ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കയിൽ ജീവിച്ചിരുന്ന ഒരു കത്തോലിക്കാ മെത്രാപ്പോലീത്തയും വേദപ്രഘോഷകനും ആയിരുന്നു ഫുൾട്ടൻ ജെ. ഷീൻ (ജനനം: 1895 മേയ് 8; മരണം 1979 ഡിസംബർ 9). ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെയുള്ള വേദപ്രഘോഷണങ്ങളാൽ അദ്ദേഹം പേരെടുത്തു. ഷീനിനെ വിശുദ്ധപദവിയിലേക്ക് ഉയർത്താനുള്ള നടപടികൾ 2002-ൽ ആരംഭിച്ചു. കത്തോലിക്കാ സഭയിൽ ഷീൻ ഇപ്പോൾ ദൈവദാസനായി മാനിക്കപ്പെടുന്നു.

Fulton John Sheen (1952)
പെരിയ ബഹുമാനപ്പെട്ട 
ഫുൾട്ടൻ ജെ ഷീൻ
റോച്ചെസ്റ്ററിലെ വിമുക്ത മെത്രാൻ
ഭദ്രാസനംന്യൂ പോർട്ട്, സൗത്ത് വേൽസ് (ഔപചാരികം)
നിയമനം21 ഒക്ടോബർ 1966
ഭരണം അവസാനിച്ചത്6 ഒക്ടോബർ 1969
മുൻഗാമിജെയിംസ് എഡ്വേഡ് കിയാർണി
പിൻഗാമിജോസഫ് ലോയ്ഡ് ഹോഗൻ
വൈദിക പട്ടത്വം20 സെപ്തംബർ 1919
മെത്രാഭിഷേകം11 ജൂൺ 1951
മറ്റുള്ളവന്യൂ പോർട്ടിലെ നാമമാത്ര മെത്രാപ്പോലീത്ത
വ്യക്തി വിവരങ്ങൾ
ജനന നാമംപീറ്റർ ജോൺ ഷീൻ
ജനനം(1895-05-08)8 മേയ് 1895[1]
എൽ പാസോ, ഇല്ലിനോയി[1]
മരണം9 ഡിസംബർ 1979(1979-12-09) (പ്രായം 84)
ന്യൂ യോർക്ക്
കബറിടംന്യൂ യോർക്കിലെ വിശുദ്ധ പാട്രിക്കിന്റെ ദേവാലയം
ദേശീയതഅമേരിക്കൻ
വിഭാഗംറോമൻ കത്തോലിക്കൻ
വിദ്യാകേന്ദ്രംസെന്റ് പോൾ സെമിനാരിയിലെ ദൈവശാസ്ത്ര വിദ്യാലയം
വിശുദ്ധപദവി
വിശുദ്ധ ശീർഷകംദൈവദാസൻ

ബാല്യം തിരുത്തുക

ഇല്ലിനോയി സംസ്ഥാനത്തെ എൽ പാസോയിൽ ന്യൂട്ടൻ-ദെലിയാ ഷീന്മാരുടെ മകനായി ജനിച്ച അദ്ദേഹത്തിന്റെ ആദ്യത്തെ പേര് പീറ്റർ ഷീൻ എന്നായിരുന്നു. ഫുൾട്ടൻ എന്ന പേര് മാതൃവഴിയിൽ, പ്രാഥമിക വിദ്യാലയത്തിൽ ചേർക്കാൻ കൊണ്ടു പോയ മുത്തച്ഛൻ വഴി ലഭിച്ചതാണ്. കുട്ടിയുടെ പേരെന്തെന്ന് സ്കൂൾ അധികാരികൾ ചോദിച്ചപ്പോൾ മുത്തച്ഛൻ സ്വന്തം പേരു പിന്തുടർന്ന് "ഫുൾട്ടൻ എന്നു തന്നെ" എന്നു പറഞ്ഞു. പിന്നീട് സ്ഥൈര്യലേപനസ്വീകരണത്തിൽ തെരഞ്ഞെടുത്ത ജോൺ എന്ന പേരിന്റെ ചുരുക്കം കൂടി ചേർന്നപ്പോഴാണ് അദ്ദേഹം ഫുൾട്ടൻ ജെ ഷീൻ ആയത്.[2]

പുരോഹിതൻ തിരുത്തുക

കത്തോലിക്കാ പശ്ചാത്തലത്തിൽ വളർന്നു വന്ന ഷീൻ 24-ആമത്തെ വയസ്സിൽ മിന്നസോട്ടയിലെ വിശുദ്ധ പൗലോസിന്റെ സെമിനാരിയിൽ പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെട്ടു. തുടർന്ന് 1923-ൽ അദ്ദേഹം ബെൽജിയത്തിലെ ലൂവൈൻ സർവകലാശാലയിൽ നിന്ന് ഗവേഷണബിരുദം നേടി. അതിനു ശേഷം ഇല്ലിനോയിലെ വിശുദ്ധ പാട്രിക്കിന്റെ ദേവാലയത്തിൽ പുരോഹിതവൃത്തി നിർവഹിച്ച അദ്ദേഹം കത്തോലിക്കാ സർവകലാശാലയിൽ ദൈവശാസ്ത്രവും തത്ത്വചിന്തയും പഠിപ്പിച്ചു.[3]

മെത്രാൻ തിരുത്തുക

1951 മേയ് മാസത്തിൽ പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ ഷീനിനെ സിസേറിയാനയിലെ ഔപചാരികമെത്രാനും, കർദ്ദിനാൾ സ്പെൽമാനു കീഴിൽ ന്യൂ യോർക്കിൽ റോച്ചെസ്റ്ററിലെ സഹായമെത്രാനുമായി നിയമിച്ചിരുന്നു. ജൂൺ പതിനൊന്നാം തിയതി അദ്ദെഹം റോമിൽ അഭിഷിക്തനായി. 1966-ൽ പോൾ ആറാമൻ മാർപ്പാപ്പ അദ്ദേഹത്തെ വെയിൽസിൽ ന്യൂപോർട്ടിലെ നാമമാത്രരൂപതയുടെ മെത്രാനായി നിയമിച്ചു. ഔപചാരികപ്രാധാന്യം മാത്രമുണ്ടായിരുന്ന ആ സ്ഥാനത്ത് നാലു വർഷം തുടർന്ന അദ്ദേഹം 1969-ൽ 74-ആം വയസ്സിൽ വിരമിച്ചു. മെത്രാൻ പദവിയിൽ രാഷ്ട്രീയനിലപാടുകളുടേയും മറ്റും പേരിൽ പലപ്പോഴും വിവാദപുരുഷനായി. വിയറ്റ്നാമിലെ അമേരിക്കൻ ഇടപെടലിനെ ഷീൻ എതിർത്തിരുന്നു.

ഷീനിന്റെ മരണത്തിന് രണ്ടു മാസം മുൻപ് 1979 ഒക്ടോബറിൽ ന്യൂയോർക്കിലെ വിശുദ്ധ പാട്രിക്കിന്റെ ദേവാലയം സന്ദർശിച്ച ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഷീനിനെ ആലിംഗനം ചെയ്തു കൊണ്ട് ഇങ്ങനെ പറഞ്ഞു: "നമ്മുടെ കർത്താവ് യേശുക്രിസ്തുവിനെക്കുറിച്ച് താങ്കൾ നന്നായി പ്രസംഗിക്കുകയും എഴുതുകയും ചെയ്തിരിക്കുന്നു. സഭയുടെ വിശ്വസ്ത സന്താനമാണ് താങ്കൾ".

പ്രഭാഷകൻ തിരുത്തുക

1930-ലാണ് അദ്ദേഹം ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ മുഖേനയുള്ള വേദപ്രഘോഷണത്തിലേക്കു തിരിഞ്ഞത്. ആദ്യം റേഡിയോയിലും തുടർന്ന് ടെലിവിഷനിലും അദ്ദേഹം പ്രവർത്തിച്ചു. 1930 മുതൽ 1952 വരെ ആഴ്ചതോറും ഷീൻ അവതരിപ്പിച്ചിരുന്ന "കത്തോലിക്കാ മണിക്കൂർ" (The Catholic Hour) എന്ന റേഡിയോ പരിപാടി ഏറെ ജനപ്രീതി നേടി. ജനസമ്മതിയുടെ ഉച്ചിയിൽ 130 സ്റ്റേഷനുകൾ വഴി 40 ലക്ഷം ശ്രോതാക്കൾ അതിനുണ്ടായിരുന്നു. 1951 മുതൽ 1957 വരെ അദ്ദേഹം, ഡ്യുമോണ്ട് ശൃംഖലയുടെ "ജീവിതം ജീവിക്കാൻ അർഹതപ്പെട്ടതാണ് (Life is worth living) എന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തു.

നർമ്മം കലർന്ന വാക്ചാതുരി ഷീനിന്റെ പ്രശസ്തി വർദ്ധിപ്പിച്ചു. റേഡിയോ പ്രഘോഷകനായി തുടങ്ങി ടെലിവിഷനിലേക്കു ചുവടുമാറ്റിയ ഷീൻ, റേഡിയോയെ "വചനം കാട്ടാതെ അതിനെ കേൾപ്പിക്കുക മാത്രം ചെയ്യുന്ന പഴയനിയമത്തോടും" ടെലിവിഷനെ, "മാംസരൂപമായ വചനത്തെ നമുക്കിടയിൽ എത്തിക്കുന്ന പുതിയനിയമത്തോടും" താരതമ്യപ്പെടുത്തി.[2] 1953-ൽ ടെലിവിഷനിലെ ഏറ്റവും ശ്രദ്ധേയനായ വ്യക്തിക്കുള്ള എമ്മി സമ്മാനം ലഭിച്ചപ്പോൾ സ്വീകരണപ്രസംഗത്തിൽ അദ്ദേഹം സ്വന്തം തിരക്കഥാകൃത്തുകൾ എന്ന നിലയിൽ നന്ദി പറഞ്ഞത് മത്തായി, മർക്കോസ്, ലൂക്കാ, യോഹന്നാൻ എന്നീ സുവിശേഷകന്മാർക്കായിരുന്നു. "കന്യാസ്ത്രികളുടെ കുമ്പസാരം കേൾക്കുന്നത് ചോളപ്പൊരി കൊണ്ട് എറിഞ്ഞു കൊല്ലപ്പെടുന്നതു പോലെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ഫലിതം.[4]

അവലംബം തിരുത്തുക

  1. 1.0 1.1 "Fulton Sheen Biography and Inspiration". Archbishop Fulton John Sheen Foundation. Retrieved 2010-05-16.
  2. 2.0 2.1 The Dominican Province of St. Joseph, Archbishop Fulton J. Sheen, Master Preacher, Master of the Airwaves[പ്രവർത്തിക്കാത്ത കണ്ണി]
  3. Life is Worth Living, About Fulten J Sheen Archived 2012-04-19 at the Wayback Machine.
  4. "...like being stoned to death with popcorn." NNDB.com ഫുൾട്ടൻ ജെ. ഷീൻ
"https://ml.wikipedia.org/w/index.php?title=ഫുൾട്ടൻ_ജെ._ഷീൻ&oldid=3727676" എന്ന താളിൽനിന്ന് ശേഖരിച്ചത്