നിർദേശകതത്ത്വങ്ങൾ

ഇന്ത്യൻ ഭരണഘടന

ഇന്ത്യൻ ഭരണഘടനയുടെ നാലാം ഭാഗത്ത് ഉൾച്ചേർത്തിരിക്കുന്ന 36 മുതൽ 51 വരെയുള്ള അനുച്ഛേദങ്ങളാണ് നിർദ്ദേശകതത്ത്വങ്ങൾ. മാർഗനിർദ്ദേശക തത്ത്വങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ഇവ ഭരണനിർവ്വഹണത്തിലും നിയമനിർമ്മാണത്തിലും ഭരണകൂടം പാലിക്കേണ്ട നിർദ്ദേശങ്ങളാണ്. ഒരു ക്ഷേമരാഷ്ട്രം എന്ന നിലയിൽ രാജ്യത്തിന്റെ ലക്ഷ്യങ്ങളായി അവയെ കണക്കാക്കിയിരിക്കുന്നു. രാഷ്ട്രത്തിന്റെ പ്രവർത്തനമേഖലകളായ സാമ്പത്തിക-സാമൂഹിക-നൈയാമിക-വിദ്യാഭ്യാസ-അന്താരാഷ്ട്ര. മേഖലകളെയെല്ലാം സ്പർശിക്കുന്ന വിപുലമായ ഒരു മണ്ഡലത്തെയാണ് നിർദ്ദേശകതത്ത്വങ്ങൾ ഉൾക്കൊള്ളുന്നത്.

പശ്ചാത്തലം തിരുത്തുക

ഫ്രഞ്ച് വിപ്ലവം മുതലേ രാഷ്ട്രീയ സ്വാതന്ത്ര്യവും സാമൂഹ്യനീതിയും തമ്മിലുള്ള അഭേദ്യബന്ധം അംഗീകരിക്കപ്പെട്ടിരുന്നു. സമാധാനത്തിനടിസ്ഥാനം സാമൂഹ്യനീതിയാണെന്ന് രണ്ടാം ലോകയുദ്ധത്തിനുശേഷമുണ്ടായ ഉടമ്പടികൾ വ്യക്തമാക്കുന്നുണ്ട്. അത്തരം വ്യവസ്ഥകൾ എല്ലാം തന്നെ കോടതിയുടെ പിൻബലത്തോടെ നടപ്പാക്കാൻ പറ്റാത്തവയാകാമെന്ന ധാരണയും പരക്കെയുണ്ടായിരുന്നു. അതോടൊപ്പംതന്നെ, അവ ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം അനുവർത്തിക്കപ്പെടേണ്ട ഒരു പ്രതിജ്ഞയുടെ സ്വഭാവം ഉൾക്കൊള്ളുകയും ചെയ്യുന്നു.

1937-ൽ രൂപീകൃതമായ ഐറിഷ് ഭരണഘടന ഇക്കാര്യത്തിൽ ഒരു മാതൃകയായി. അവിടെ മൗലികാവകാശങ്ങളും മാർഗനിർദ്ദേശകതത്ത്വങ്ങളും തമ്മിൽ വേർതിരിച്ചുകൊണ്ടുള്ള സമീപനമാണുണ്ടായത്. അതിന്റെ സ്വാധീനത്തിൽ സ്വതന്ത്ര ഇന്ത്യയിൽ രൂപീകരിച്ച ടി.ബി. സപ്രൂകമ്മിറ്റി പുതിയ ഭരണഘടനയിൽ കോടതിവഴി നടപ്പാക്കാവുന്നതും അല്ലാത്തതുമായ രണ്ടുതരം അവകാശങ്ങൾ ഉൾപ്പെടുത്തണമെന്നു ശുപാർശ ചെയ്തു. രണ്ടാമത്തെ വിഭാഗത്തെപ്പറ്റി എതിരഭിപ്രായവും സമിതിയിൽ ഉണ്ടായിരുന്നു. എന്നാൽ വിശദചർച്ചകൾക്കുശേഷം അംഗീകരിക്കപ്പെട്ട ഭരണഘടനയിൽ നിർദ്ദേശകതത്ത്വങ്ങളെ വിവിധ ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. ആദ്യത്തേതിൽ കോടതിവഴി അവകാശമായി നടപ്പിലാക്കാവുന്ന മൗലികാവകാശങ്ങളും രണ്ടാമത്തേതിൽ കോടതി വഴി നടപ്പിലാക്കാൻ കഴിയണമെന്നില്ലാത്ത മാർഗനിർദ്ദേശകതത്ത്വങ്ങളും ഉൾപ്പെടുത്തി. ക്ഷേമരാഷ്ട്രം എന്ന ആശയം സ്വീകരിച്ചുകൊണ്ടു ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും ഉറപ്പുവരുത്തേണ്ടതു രാജ്യത്തിന്റെ കടമയായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പ്രത്യേക സാഹചര്യങ്ങൾക്കനുയോജ്യമായ സാമ്പത്തികവും സാമൂഹികവുമായ ചില തത്ത്വങ്ങളാണു മാർഗനിർദ്ദേശകതത്ത്വങ്ങളായി അംഗീകരിക്കപ്പെട്ടത്. സമിതി സ്വീകരിച്ച സമീപനത്തെ ന്യായീകരിച്ചുകൊണ്ടു ഡോ. അംബേദ്കർ പറഞ്ഞത്, ഭരണഘടയുടെ പ്രധാനലക്ഷ്യം ദ്വിമുഖമാണെന്നും അവ രാഷ്ട്രീയ ജനാധിപത്യവും സാമ്പത്തിക ജനാധിപത്യവും ഉറപ്പുവരുത്തുകയാണെന്നുമാണ്. നാലാം ഭാഗത്തിന്റെ മൊത്തം ഉള്ളടക്കത്തെ മൂന്നുവിഭാഗമായി തരംതിരിച്ചിട്ടുണ്ട്. നാലാം ഭാഗത്തിലെ പ്രധാന തത്ത്വങ്ങൾ ഇപ്രകാരമാണ്:

സാമൂഹിക സാമ്പത്തിക സ്വഭാവം തിരുത്തുക

ജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ഒരു സാമൂഹ്യക്രമം കാത്തുസൂക്ഷിച്ചു നിലനിർത്തുക (38-ാം വകുപ്പ്); എല്ലാവർക്കും തുല്യാവസരം എന്ന അടിസ്ഥാനത്തിൽ നിയമവ്യവസ്ഥയുടെ പ്രയോഗം നീതി പ്രദാനം ചെയ്യുന്നുവെന്ന് രാഷ്ട്രം ഉറപ്പുവരുത്തുക മാത്രമല്ല, ഉചിതമായ നിയമനിർമ്മാണം വഴിയോ മറ്റുവിധത്തിലോ സൗജന്യ നിയമ സഹായത്തിനും സൗകര്യമുണ്ടാക്കേണ്ടതും അങ്ങനെ, സാമ്പത്തികമോ മറ്റ് ഏതെങ്കിലും വിധത്തിലോ ഉള്ള അവശതകൾ കാരണം ഏതെങ്കിലും പൗരന് നീതി നിഷേധിക്കപ്പെടുവാനുള്ള അവസരം ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക (39-ാം വകുപ്പ്).

സാമൂഹ്യ സുരക്ഷ തിരുത്തുക

എല്ലാ പൗരന്മാർക്കും ജീവിക്കാൻ മതിയായ ഉപാധികൾ ഉറപ്പുവരുത്തുക; സമൂഹത്തിന്റെ ഭൗതിക സമ്പത്ത് പൊതു നന്മയ്ക്കുതകത്തക്കവണ്ണം ശരിയായി വിതരണം ചെയ്യുക; പൊതു ഗുണത്തിന് ഹാനികരമായവിധത്തിൽ ധനം കുന്നുകൂടുന്നതിനെ തടയുക; സ്ത്രീക്കും പുരുഷനും തുല്യ ജോലിക്കു തുല്യവേതനം അനുവദിക്കുക; തൊഴിലാളികളുടെ ആരോഗ്യവും ദേഹശക്തിയും പരിരക്ഷിക്കുകയും പൗരന്മാരെ അവരുടെ പ്രായത്തിനും ശക്തിക്കും ചേരാത്ത തൊഴിലുകളിൽ പ്രവേശിക്കാൻ നിർബന്ധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യുക, ആരോഗ്യകരമായ രീതിയിലും സ്വാതന്ത്ര്യബോധവും ആത്മാഭിമാനവും പുലരുന്ന സാഹചര്യത്തിലും കുട്ടികൾക്കു തങ്ങളുടെ വ്യക്തിത്വം വികസിപ്പിക്കാനുള്ള അവസരങ്ങളും സൗകര്യങ്ങളും പ്രദാനം ചെയ്യുക, കുട്ടികളെയും യുവജനങ്ങളെയും ചൂഷണത്തിൽ നിന്നും അധാർമികവും അനാരോഗ്യകരവുമായ ദുശ്ശീലങ്ങളിൽനിന്നും സംരക്ഷിക്കുക (39-ാം വകുപ്പ്); തൊഴിലിന്റെയും മാതൃ-ശിശു-ഗർഭ ശുശ്രൂഷകളുടെയും സ്ഥിതി നീതിപൂർവകവും മനുഷ്യോചിതവുമാണെന്ന് ഉറപ്പു വരുത്തുക (42-ാം വകുപ്പ്); ജനങ്ങൾക്ക് തൊഴിൽ, ജീവനക്കൂലി, മാന്യമായ ജീവിത നിലവാരം, വിശ്രമം, സാമൂഹ്യവും സാംസ്കാരികവുമായ അവസരങ്ങൾ ഇവ ഉറപ്പു വരുത്തുക. പ്രത്യേകമായി കുടിൽ വ്യവസായങ്ങൾ അഭിവൃദ്ധിപ്പെടുത്തുക (43-ാം വകുപ്പ്); ഉചിതമായ നിയമനിർമ്മാണം വഴിയോ മറ്റുവിധത്തിലോ തൊഴിലാളികൾക്ക് ബന്ധപ്പെട്ട വ്യവസായത്തിന്റെയോ സ്ഥാപനത്തിന്റെയോ സംഘടനയുടെയോ മാനേജ്മെന്റിൽ പങ്കാളിത്തം ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുക (43-ാം വകുപ്പ്); പതിനാലു വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും, ഭരണഘടന നടപ്പിലാകുന്ന കാലം മുതൽ പത്തു വർഷത്തിനുള്ളിൽ നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്കുക (45-ാം വകുപ്പ്); സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ, പ്രത്യേകിച്ച്, പട്ടകിജാതി-പട്ടികവർഗക്കാരുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താത്പര്യങ്ങൾ ശ്രദ്ധാപൂർവം പരിരക്ഷിക്കുക (46-ാം വകുപ്പ്); പൊതുജനാരോഗ്യത്തിന്റെ അഭിവൃദ്ധിയും ലഹരി പാനീയങ്ങളുടെയും ലഹരി മരുന്നുകളുടെയും നിരോധനവും ഉറപ്പുവരുത്തുക (47-ാം വകുപ്പ്).

സാമൂഹ്യക്ഷേമം തിരുത്തുക

സ്വയംഭരണത്തിന്റെ ആദ്യ ഘടകങ്ങളെന്ന നിലയിൽ ഗ്രാമപഞ്ചായത്തുകൾ സംഘടിപ്പിക്കുക (40-ാം വകുപ്പ്); തൊഴിൽ ചെയ്യുന്നതിനും വിദ്യ അഭ്യസിക്കുന്നതിനുമുള്ള അവകാശവും (40-ാം വകുപ്പ്); തൊഴിലില്ലായ്മ, വാർധക്യം, രോഗം മുതലായവക്ക് സഹായം ലഭിക്കുന്നതിനുള്ള അവകാശവും ഉറപ്പാക്കുക (41-ാം വകുപ്പ്); രാജ്യത്തിനു മുഴുവൻ ബാധകമായ, ഏകീകൃതമായ ഒരു സിവിൽ നിയമസംഹിത കരുപ്പിടിപ്പിക്കുക (44-ാം വകുപ്പ്); ശാസ്ത്രീയമായരീതിയിൽ കൃഷിയും കന്നുകാലി വളർത്തലും നടത്തുക; അവയുടെ വംശശുദ്ധി പരിപോഷിപ്പിക്കുക; ഗോവധം നിരോധിക്കുക; അതോടൊപ്പംതന്നെ ഉഴവു മാടുകളുടെയും മറ്റു കിടാരികളുടെയും വധവും നിരോധിക്കുക (48-ാം വകുപ്പ്); രാജ്യത്തെ വനങ്ങളെയും വന്യജീവികളെയും കാത്തുസൂക്ഷിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും ആവശ്യമായ നടപടികൾ സ്വീകരിച്ചു നടപ്പാക്കുക (49-ാം വകുപ്പ്); ദേശീയ പ്രാധാന്യവും ചരിത്രപരമായ മൂല്യവുമുള്ള എല്ലാ സ്മാരകങ്ങളെയും സംരക്ഷിക്കുക (49-ാം വകുപ്പ്); ജുഡീഷ്യറിയെ എക്സിക്യൂട്ടീവിൽനിന്നു വേർപെടുത്തി അവ തമ്മിലുള്ള വിഭജനം നടപ്പാക്കുക (50-ാം വകുപ്പ്); അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പു വരുത്തുക; രാഷ്ട്രങ്ങൾ തമ്മിലുള്ളബന്ധം അന്തസ്സുറ്റതും നീതിയുക്തവുമായി നിലനിർത്തുമെന്ന് ഉറപ്പുവരുത്തുക; അന്താരാഷ്ട്ര തർക്കങ്ങൾ കൂടിയാലോചനകളിലൂടെ പര്യവസാനിപ്പിക്കുമെന്ന് ഉറപ്പുവരുത്തുക (51-ാം വകുപ്പ്).

നാലാം ഭരണഘനാഭേദഗതി പാർലമെന്റിൽ അവതരിപ്പിച്ചുകൊണ്ട് അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ചെയ്ത പ്രസംഗത്തിൽ മൗലികാവകാശവും നിർദ്ദേശകതത്ത്വവും തമ്മിൽ സംഘട്ടനമുണ്ടായാൽ, നിർദ്ദേശകതത്ത്വമായിരിക്കണം നിലനിൽക്കേണ്ടത് എന്നു ചൂണ്ടിക്കാണിക്കുകയുണ്ടായി. നിർദ്ദേശകതത്ത്വങ്ങളുടെ യാഥാർഥമായ പ്രാധാന്യം രാഷ്ട്രത്തിന് പൗരന്മാരോടുണ്ടായിരിക്കേണ്ട ഗുണകരമായ ബാദ്ധ്യതകളെ അവ ഉൾക്കൊള്ളുന്നുവെന്നതാണ്. ഈ തത്ത്വങ്ങൾ നിയമനിർമ്മാണത്തിൽ പ്രയോഗക്ഷമമാക്കേണ്ടത് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ ചുമതലയാണ്. 1976-ലെ ഭരണഘടയുടെ 42-ാം ഭേദഗതി(പരിസ്ഥിതി-വന-വന്യജീവി സംരക്ഷണം)യും 2002-ലെ ഭരണഘടയുടെ 86-ാം ഭേദഗതി(കുട്ടികൾക്ക് നിർബന്ധിതവും സൗജ്യന്യവുമായ വിദ്യാഭ്യാസം)യും നിർദ്ദേശക തത്ത്വങ്ങളുടെ ചുവടുപിടിച്ചുള്ളവയായിരുന്നു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിർദേശകതത്ത്വങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നിർദേശകതത്ത്വങ്ങൾ&oldid=4022379" എന്ന താളിൽനിന്ന് ശേഖരിച്ചത്