ഈജിപ്തിലെ അടിമത്തത്തിൽ നിന്നുള്ള മോചനത്തെ തുടർന്ന് കാനാൻ ദേശത്തേയ്ക്കുള്ള യാത്രക്കിടെ മരുഭൂമിയിൽ വച്ച് ദൈവം ഇസ്രായേൽ ജനങ്ങൾക്കു നൽകിയതായി എബ്രായബൈബിളിൽ പറയുന്ന അത്ഭുതഭക്ഷണമാണ് മന്നാ. മന്നായുമായി ബന്ധപ്പെട്ട അത്ഭുതത്തിന്റെ ബൈബിൾ വിവരണം പഞ്ചഗ്രന്ഥിയുടെ ഭാഗമായ പുറപ്പാടിന്റേയും സംഖ്യയുടേയും പുസ്തകങ്ങളിലാണുള്ളത് ഈ വിവരണം അനുസരിച്ച്, മരുഭൂമിയിൽ ഭക്ഷണദൗർലഭ്യം നേരിട്ടിപ്പോൾ ജനങ്ങൾ നേതാക്കളായ മോശെക്കും അഹറോനും എതിരെ പിറുപിറുത്തതിനെ തുടർന്ന് ആകാശത്തിൽ നിന്ന് ജനങ്ങൾക്കായി അപ്പം വർഷിക്കുമെന്ന ദൈവികവാഗ്ദാനത്തിന്റെ പൂർത്തീകരണമായിരുന്നു ഈ അത്ഭുതം.[1] സംഖ്യയുടേയും പുറപ്പാടിന്റേയും പുസ്തകങ്ങൾക്കു പഞ്ചഗ്രന്ഥിയിലെ തന്നെ നിയമാവർത്തനപ്പുസ്തകം, പഞ്ചഗ്രന്ഥിക്കു പുറത്തുള്ള സങ്കീർത്തനങ്ങൾ, അപ്പോക്രിഫയുടെ ഭാഗമായ ജ്ഞാനത്തിന്റെ പുസ്തകം എന്നിവയും മന്നായെ പരാമർശിക്കുന്നുണ്ട്‌. [2]

ഇസ്രായേൽക്കാർ മന്ന ശേഖരിക്കുന്നു ജെയിംസ് ജാക്വെസ് ജോസഫ് റ്റിസോറ്റ് വരച്ച ചിത്രം (കാലം 1896-1902)

ഇസ്ലാമിന്റെ പവിത്രഗ്രന്ഥമായ ഖുർആനിലും മന്നായുടെ അത്ഭുതത്തിന്റെ വിവരണമുണ്ട്.[3]

പേര് തിരുത്തുക

 
പൊടിമഞ്ഞു മൂടിയ പുൽത്തകിടി

മന്നാ എന്ന പേരിന്റെ നിഷ്പത്തി വ്യക്തമല്ല. മരുഭൂമിയുടെ ഉപരിതലത്തിൽ പൊടിമഞ്ഞുപോലെ തരിതരിയായി കാണപ്പെട്ട വസ്തു കണ്ട് അത്ഭുതപ്പെട്ട ഇസ്രായേൽക്കാർ 'ഇതെന്ത്' എന്ന അർത്ഥത്തിൽ എബ്രായഭാഷയിൽ ഉന്നയിച്ച 'മാൻഹൂ' എന്ന ചോദ്യത്തിൽ നിന്നാണ് ഈ പേരുണ്ടായതെന്ന പാരമ്പര്യം ബൈബിൾ രേഖപ്പെടുത്തുന്നുണ്ട് .[4] ഈജിപ്തിയൻ ഭാഷയിലെ ഭക്ഷണം എന്നർത്ഥമുള്ള 'മെന്നു' എന്ന വാക്കിൽ നിന്നാണ് മന്നാ എന്ന പേരുണ്ടായതെന്നു ചിലർ കരുതുന്നു.[5]

വിലക്കുകൾ തിരുത്തുക

മരുഭൂമിയിൽ ഇസ്രായേൽക്കാർ പിന്നിട്ട നാല്പതു വർഷക്കാലം തുടർച്ചയായി ആകാശത്തു നിന്നു വീണുകിട്ടിയിരുന്നതായി പറയപ്പെടുന്ന ഈ ഭക്ഷണം ഓരോരുത്തരും അവർക്ക് ഒരു ദിവസത്തെ ആവശ്യത്തിനു വേണ്ടുന്നതു മാത്രം ശേഖരിക്കാനായിരുന്നു ദൈവകല്പന. അടുത്ത ദിവസത്തേക്ക് മിച്ചം വയ്ക്കുന്നതു വിലക്കപ്പെട്ടിരുന്നു. ആഴ്ചയിലെ ഏഴാം ദിവസമായ സാബത്തുനാൾ ശാരീരികാദ്ധ്വാനം വിലക്കപ്പെട്ടിരുന്നതിനാൽ ആറാം ദിവസം മാത്രം അടുത്തദിവസത്തേക്കു വേണ്ടിയുള്ളതു കൂടി ശേഖരിക്കാൻ അനുമതി ഉണ്ടായിരുന്നു. അധികം ശേഖരിക്കുന്നതിനുള്ള വിലക്കു ലംഘിച്ചവർക്ക് അധികം കിട്ടിയില്ലെന്നും കുറച്ചു ശേഖരിച്ചവർക്ക് കുറവുണ്ടായില്ലെന്നും, അടുത്ത ദിവസത്തേക്കു കരുതിവച്ചവരുടെ കരുതൽ പുഴുത്തുകെട്ടു പോയെന്നും ബൈബിൾ പറയുന്നു.[1]

എങ്കിലും ഇസ്രായേൽക്കാർ വാഗ്ദത്തഭൂമിയുടെ അതിർത്തിയിലെത്തുന്നതു വരെ വീണുകിട്ടിയിരുന്ന ഈ അത്ഭുവവസ്തുവിന്റെ ഒരു മാതൃക, പിൻതലമുറകളെ കാട്ടാനായി ശേഖരിച്ചു വയ്ക്കാൻ നിർദ്ദേശിക്കപ്പെട്ടിരുന്നു. അതനുസരിച്ച് ഒരു 'ഓമർ' അളവു മന്ന ശേഖരിച്ച് മരുഭൂമിയിൽ ഇസ്രായേലിന്റെ ആരാധനയുടെ കേന്ദ്രമായിരുന്ന സാക്ഷ്യകൂടാരത്തിനു മുന്നിൽ സൂക്ഷിച്ചതായും പുറപ്പാടിന്റെ പുസ്തകം(16:32-35) പറയുന്നു.

പാഠനിരൂപണം തിരുത്തുക

 
പുറപ്പാടിന്റെ പുസ്തകത്തിൽ മന്നായെ കൊത്തമല്ലിയുമായി താരതമ്യപ്പെടുത്തി വിവരിക്കുന്നുണ്ട് - കൊത്തമല്ലിയുടെ സമീപവീക്ഷണം

പഞ്ചഗ്രന്ഥിയിലെ സംഖ്യയുടെ പുസ്തകത്തിനും പുറപ്പാടിന്റെ പുസ്തകത്തിനും ഇടയിൽ ഈ അത്ഭുതത്തിന്റെ വിവരണത്തിലുള്ള പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മന്നാ കൊത്തമ്പാലരി പോലെ വെളുത്തതും തേൻ ചേർത്ത അപ്പത്തിന്റെ രുചിയുള്ളതുമായിരുന്നു എന്നു പുറപ്പാടിന്റെ പുസ്തകം പറയുന്നു. അതിനു കൊത്തമ്പാലരിയുടെ ആകൃതിയും ഗുൽഗുലുവിന്റെ നിറവുമായിരുന്നു എന്നും, ഇസ്രായേൽക്കാർ അതു ശേഖരിച്ച് തിരികല്ലിലോ ഉരലിലോ ഇട്ടുപൊടിച്ച് അപ്പം ഉണ്ടാക്കിയെന്നും പറയുന്ന സംഖ്യയുടെ പുസ്തകമാകട്ടെ, എണ്ണ ചേർത്ത അപ്പത്തിന്റെ രുചിയായിരുന്നു അതിനെന്നും പറയുന്നു. സംഖ്യയിലെ വിവരണം ഈ അത്ഭുതത്തെ സംബന്ധിച്ച ആദ്യപാരമ്പര്യമാവാമെന്നും പുറപ്പാടിലെ കഥ പിൽക്കാലത്തുണ്ടായ പുരോഹിതസ്രോതസ്സിനെ ആശ്രയിക്കുന്നെന്നുമാണ്, പഞ്ചഗ്രന്ഥിയുടെ സ്രോതസ്സുകളെ സംബന്ധിച്ച രേഖാപരികല്പന പിന്തുടർന്നുള്ള ഇതിന്റെ വിശദീകരണം[6][7]

എന്നാൽ ഈ രണ്ട് ആഖ്യാനങ്ങളിലുമുള്ള മന്നായുടെ രുചിഭേദം അതിനെ ഭക്ഷിച്ചതാര് എന്നതിനെ ആശ്രയിച്ചു വിശദീകരിക്കാമെന്നാണ് ബാബിലോണിയൻ താൽമുദിന്റെ നിലപാട്. അതു ശിശുക്കൾക്ക് തേൻ പോലെ മധുരിച്ചപ്പോൾ യുവാക്കൾക്കു അപ്പം പോലെയും വൃദ്ധജനങ്ങൾക്ക് ഒലിവെണ്ണ പോലെയും രുചിച്ചെന്നും താൽമുദ് വിശദീകരിക്കുന്നു.[8] മന്നാ വീണത് മഞ്ഞിനു മുൻപ് അതിനു താഴെയോ, മഞ്ഞിനെ തുടർന്ന് അതിനു പുറമേയോ എന്ന സമസ്യയും ഈ അത്ഭുതകഥയുടെ വിവിധപാഠങ്ങൾ ഉയർത്തുന്നുണ്ട്. ഈ വൈരുദ്ധ്യം പരിഹരിക്കാൻ ശ്രമിച്ച റബൈനിക വ്യാഖ്യാതക്കൾ, മുൻപും പിൻപുമായി പെയ്ത രണ്ടു മഞ്ഞുപാളികൾക്കു നടുവിലായിരുന്നു മന്നാ കാണപ്പെട്ടത് എന്നു വാദിച്ചു.[5][൧]

മന്നായും പ്രകൃതിയും തിരുത്തുക

 
മെഴുകുപോലുള്ള സ്രവത്തിൽ പൊതിഞ്ഞ് താമരിസ്ക് മരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന 'മരപ്പേനുകൾ' (scale insects)
 
മദ്ധ്യപൗരസ്ത്യദേശത്തെ മരുഭൂമികളിൽ കാണപ്പെടുന്ന താമരിസ്ക് മരം

മന്നായുടെ അത്ഭുതത്തെ ജൈവപ്രകൃതിയുമായി ബന്ധപ്പെടുത്തി സ്വാഭാവികമായി വിശദീകരിക്കാൻ പുരാതനകാലം മുതൽ പലരും ശ്രമിച്ചിട്ടുണ്ട്. സിനായ് ഉപദ്വീപിൽ കാണപ്പെടുന്ന താമരിസ്ക് മരത്തിന്റെ (Tammarix mannifera) തൊലി വേനൽക്കാലത്തിന്റെ തുടക്കത്തിൽ പുറപ്പെടുവിക്കുന്ന മധുരസ്രവമാണ് മന്നാ എന്നായിരുന്നു ഒരു വിശദീകരണം.[9]

താമരിസ്ക് സ്രവത്തെക്കുറിച്ചുള്ള ആധുനിക കാലത്തെ അന്വേഷണങ്ങൾ മരത്തിന്റെ നീരുകുടിച്ചു ജീവിക്കുന്ന രണ്ടിനം മരപ്പേനുകളുമായി(Plant lice/scale insects) അതിനെ ബന്ധപ്പെടുത്തുന്നു. മരനീരിൽ നൈട്രജന്റെ അംശം കുറവായതിനാൽ മതിയാവോളം നൈട്രജൻ കിട്ടാനായി ഈ ജീവികൾക്ക് വളരെയേറെ നീരു കുടിക്കേണ്ടിവരുന്നു. നീരിനൊപ്പം അകത്താക്കുന്ന അധികാന്നജത്തെ ഇവ പിന്നീട് വിസർജ്ജിക്കുമ്പോഴാണ് മരത്തിന്മേൽ മധുരശ്രവം ഉണ്ടാകുന്നതെന്നാണ് വിശദീകരണം. എന്നാൽ ഇസ്രായേൽക്കാക്ക് ലഭിച്ചതായി പറയപ്പെടുന്ന അത്ഭുതഭക്ഷണത്തിന്റെ സമൃദ്ധി വിശദീകരിക്കാൻ താമരിസ്ക് ദ്രവം മതിയാവില്ലെന്നും മന്നായുടെ കഥയെ കേവലം ജൈവപ്രതിഭാസമയി കാണുന്നത് മരുഭൂമിയിൽ ജനങ്ങളെ നാല്പതു വർഷം നയിച്ച ദൈവാത്ഭുതത്തെ സംബന്ധിച്ച ബൈബിൾ കഥയുടെ ലക്ഷ്യത്തിന്റെ തിരസ്കാരമാവുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[10]

 
പൂവിട്ടു നിക്കുന്ന മന്നാ ആഷ്

ആധുനികസസ്യശാസ്ത്ര പശ്ചാത്തലത്തിൽ സസ്യജന്യമായ ചില വസ്തുക്കളെ പരാമർശിക്കാൻ 'മന്നാ' എന്ന പേരുപയോഗിക്കാറുണ്ട്. "മന്നാ ആഷ്" എന്ന മരത്തിന്റെ തൊലിയിൽ മുറിവുണ്ടാക്കി ഇറ്റിച്ചെടുക്കുന്ന നീര് വറ്റിക്കുമ്പൊൾ കിട്ടുന്ന പ്രത്യേകതരം പഞ്ചസാര ഇതിനുദാഹരണമാണ്.[11] തെക്കൻ യൂറോപ്പിലും തെക്കുപടിഞ്ഞാറൻ ഏഷ്യയിലും കാണുന്ന മന്നാ ആഷ് മരത്തിന്റെ പച്ചകലർന്ന നീലനിറമുള്ള നീര് കാഠിന്യം കുറഞ്ഞ വിരേചനസഹായി എന്ന നിലയിൽ ഔഷധമൂല്യമുള്ളതാണ്. [12]

ഇസ്ലാമികവീക്ഷണം തിരുത്തുക

ഖുർആനിൽ മൂന്നിടങ്ങളിൽ താഴെ കൊടുത്തിരിക്കുന്ന വിധം മന്നാ പരാമർശിക്കപ്പെടുന്നുണ്ട്.[3]

  • 2:57 - നിങ്ങൾക്ക്‌ നാം മേഘത്തണൽ നൽകുകയും മന്നായും കാടപക്ഷികളും ഇറക്കിത്തരികയും ചെയ്തു. നിങ്ങൾക്ക്‌ നാം നൽകിയിട്ടുള്ള വിശിഷ്ടമായ വസ്തുക്കളിൽ നിന്ന്‌ ഭക്ഷിച്ചുകൊള്ളുക (എന്ന്‌ നാം നിർദ്ദേശിച്ചു).
  • 3:160 - നാം അവർക്ക്‌ മേഘത്തണൽ നൽകുകയും, മന്നായും കാടപക്ഷികളും അവർക്ക്‌ ഇറക്കികൊടുക്കുകയും ചെയ്തു. നിങ്ങൾക്കു നാം നൽകിയിട്ടുള്ള വിശിഷ്ട വസ്തുക്കളിൽ നിന്ന്‌ തിന്നുകൊള്ളുക (എന്ന്‌ നാം നിർദ്ദേശിക്കുകയും ചെയ്തു.)
  • 20:80 - ഇസ്രായീൽ സന്തതികളേ, നിങ്ങളുടെ ശത്രുവിൽ നിന്ന്‌ നിങ്ങളെ നാം രക്ഷപ്പെടുത്തുകയും, ത്വൂർ പർവ്വതത്തിൻറെ വലതുഭാഗം നിങ്ങൾക്ക്‌ നാം നിശ്ചയിച്ച്‌ തരികയും, മന്നായും സൽവായും നിങ്ങൾക്ക്‌ നാം ഇറക്കിത്തരികയും ചെയ്തു.


'ട്രഫിൾ' (Truffles) എന്നറിയപ്പെടുന്ന ഭക്ഷ്യക്കൂണിനെ മന്നായുടെ ഭാഗമായി വിശേഷിപ്പിച്ച് പ്രവാചകൻ ഇങ്ങനെ പറഞ്ഞതായി സ്വഹീഹ് മുസ്‌ലിം ഹദീസിൽ പറയുന്നു. "അല്ലാഹു മോശെ(മൂസ) വഴി ഇസ്രായേൽക്കാർക്ക് നൽകിയ മന്നായുടെ ഭാഗമാണത്. അതിന്റെ നീര് കണ്ണുകൾക്ക് ഔഷധമാണ്."[13]

ക്രിസ്തീയവീക്ഷണം തിരുത്തുക

പഴയനിയമത്തിലെ സംഭവങ്ങളെ പുതിയനിയമത്തിൽ പൂർത്തീകരിക്കാനിരുന്നവയുടെ ആദിമാതൃകകളായി ചിത്രീകരിക്കുന്ന 'സാദൃശ്യവ്യാഖ്യാനം' (typological exegesis) പിന്തുടർന്ന ക്രൈസ്തവവീക്ഷണം, മന്നായുടെ അത്ഭുതത്തെ വിശദീകരിക്കാനും ഈ വ്യാഖ്യാനസങ്കേതം ഉപയോഗിച്ചു. ക്രിസ്തുവിന്റെ വ്യക്തിത്വത്തിന്റെ ദൈവികമാനത്തിന് ഊന്നൽ കൊടുക്കുന്ന യോഹന്നാന്റെ സുവിശേഷം മന്നായെ യേശുവിന്റെ ശരീരരക്തങ്ങളാകുന്ന ആത്മീയഭക്ഷണത്തിന്റെ പൂർവസാദൃശ്യമായി അവതരിപ്പിക്കുന്നു. യഹൂദർ മന്നായെ സ്വർഗത്തിൽനിന്നുള്ള അപ്പമായി സൂചിപ്പിച്ചപ്പോൾ യേശുവിന്റെ പ്രതികരണം, മരുഭൂമിയിലെ മന്നാ ഭക്ഷിച്ചവർ മരിച്ചതിനാൽ അത് യഥാർത്ഥത്തിൽ സ്വർഗത്തിൽനിന്നുള്ള അപ്പമായിരുന്നില്ലെന്നും സ്വർഗത്തിൽനിന്നും ഇറങ്ങിവന്ന നിത്യജീവന്റെ അപ്പം ഭക്ഷിക്കുന്നവർ മരിക്കുകയില്ലെന്നും ആയിരുന്നു. താൻ തന്നെയാണ് ആ ജീവന്റെ അപ്പമെന്നും യേശു വിശദീകരിക്കുന്നു. [14]

ഈ വീക്ഷണമനുസരിച്ച്, മരുഭൂമിയിൽ ഇസ്രായേൽക്കാർക്കു ലഭിച്ച മന്നാ, ഭാവിയിലെ മന്നായും ജീവന്റെ അപ്പവുമായ ക്രിസ്തുവിന്റെ ഒരു മുന്നാസ്വാദനം മാത്രം ആയിരുന്നു. ഈ സ്വർഗീയ മന്നാവഴി മനുഷ്യർ ദൈവികജീവനിൽ പങ്കുചേരുന്നു. ലോകത്തിന്റെ ജീവനുവേണ്ടി ക്രിസ്തു നൽകുന്ന അപ്പം തന്റെ തന്നെ ശരീരമാണ്‌. 'എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവസാനദിവസം ഞാൻ അവനെ ഉയിർപ്പിക്കും' എന്നും ഈ സുവിശേഷത്തിൽ യേശു പറയുന്നു. [15][16]

കുറിപ്പ് തിരുത്തുക

^ ലോകസൃഷ്ടിയുടെ ആറാം ദിവസം വെള്ളിയാഴ്ച സൃഷ്ടിക്കപ്പെട്ട പത്തു വസ്തുക്കളിൽ ഒന്നായി മന്നായെ കണ്ട ചില റബൈനികവ്യാഖ്യാതാക്കൾ, ആ ദിവസം ത്രിസന്ധ്യക്കാണ് അതിന്റെ സൃഷ്ടി നടന്നതെന്നു കരുതി.[5]

അവലംബം തിരുത്തുക

  1. 1.0 1.1 പുറ 16:14-36;സംഖ്യ 11:4-9
  2. ജ്ഞാനം 16:20-29; നിയ. 8:3, 16; സങ്കീ. 78;24.
  3. 3.0 3.1 വിശുദ്ധ ഖുർആൻ II:57, VII:160, XX:80 - "ദ മീനിങ്ങ് ഓഫ് ദ ഹോളി ഖുർആൻ", മൊഹമ്മദ് മാർമദൂക് പിഖ്താളിന്റെ ഇംഗ്ലീഷ് പരിഭാഷ
  4. പുറ 16:14-15
  5. 5.0 5.1 5.2 മന്നാ, യഹുദവിജ്ഞാനകോശത്തിലെ ലേഖനം
  6. Peake's Commentary on the Bible
  7. Jewish Encyclopedia, "Book of Exodus", "Book of Numbers"
  8. Yoma 75b
  9. മന്നാ, കത്തോലിക്കാവിജ്ഞാനകോശത്തിലെ ലേഖനം
  10. മന്നാ, ഓക്സ്ഫോർഡ് കമ്പാനിയൻ ടു ദ ബൈബിൾ (പുറം 486)
  11. Rushforth, K., 1999, Trees of Britain and Europe, Collins, ISBN 0-00-220013-9
  12. Grieve, Mrs. M., Ash, Manna
  13. "Center for Muslim-Jewish Engagement, Translation of Sahih Muslim, Book 23". Archived from the original on 2014-03-16. Retrieved 2013-04-07.
  14. യോഹ. 6:32-34; 49:51
  15. യോഹ 6:54
  16. വടവാതൂരെ പൗരസ്ത്യവിദ്യാപീഠം പ്രസിദ്ധീകരിച്ച ബൈബിൾ വിജ്ഞാനകോശത്തിന്റെ 1989 ഡിസംബറിലെ പതിപ്പ് -ലേഖകൻ - ജോസ് വള്ളിമംഗലം
"https://ml.wikipedia.org/w/index.php?title=മന്നാ&oldid=3640237" എന്ന താളിൽനിന്ന് ശേഖരിച്ചത്