പടിഞ്ഞാറൻ ആഫ്രിക്കയിലെ പ്രധാന നാട്ടുമതങ്ങളിൽ ഒന്നാണ് ബിവിടി. ഗാബോൺ, കാമറൂൺ എന്നീ രാജ്യങ്ങളിലെ ഫാംഗ് ഗോത്രങ്ങൾ, ഗാബോണിലെ ബബോംഗോ, മിറ്റ്സോഗോ ജനങ്ങൾ എന്നിവരാണ് ബിവിടി ആചാരങ്ങൾ പുലർത്തുന്നത്. ഈ ഗോത്രത്തിലുള്ള ചിലർ സെമറ്റിക് മതങ്ങളിൽ വിശ്വസിക്കുന്നുവെങ്കിലും ബിവിടി സർവരുടെയും ജീവിതരീതി കൂടിയാണ്. ക്രിസ്തു മതം, പൂർവികാരാധന, മന്ത്രവാദം, എന്നിവയെല്ലാം കൂട്ടിച്ചേർത്ത സിൻക്രെറ്റിസ്റ്റിക് മതമാണ് ബിവിടി. ഇബോഗ വർഗത്തിൽ പെട്ട ഒരു ചെടി എല്ലാ ബിവിടികളും നട്ടുവളർത്തുന്നു. ഇബോഗവേര് പവിത്രമാണിവർക്ക്. രോഗം മാറ്റാനും ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഇബോഗവേരിന് കഴിവുണ്ടെന്ന് ഇവർ കരുതുന്നു. സർവ ആചാരങ്ങൾക്കും ചടങ്ങുകൾക്കും ഇബോഗയുടെ സാന്നിധ്യം കൂടിയേ തീരൂ. മിക്ക സമൂഹങ്ങൾക്കും ഒരു കാരണവർ ഉണ്ടാകും. ഇദ്ദേഹമാണ് ആചാരങ്ങൾക്ക് കാർമ്മികത്വം വഹിക്കുന്നത്. പ്രേതബാധ ഒഴിപ്പിക്കൽ, ഉപക്രമച്ചടങ്ങ്, വീട്ടിൽക്കൂടൽ, മരണം എന്നിവയ്ക്കെല്ലാം സമൂഹത്തിലെ മിക്കവാറും അംഗങ്ങൾ കാരണവരുടെ അധ്യക്ഷതയിൽ ഒത്തുകൂടും. മിക്ക ചടങ്ങുകൾക്കും കുഴൽവിളിയും ചെണ്ടമേളവും ഉണ്ടാകും. പണ്ടുകാലത്ത് മത, സംഗീത പരിപാടികളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചിരുന്നില്ല. ഇന്ന് ബിവിടികളും പുരോഗമനാശയക്കാരാണ്.

ബിവിടി വിശ്വാസികളുടെ പവിത്രമായ ചെടിയായ ഇബോഗ
"https://ml.wikipedia.org/w/index.php?title=ബിവിടി&oldid=2725965" എന്ന താളിൽനിന്ന് ശേഖരിച്ചത്