തെക്കേ ഇന്ത്യയിലെ ഒരു പ്രമുഖനായ കർണ്ണാടകസംഗീതജ്ഞനാണ് പ്രിൻസ് രാമവർമ്മ. തിരുവിതാംകൂർ രാജകുടുംബാംഗമായ അദ്ദേഹം പ്രസിദ്ധനായ ഒരു വായ്പ്പാട്ടുകാരനും വീണാവാദകനും എഴുത്തുകാരനും റോട്ടർഡാം കൺസർവേറ്ററി ഓഫ് മ്യൂസിക്കിൽ അദ്ധ്യാപകനുമാണ്. മഹാരാജാ സ്വാതിതിരുനാളിന്റേയും രാജാ രവിവർമ്മയുടേയും കലാപാരമ്പര്യത്തിന്റെ തുടർച്ചയിൽ നിൽക്കുന്ന അദ്ദേഹം പൂയം തിരുനാൾ ഗൗരിപാർവതിബായിയുടെയും ചെമ്പ്രോൾ രാജരാജവർമ്മയുടേയും ഏറ്റവും ഇളയ മകനാണ്[1].[2].അദ്ദേഹത്തിന്റെ മൂത്ത സഹോദരി, പ്രൊഫസർ മാധവദാസ് നാലാപ്പാട്ടിന്റെ സഹധർമ്മിണിയായ തിരുവാതിര തിരുനാൾ ലക്ഷ്മീബായി ആണ്.

Prince Rama Varma
പശ്ചാത്തല വിവരങ്ങൾ
ജനനം (1968-08-13) ഓഗസ്റ്റ് 13, 1968  (55 വയസ്സ്)
Kerala, India
വിഭാഗങ്ങൾCarnatic classical music
തൊഴിൽ(കൾ)Singer, veena player, writer.
വർഷങ്ങളായി സജീവം1990 – present
വെബ്സൈറ്റ്ramavarma

ജീവിതരേഖ തിരുത്തുക

1968 അഗസ്ത് 12-ന്നാണ് ജനനം. ആദ്യകാലത്ത് മൃഗചികിത്സാരംഗത്ത് ഒരു സർജ്ജനായിത്തീരാൻ താത്പര്യം കാണിച്ചിരുന്ന രാമവർമ്മക്ക് ഒരു നിയോഗം പോലെ പാടാൻ കിട്ടിയ ഒരവസരമാണ് സംഗീതലോകത്തേക്ക് അദ്ദേഹത്തെ എത്തിച്ചത്. തുടർന്ന് 1982-ൽ അദ്ദേഹം, തന്റെ പ്രപിതാമഹിയുടെ പ്രോത്സാഹനത്തിലും സാമ്പത്തികസഹായത്തോടേയും, സംഗീതം പഠിക്കാനാരംഭിച്ചു[3]. വെച്ചൂർ ഹരിഹരസുബ്രഹ്മണ്യ അയ്യർ, തിരുവനന്തപുരം. ആർ. വെങ്കിട്ടരാമൻ, കെ.എസ്.നാരയണസ്വാമി എന്നിവരായിരുന്നു ആദ്യകാല ഗുരുക്കന്മാർ. പിന്നീട് അദ്ദേഹ്അം എം. ബാലമുരളികൃഷ്ണയുടെ കീഴിലും സംഗീതാഭ്യസനം നടത്തി[2][4].

സംഗീതരംഗം തിരുത്തുക

രാമവർമ്മ തന്റെ ആദ്യ സംഗീതപ്രകടനം നടത്തിയതും ആദ്യ സി.ഡി. പ്രകാശിപ്പിച്ചതും ലണ്ടനിലെ ക്യൂൻ എലിസബത്ത് ഹാളിലാണ്. സംഗീതത്തിന്റെ മറ്റെല്ലാ മേഖലകളുടേയും സ്വാധീനം സ്വാംശീകരിക്കാറുള്ള അദ്ദേഹം ദുബായ്, ഫ്രാൻസ്, ജർമ്മനി, കുവൈറ്റ്, നെതർലാൻഡ്, യു.കെ., യു.എസ്., എന്നീ രാജ്യങ്ങളിലൊക്കെ സംഗീതക്കച്ചേരി നടത്തിയിട്ടുണ്ട്. ബെൽജിയത്തിലെ സ്യൂഡർപെർഷ്യൂസിലും, ആംസ്റ്റാർഡാമിൽ റോയൽ ട്രോപ്പൻ ഇൻസ്റ്റിറ്റ്യൂട്ടിലും ഹേഗിലെ കോർസോ തിയേറ്ററിലും അദ്ദേഹം നടത്തിയ പ്രകടനങ്ങൾ ശ്രദ്ധേയങ്ങളായിരുന്നു. എ.പി.ജെ. അബ്ദുൾകലാം പ്രസിഡന്റായിരുന്നപ്പോൾ അദ്ദേഹം പ്രിൻസ് രാമവർമ്മയെ രാഷ്ട്രപതി ഭവനിൽ കച്ചേരിനടത്താൻ ക്ഷണിച്ചിരുന്നു[5]. സ്വാതിതിരുനാളിന്റേയും ബൽമുരളികൃഷ്ണയുടേയും രചനകളേപ്പറ്റി ആധികാരികാമായി പറയാൻ കഴിവുള്ള ഒരാളായാണ് രാമവർമ്മ പരിഗണിക്കപ്പെട്ടുപോരുന്നത്. കർണ്ണാടകസംഗീതത്തേക്കുറിച്ച് അദ്ദേഹം ധാരാളം സോദാഹരണപ്രഭാഷണങ്ങൾ നടത്തിവരുന്നുണ്ട്. ഇന്ത്യൻ സംഗീതത്തേപ്പറ്റി അദ്ദേഹം ആനുകാലികങ്ങളിൽ എഴുതാറുമുണ്ട്. ഇന്ത്യൻ ഗായകാരായ കിഷൻ കിഷോറിന്റേയും കെ.എൽ.സൈഗാളിന്റേയും ആരാധകനായ വർമ്മ ജേഡ് എറു, ഫൈറൂസ്, ഗൂഗൂഷ് തുടങ്ങിയ ലോകസംഗീതരംഗത്തെ താരങ്ങളേയും ആരധിക്കുന്നു[3].

സംഗീതമേളകൾ തിരുത്തുക

മഹാരാജാസ്വാതിതിരുനാളിന്റെ ഓർമ്മക്കായി തിരുവനന്തപുരത്ത് നടന്നുപോരുന്ന സ്വാതി സംഗീതോത്സവം സംഘടിപ്പിക്കുന്നത്[3][6] പ്രിൻസ് രാമവർമ്മ ആണ്. നവരാത്രിമണ്ഡപത്തിലെ നവരാത്രിക്കച്ചേരിയും അദ്ദേഹമാണ് സംഘടിപ്പിക്കുന്നത്. പാറശ്ശാല പൊന്നമ്മാൾ എന്ന സംഗീതപ്രതിഭയായ വനിതയെ, 300-ഓളം വർഷമായി പുരുഷന്മാർ മാത്രം പാടിപ്പോന്ന പാരമ്പര്യം ലംഘിച്ചുകൊണ്ട്, നവരാത്രിമണ്ഡപത്തിൽ പാടാൻ കൊണ്ടുവന്നത് രാമവർമ്മയാണ്[5]. അതുപോലെ അവിടെ പാടാൻ അമൃത വെങ്കടേശിന്നും അവരുടെ ഇരുപതാമത്തെ വയസ്സിൽത്തന്നെ, അദ്ദേഹം അവസരം നൽകുകയുണ്ടായി.

അവലംബം തിരുത്തുക

  1. Ramakrishnan, Deepa H. (February 26, 2005)."Royalty's humble face". The Hindu. RetrievedDecember 4, 2013.
  2. 2.0 2.1 "Jamming at a jugalbandi". The Hindu. May 2, 2002. Retrieved December 4, 2013.
  3. 3.0 3.1 3.2 "When music reigns... Swati Fete". The Hindu. January 3, 2009. Retrieved December 4, 2013.
  4. "A new experience". The Hindu. August 8, 2005. Retrieved March 27, 2014.
  5. 5.0 5.1 "Prince Rama Varma". Webindia123. Retrieved December 4, 2013.
  6. "Royal musical treat". The Hindu. January 4, 2008. Retrieved December 4, 2013.
"https://ml.wikipedia.org/w/index.php?title=പ്രിൻസ്_രാമവർമ്മ&oldid=2785497" എന്ന താളിൽനിന്ന് ശേഖരിച്ചത്