നായ്ക്കളിൽ വൈറസ്ബാധ മൂലമുണ്ടാകുന്ന ഗുരുതര രോഗമാണ് നായ്പൊങ്ങൻ. കടുത്ത പനി, ഭക്ഷണത്തോട് വിരക്തി, കണ്ണിൽനിന്നും മൂക്കിൽനിന്നുമുള്ള പച്ചയും മഞ്ഞയും നിറമാർന്ന കൊഴുത്ത സ്രവം, പീളകെട്ടിയ കണ്ണുകൾ, ചുമ, വയറിന്റെ അടിഭാഗത്തും തുടയിലും പഴുപ്പു കെട്ടിയ കുമിളകൾ എന്നിവയാണ് രോഗലക്ഷണങ്ങൾ. കുമിളകൾ കാണുന്നതുകൊണ്ടാണ് ഈ രോഗം നായ്പൊങ്ങൻ എന്ന പേരിൽ അറിയപ്പെടുന്നത്. വായുവിലൂടെയും ഭക്ഷണത്തിലൂടെയും ഈ രോഗം പടരുന്നു. നായക്കുട്ടികളിൽ ഇത് മാരകമാണ്.

നായ്പൊങ്ങൻ
Virus classification
Group:
Group V ((−)ssRNA)
Order:
Family:
Genus:
Species:

രോഗലക്ഷണങ്ങൾ തിരുത്തുക

രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയശേഷം ന്യൂമോണിയ ബാധിച്ച് രോഗം മൂർഛിക്കുന്നു. ചിലപ്പോൾ തലച്ചോറിനെ ബാധിച്ച് അപസ്മാരം പോലെയുള്ള ലക്ഷണങ്ങളും കാണിയ്ക്കും. ചില നായകളിൽ ഛർദിയും വയറിളക്കവും കണ്ടേക്കാം. രോഗം മൂർച്ഛിക്കുമ്പോൾ നായ്ക്കളുടെ കാലുകൾക്ക് തളർച്ച ബാധിക്കുന്നു. ആദ്യഘട്ടത്തിൽ പിൻകാലുകൾ തളരുന്നതായും ക്രമേണ മുൻകാലുകളും തളർന്നു പോകുന്നതായും കണ്ടുവരുന്നു. താടിയെല്ല് ഇടവിട്ട് വിറയ്ക്കുന്നതായും ഉമിനീർ ക്രമാതീതമായി ഒലിക്കുന്നതായും കാണാം. ചിലപ്പോൾ നായ അറിയാതെതന്നെ മലമൂത്ര വിസർജനം നടക്കുന്നു. രോഗലക്ഷണങ്ങൾ വച്ചുതന്നെ രോഗനിർണയം നടത്താവുന്നതാണ്.

ചികിത്സ തിരുത്തുക

ശ്രദ്ധാപൂർവമായ പരിചരണത്തിലൂടെയും തുടക്കത്തിലേയുള്ള ചികിത്സകൊണ്ടും രോഗത്തെ ഒരുപരിധിവരെ സുഖപ്പെടുത്താമെങ്കിലും വൈറസ് മൂലമുള്ള രോഗമായതിനാൽ ചികിത്സ ഫലപ്രദമാകാറില്ല. എന്നാൽ പ്രതിരോധശേഷി കൂടുതലുള്ള നായകൾ ചിലപ്പോൾ രോഗവിമുക്തി നേടാറുണ്ട്. ചികിത്സയ്ക്കായി ആന്റിബയോട്ടിക്കുകൾ, വേദന സംഹാരികൾ, പനി കുറയ്ക്കുന്ന ഔഷധങ്ങൾ, അപസ്മാരം കുറയ്ക്കുന്ന ഔഷധങ്ങൾ എന്നിവ ഉപയോഗിക്കുന്നു.

പ്രധിരോധ കുത്തിവയ്പ് തിരുത്തുക

നായ്പൊങ്ങൻ രോഗത്തിനെതിരായി ഫലപ്രദമായ പ്രതിരോധ കുത്തിവയ്പ് ലഭ്യമാണ്. 6 ആഴ്ച പ്രയാമുള്ളപ്പോൾത്തന്നെ ആദ്യത്തെ കുത്തിവയ്പ് നൽകേണ്ടതാണ്. അതിനുശേഷം 2-4 ആഴ്ച ഇടവിട്ട് 16 ആഴ്ച പ്രായമാകുന്നതുവരെ ഓരോ അധികഡോസ് കുത്തിവയ്പ് നടത്തേണ്ടതാണ്. അതിനുശേഷം ഓരോ വർഷവും ബൂസ്റ്റർഡോസ് നൽകണം.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നായ് പൊങ്ങൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നായ്പൊങ്ങൻ&oldid=4022270" എന്ന താളിൽനിന്ന് ശേഖരിച്ചത്