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

  • www.deathpenalty.rs സെർബിയ എഗൈൻസ്റ്റ് കാപിറ്റൽ പണിഷ്മെന്റ്
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_സെർബിയയിൽ&oldid=3938036" എന്ന താളിൽനിന്ന് ശേഖരിച്ചത്