മൂന്ന് തീർത്ഥാടകപ്പെരുന്നാളുകൾ

യഹൂദമതത്തിലെ പ്രധാന പെരുന്നാളുകളായ പെസഹ, ഷാവൂത്ത്, സുക്കോത്ത് എന്നിവ തീർത്ഥാടകപ്പെരുന്നാളുകൾ (Pilgrimage Festivals) എന്ന പേരിൽ അറിയപ്പെടുന്നു. എവിടെ പാർക്കുന്ന യഹൂദനും ഈ പെരുന്നാളുകൾക്ക് യെറുശലേം ദേവാലയത്തിൽ സംബന്ധിക്കണമെന്നാണ് തോറ അനുശാസിക്കുന്നത്. അതിനാൽ പുരാതന ഇസ്രായേലിന്റെയും യഹൂദ്യയുടെയും വിവിധ ഭാഗങ്ങളിൽ വസിച്ചിരുന്ന യഹൂദർ ഈ പെരുന്നാളുകളോടനുബന്ധിച്ച് യെറുശലേമിലേക്ക് തീർത്ഥയാത്ര നടത്തിയിരുന്നു.

രണ്ടാം യെറുശലേം ദേവാലയത്തിന്റെ തകർച്ച മുതൽ മൂന്നാം ദേവാലയം നിർമ്മിക്കപ്പെടുന്നതു വരെ തീർത്ഥാടനം നിർബന്ധിതമല്ലായിരുന്നു. ദേശവ്യാപകമായ രീതിയിലുള്ള തീർത്ഥാടനങ്ങൾ നടന്നിരുന്നുമില്ല. സിനഗോഗുകളിലെ ആരാധനകളിൽ തോറാ ചുരുളുകളിൽ നിന്നും ഈ പെരുന്നാളുകളുമായി ബന്ധപ്പെട്ട വേദഭാഗങ്ങൾ ഉറക്കെ വായിക്കുന്ന പതിവുണ്ടായിരുന്നു. ആധുനിക ഇസ്രായേലിൽ യെറുശലേമിലും സമീപ പ്രദേശങ്ങളിലുമുള്ള ധാരാളം യഹൂദർ ഈ പെരുന്നാൾ ദിനങ്ങളിൽ വിലാപമതിലിനരികിൽ തങ്ങളുടെ പ്രാർത്ഥനകൾ അർപ്പിക്കുവാനും അതുവഴി പഴയകാല തീർത്ഥാടന ചടങ്ങുകൾ ഒരു ചെറിയ അളവിലെങ്കിലും ആചരിക്കുവാനും ഉത്സാഹിക്കാറുണ്ട്.

എബ്രായ ബൈബിളിലെ പരാമർശങ്ങൾ തിരുത്തുക

  • പുറപ്പാട് പുസ്തകം:"സംവത്സരത്തിൽ മൂന്നു പ്രാവശ്യം എനിക്കു ഉത്സവം ആചരിക്കേണം. പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും (പെസഹാ) ... ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുന്നാളും (ഷാവൂത്ത്) ...ആണ്ടറുതിയിൽ വയലിൽനിന്ന് നിന്റെ വേലയുടെ ഫലം കൂട്ടിത്തീരുമ്പോൾ കായ്‌ക്കനിപ്പെരുന്നാളും (സുക്കോത്ത്) ആചരിക്കണം. സംവത്സരത്തിൽ മൂന്നു പ്രാവശ്യം നിന്റെ ആണുങ്ങൾ എല്ലാം കർത്താവായ യഹോവയുടെ മുമ്പാകെ വരേണം."[1]
  • ആവർത്തനപുസ്തകം:"ആബീബ് മാസം ആചരിച്ചു നിന്റെ ദൈവമായ യഹോവെക്കു പെസഹ കൊണ്ടാടേണം. ആബീബ് മാസത്തിലല്ലോ നിന്റെ ദൈവമായ യഹോവ രാത്രിയിൽ നിന്നെ മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ചതു. ...പിന്നെ ഏഴു ആഴ്ചവട്ടം എണ്ണേണം. എന്നിട്ടു നിന്റെ ദൈവമായ യഹോവെക്കു വാരോത്സവം (ഷാവൂത്ത്) ആചരിച്ചു ..നിന്റെ സ്വമേധാദാനങ്ങൾ അർപ്പിക്കേണം. ...കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചു കഴിയുമ്പോൾ നീ ഏഴുദിവസം കൂടാരപ്പെരുന്നാൾ (സുക്കോത്ത്) ആചരിക്കേണം. ..യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ആണുങ്ങളൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലും വാരോത്സവത്തിലും കൂടാരപ്പെരുന്നാളിലും ഇങ്ങനെ സംവത്സരത്തിൽ മൂന്നു പ്രാവശ്യം അവന്റെ സന്നിധിയിൽ വരേണം"[2]

അനുബന്ധം തിരുത്തുക