ഉൽപ്പന്നങ്ങളെ സംബന്ധിച്ച പൂർണ വിവരങ്ങളടങ്ങിയ കോഡുകൾ ഇലക്ട്രോണിക് രീതിയിൽ രേഖപ്പെടുത്തിയ വരകളാണ് ബാർകോഡ്[അവലംബം ആവശ്യമാണ്]. വീതികുറഞ്ഞ ലംബമായിട്ടുള്ള കറുപ്പും വെളുപ്പും വരകൾക്കൊപ്പമുള്ള അക്കങ്ങളും ചേർന്ന ബാർകോഡ് കമ്പ്യൂട്ടർ സെൻസറുകൾ ഉപയോഗിച്ച് വായിച്ചെടുക്കാം.ഉൽപ്പന്നത്തിന്റെ വില,പ്രത്യേകത,നിർമ്മാണ യൂണിറ്റ്,രാജ്യം എന്നിവ ബാർകോഡിൽ രേഖപ്പെടുത്തിയിരിക്കും.

ഒരു യുപിസി-എ(UPC-A) ബാർകോഡ് ചിഹ്നം.

ഓരോ വരയും ഓരോ അക്കങ്ങളെ സൂചിപ്പിക്കുന്നു.ഒന്നാമത്തെ അക്കം ഉൽപന്നത്തേയും അടുത്തഗ്രൂപ്പിലെ അക്കം നിർമ്മാതാക്കളേയും മൂന്നാമത്തെ ഗ്രൂപ്പിലെ അക്കങ്ങൾ ഏതുതരം ഉൽപ്പന്നമാണെന്നും വ്യക്തമാക്കുന്നു. ബാർകോഡ് രേഖപ്പെടുത്തിയ ഭാഗം സെൻസറിനോടടുപ്പിച്ചാൽ ഉൽപ്പന്നങ്ങളെ സംബന്ധിച്ച പൂർണവിവരങ്ങൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തും. പ്രത്യേകതരം സ്കാനർ ഉപയോഗിച്ചും ബാർകോഡ് വായിച്ചെടുക്കാം.

ചരിത്രം തിരുത്തുക

1948-ലാണ് ബാർകോഡിന്റെ ആദ്യകാല രൂപം ജന്മമെടുക്കുന്നത് .ഒരിക്കൽ ഒരു കടയുടമ തന്റെ കടയിൽ വരുന്ന ഉത്പ്പന്നങ്ങളുടെ വിവരങ്ങൾ യാതൊരു പ്രയാസവും കൂടാതെ വായിച്ചെടുക്കാനുള്ള സമ്പ്രദായം നിർമ്മിക്കാൻ വല്ലവഴിയുമുണ്ടോയെന്ന് ചോദിച്ച് ഫിലോഡെൽഫിയയിലെ ഡ്രെക്സൽ ഇൻസറ്റിറ്റ്യൂട്ടിൽ എത്തി.[1] ബെർനാൾഡ് സിൽവർ അന്ന് ഇൻസറ്റിറ്റ്യൂട്ടിലെ ബിരുദ വിദ്യാർത്ഥിയായിരുന്നു. അത്തരമൊരു സമ്പ്രദായം വികസിപ്പിക്കാനുള്ള ചുമതല സിൽവറിന്റെ തലയിലാണ് വന്നത്. അദ്ദേഹം തന്റെ സുഹൃത്തായ നോർമൻ ജോസഫ് വുഡ്ലാൻഡിനെ ഈ വിവരം അറിയിച്ചു. വുഡ്ലാന്റിന് ആദ്യമേ തന്നെ ഈ ആശയം ഏറെ പിടിച്ചു. അൾട്രാവയലറ്റ് പ്രകാശരശ്മികളുടെ സാന്നിദ്ധ്യത്തിൽ തിളങ്ങുന്ന പ്രത്യേക മഷി ഉപയോഗിച്ചുള്ള ഒരു പ്രവർത്തനരീതിയാണ് വുഡ്ലാന്റിന്റെ മനസ്സിൽ ആദ്യം തന്നെ വന്നത്. വുഡ്ലാന്റും സിൽവറും ചേർന്ന് ഇതിനനുസൃതമായ ഒരു മാതൃകയുണ്ടാക്കി. എന്നാൽ മഷിയുടെ രൂപവ്യത്യാസങ്ങളും അവ ഉപയോഗിച്ച് പ്രത്യേക പാറ്റേണുകൾ ഉണ്ടാക്കാനുള്ള അധികച്ചെലവും കാരണം അവർ ഈ നീക്കം ഉപേക്ഷിച്ചു.[2] [3]ഇരുവരും ചേർന്ന് ഗവേഷണം വീണ്ടും ആരംഭിച്ചു.1949-ൽ അവർ ഒരു പ്രത്യേകസമ്പ്രദായം രൂപപ്പെടുത്തിയെടുത്തു. കറുത്ത പ്രതലത്തിലുള്ള നാല് വെള്ളവരകളായിരുന്നു ഇവർ വികസിപ്പിച്ചരീതിയുടെ പ്രധാന സവിശേഷത. വെള്ളവരകളുടെ സാന്നിദ്ധ്യത്തിനനുസരിച്ച് ആയിരുന്നു ഇവർ വസ്തുക്കളെ വർഗ്ഗീകരിച്ചത്. ഈ രീതി പ്രകാരം ഏഴുതരത്തിലുള്ള വർഗ്ഗീകരണം സാധ്യമായിരുന്നു. എന്നാൽ വരകളുടെ എണ്ണം കൂട്ടുകയാണെങ്കിൽ കൂടുതൽ വർഗ്ഗീകരണം നടത്താമെന്നും 10 വരകളുണ്ടെങ്കിൽ 1023 വരെ വർഗ്ഗീകരണം സാദ്ധ്യമാണെന്നും വുഡ്ലാന്റും സിൽവറും സമർത്ഥിച്ചു.1952 ഒക്ടോംബർ ഏഴിന് ഇരുവർക്കും സംയുക്തമായി ബാർകോഡിന്റെ പേറ്റന്റ് ലഭിച്ചു.

1966-ലാണ് ബാർകോഡ് വ്യവസായികാടിസ്ഥാനത്തിൽ ഉപയോഗിച്ചു തുടങ്ങിയത്. എന്നാൽ ബാർകോഡ് ആഗോളാടിസ്ഥാനത്തിൽ ഉപയോഗിച്ചു തുടങ്ങുന്നത് കാണാനുള്ള ഭാഗ്യം ബൻനാഡ് സിൽവറിനുണ്ടായില്ല. 1962-ൽ(38-ാംവയസ്സിൽ) അദ്ദേഹം അകാല മൃത്യു അടഞ്ഞു.

1966-ലെ ബാർകോഡുകൾ ഉല്പന്നങ്ങളുടെ പാക്കറ്റിനുമുകളിൽ അച്ചടിച്ചിരുന്നില്ല പകരം അവ ഒരു പ്രത്യേക ലേബലായി പാക്കറ്റിൽ ഇടുകയായിരുന്നു പതിവ്. ഈ രീതി പ്രാവർത്തികമല്ലെന്ന് കണ്ട വ്യവസായികൾ ബാർകോഡുകൾ ആഗോളതലത്തിൽ ഉപയോഗിക്കണമെങ്കിൽ അതിന് ചില സാർവത്രികവ്യവസായികമാനങ്ങൾ ഉണ്ടായിരിക്കണമെന്ന് മനസ്സിലാക്കുകയും അതിനായി 1970-ൽ ബഹുരാഷ്ട്രക്കമ്പനിയായ ലോജിക്കോൺ ''യൂണിവേഴ്സൽ ഗ്രോസറിപ്രൊഡക്ട്സ് ഐഡന്റിഫിക്കേഷൻ കോഡ്'' (യു.ജി.പി.ഐ.സി) വികസിപ്പിക്കുകയും ചെയ്തു. 1970-ലായിരുന്നു അത്. ലോജിക്കോൺ കമ്പനിയുടെ നിർദ്ദേശപ്രകാരം 1973-ൽ ജോർജ്ജ് ജെ ലോറർ ''യൂണിഫോം പ്രൊഡക്ട് കോഡ്(യു.പി..സി)'' വികസിപ്പിച്ചു. 1974-ൽ ഓഹിയോയിലെ ഒരു സൂപ്പർ മാർക്കറ്റിൽ യു.പി.സി സ്കാനർ സ്ഥാപിച്ചു. 1974 ജൂൺ 26ന് ബാർകോഡുള്ള ഒരു ഉത്പ്പന്നത്തിന്റെ സ്കാനിംഗ് ആദ്യമായി നടന്നു റിഗ്ലീസിന്റെ ച്യൂയിംഗ് ഗമ്മായിരുന്നു ആദ്യമായി ബാർകോഡ് നടത്തിയ ഉല്പന്നം. യഥാർത്ഥത്തിൽ ഈ ച്യൂയിംഗ് ഗം ഇതിനായി പ്രത്യേകം തെരഞ്ഞെടുത്തതായിരുന്നില്ല. മറിച്ച് സൂപ്പർമാർക്കറ്റിലെ ഒരു തൊഴിലാളി ബാർകോഡ് സ്കാനിംഗിനായി എത്തിയ ഒരു ഉല്പന്നത്തിൽ നിന്ന് ഒന്നു തെരഞ്ഞെടുക്കുക മാത്രമായിരുന്നു.[4] ഐ.ബി.എം (IBM (International Business Machines Corporation) ) പേറ്റന്റ് വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചെങ്കിലും അവരുടെ വാഗ്ദാനങ്ങളിൽ അപര്യാപ്തതയുണ്ടായിരുന്നു. ഒടുവിൽ 1962-ൽ ഫിൽകോ പേറ്റന്റ് വാങ്ങിയെങ്കിലും അവർ പിന്നീട് റെൽകോയ്ക്ക് കൈമാറി.[5]

പിന്നീട് ബാർകോഡുകൾ സാർവത്രികപ്രചാരത്തിലായത് പെട്ടെന്നായിരുന്നു. ഇന്ന് ബാർകോഡുകൾ അനുവദിക്കാൻ പ്രത്യേക അന്താരാഷ്ട്ര ഏജൻസികളും അവ നിർമ്മിക്കാൻ കമ്പ്യൂട്ടർവൽകൃത സംവിധാനങ്ങളും ഉണ്ട്.


വർഗീകരണം തിരുത്തുക

ഫോട്ടോകോപി യന്ത്രത്തിൽ ഉപയോഗിക്കുന്ന പോലെ സ്കാനറിൽ നിന്നും പുറപ്പെടുന്ന ലൈറ്റ് ബീം ബാർകോഡിനു മുകളിലൂടെ കടത്തിവിട്ടാണ് വരകളെ തിരിച്ചറിയുന്നത്.ബൈനറി രൂപത്തിൽ വിവരങ്ങൾ ശേഖരിക്കുന്ന ബാർകോഡിൽ സെൻസറുകൾ ഉപയോഗിച്ച് ഡീ കോഡ് ചെയ്യാം. തിരിച്ചറിയുന്നതിനായി ഓരോ രാജ്യത്തിനും പ്രത്ത്യേക കോഡുകൾ നൽകി വർഗീകരിക്കുന്നു. ജപ്പാനിലെ ഉൽപ്പന്നത്തിന് JAN എന്നും അമേരിക്കൻ ഉൽപന്നത്തിന് UPC എന്നും പുസ്തകങ്ങൾ ISBN (International Standard Books Number) പത്രങ്ങൾ മാസികകൾ സി.ഡി കൾ എന്നിവക്ക് IISBN എന്നുമാണ് കോഡുകൾ നൽകിയിരിക്കുന്നത്.


അവലംബം തിരുത്തുക

  1. Fishman, Charles (1 August 2001). "The Killer App – Bar None". American Way. Archived from the original on 12 January 2010. Retrieved 2010-04-19.
  2. Seideman, Tony, "Barcodes Sweep the World", Wonders of Modern Technology
  3. Seideman, Tony (Spring 1993). "Barcodes Sweep the World". AccuGraphiX / History of Bar Codes. Archived from the original on 5 November 2016. Retrieved 5 November 2016. "Article published in Wonders of Modern Technology, Spring 1993."
  4. Fox, Margalit (15 June 2011), "Alan Haberman, Who Ushered in the Bar Code, Dies at 81", The New York Times
  5. Seideman, Tony, "Barcodes Sweep the World", Wonders of Modern Technology

കൂടുതൽവായനയ്ക്ക് തിരുത്തുക

  • Automating Management Information Systems: Barcode Engineering and Implementation – Harry E. Burke, Thomson Learning, ISBN 0-442-20712-3
  • Automating Management Information Systems: Principles of Barcode Applications – Harry E. Burke, Thomson Learning, ISBN 0-442-20667-4
  • The Bar Code Book – Roger C. Palmer, Helmers Publishing, ISBN 0-911261-09-5, 386 pages
  • The Bar Code Manual – Eugene F. Brighan, Thompson Learning, ISBN 0-03-016173-8
  • Handbook of Bar Coding Systems – Harry E. Burke, Van Nostrand Reinhold Company, ISBN 978-0-442-21430-2, 219 pages
  • Information Technology for Retail:Automatic Identification & Data Capture Systems – Girdhar Joshi, Oxford University Press, ISBN 0-19-569796-0, 416 pages
  • Lines of Communication – Craig K. Harmon, Helmers Publishing, ISBN 0-911261-07-9, 425 pages
  • Punched Cards to Bar Codes – Benjamin Nelson, Helmers Publishing, ISBN 0-911261-12-5, 434 pages
  • Revolution at the Checkout Counter: The Explosion of the Bar Code – Stephen A. Brown, Harvard University Press, ISBN 0-674-76720-9
  • Reading Between The Lines – Craig K. Harmon and Russ Adams, Helmers Publishing, ISBN 0-911261-00-1, 297 pages
  • The Black and White Solution: Bar Code and the IBM PC – Russ Adams and Joyce Lane, Helmers Publishing, ISBN 0-911261-01-X, 169 pages
  • Sourcebook of Automatic Identification and Data Collection – Russ Adams, Van Nostrand Reinhold, ISBN 0-442-31850-2, 298 pages
  • Inside Out: The Wonders of Modern Technology - Carol J. Amato, Smithmark Pub, ISBN 0831746572, 1993

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബാർകോഡ്&oldid=3843524" എന്ന താളിൽനിന്ന് ശേഖരിച്ചത്