ഏതാണ്ട് 8000-ത്തോളം സൗരയൂഥയേതര-നക്ഷത്രേതര ഖഗോളവസ്തുക്കളെ ശാസ്ത്രീയ വർഗ്ഗീകരിച്ച ഒരു ജ്യോതിശാസ്ത്രകാറ്റലോഗ് ആണു ന്യൂ ജെനറൽ കാറ്റലോഗ് (ആംഗലേയം: New General Catalog). NGC catalog എന്നാണു ഈ കാറ്റലോഗ് പൊതുവിൽ അറിയപ്പെടുന്നത്.

1887 ൽ ആണ് ഇത് ആദ്യമായി പുറത്തുവന്നത്. അന്ന് ഉത്തരാർദ്ധ ഗോളത്തിൽ നിന്ന് വീക്ഷിക്കാവുന്ന ഖഗോളവസ്തുക്കളെ മാത്രമേ ഇതിൽ ഉൾപ്പെടുത്തിയിരുന്നുള്ളൂ. പിന്നീട് ദക്ഷിണാർദ്ധഗോളത്തിൽ നിന്ന് വീക്ഷിക്കാവുന്ന ഖഗോളവസ്തുക്കളെ കൂടി ഉൾപ്പെടുത്തി 1895ലും 1907ലും Index catalog (IC) എന്ന പേരിൽ ഇതിന്റെ രണ്ട് സപ്ലിമെന്റുകളും പുറത്തുവന്നു.

NGC എന്ന മൂന്നക്ഷരങ്ങളും പിന്നീട് ഒരു സംഖ്യയും ഉപയോഗിച്ചാണ് ഈ കാറ്റലോഗിൽ ഖഗോളവസ്തുക്കളെ സൂചിപ്പിക്കുന്നത്. അപൂർവ്വമായി IC എന്നും ഉപയോഗിക്കാറുണ്ട്. NGC കാറ്റലോഗ് പ്രകാരം ആൻഡ്രോമിഡ ഗാലക്സിയുടെ പേര് ‍NGC 224 എന്നാണ്. ആകാശമാപ്പുകളിൽ ഗാലക്സികളെ സാധാരണ അതിന്റെ NGC സംഖ്യ ഉപയോഗിച്ചാണ് സൂചിപ്പിക്കുന്നത്. ചില ആകാശ മാപ്പുകളിൽ ഈ കാറ്റലോഗുപ്രകാരമുള്ള ഖഗോളവസ്തുക്കളെ ‍NGC ചേർക്കാതെ വെറും നാലക്ക സംഖ്യ കൊണ്ടും സൂചിപ്പിക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=ന്യൂ_ജെനറൽ_കാറ്റലോഗ്&oldid=1714910" എന്ന താളിൽനിന്ന് ശേഖരിച്ചത്