മറാത്തയിൽ റീജന്റായി ഭരണം നടത്തിയ വനിതയാണ് താരാബായ് (1675–1761). മറാത്ത ജനറൽ ഹംബിറാവു മോഹിതെയുടെ മകളും ശിവജിയുടെ പുത്രനായ രാജാറാമിന്റെ പത്നിയുമായിരുന്നു താരാബായ്. ഭർത്താവിന്റെ മരണത്തെത്തുടർന്ന്, പ്രായപൂർത്തിയാകാത്ത തന്റെ മകനുവേണ്ടി 1700 മുതൽ ഏഴുവർഷക്കാലം ഇവർ റീജന്റായി ഭരണം നടത്തി. ഈ കാലയളവിൽ മറാത്തരെ സംഘടിപ്പിച്ച് മുഗളൻമാർക്കെതിരെ പോരാട്ടം നടത്താൻ ഇവർക്കു സാധിച്ചു. ഇവരുടെ നേതൃത്വത്തിൽ ബീഹാർ, ഗുജറാത്ത്, അഹമ്മദ് നഗർ എന്നീ മുഗൾ പ്രവിശ്യകളെ ആക്രമിക്കുവാൻ മറാത്തർക്കു കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്.

താരാബായ്
Tarabai
താരാബായ് യുദ്ധക്കളത്തിൽ - പ്രശസ്ത മറാഠി ചിത്രകാരൻ എം.വി. ധുരൺധർ 1927-ൽ വരച്ച ചിത്രം
ജീവിതപങ്കാളി ഛത്രപതി രാജാറാം
മക്കൾ
ശിവാജി II
പിതാവ് ഹംബിറാവു മോഹിതെ
താരാബായുടെ പ്രതിമ, കോലാപ്പൂർ

കുടുംബം തിരുത്തുക

മറാത്താ സാമ്രാജ്യത്തിന്റെ സ്ഥാപക രാജാവായ ശിവാജിയുടെ സേനാനായകൻ ഹംബിറാവു മോഹിതെയുടെ മകളായി [1] താരാബായ് ജനിച്ചു. ശിവാജിയുടെ രാജ്ഞിയും ഇളയ മകൻ രാജാറാം ഒന്നാമന്റെ അമ്മയുമായിരുന്ന സോയാരാബായ് ഹംബിറാവുവിന്റെ സഹോദരിയായിരുന്നു. താരാബായ് തന്റെ മച്ചുനനായ രാജാറാമിന്റെ രണ്ടാം ഭാര്യയായി. 1689 മുതൽ 1700 വരെ രാജാറാം മറാഠ സാമ്രാജ്യം ഭരിച്ചു. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ജാൻകിബായ് ആയിരുന്നു രാജ്ഞി. രാജാറാമിന്റെ മരണത്തെത്തുടർന്ന് 1700 മാർച്ച് രണ്ടാം തീയതി ജാൻകിബായ് സതി അനുഷ്ഠിക്കുകയുണ്ടായി. തുടർന്ന് താരാബായ് അന്നു ശിശുവായിരുന്ന തന്റെ മകൻ ശിവാജി രണ്ടാമനെ രാജാറാമിന്റെ പിൻഗാമിയായും സ്വയം റീജന്റായും പ്രഖ്യാപിച്ചു.

ഭരണത്തിൽ തിരുത്തുക

റീജന്റ് എന്ന നിലയിൽ താരാബായ് മുഗൾ സൈന്യത്തിനെതിരായ യുദ്ധത്തിന്റെ ചുമതല ഏറ്റെടുത്തു. കുതിരപ്പടയുടെ നീക്കങ്ങളിൽ അവർ വിദഗ്ധയായിരുന്നു. യുദ്ധസമയത്ത് അവർ സ്വയം തന്ത്രപരമായ നീക്കങ്ങൾ നടത്തുകയും നേരിട്ട് യുദ്ധം നയിക്കുകയും ചെയ്തു. മുഗൾ ചക്രവർത്തി നിരസിക്കും വിധത്തിൽ ഒരു സന്ധി വാഗ്ദാനം ചെയ്യുകയും മറാഠാ പ്രതിരോധം തുടരുകയും ചെയ്തു. 1705 ആയപ്പോഴേക്കും മറാഠ നർമ്മദാ നദി മുറിച്ചുകടക്കുകയും മാൾവയിൽ ചെറിയ നുഴഞ്ഞുകയറ്റങ്ങൾ നടത്തുകയും ഉടൻ തന്നെ പിൻവാങ്ങുകയും ചെയ്തു. 1706-ൽ താരാബായിയെ മുഗൾ സൈന്യം 4 ദിവസത്തേക്ക് പിടികൂടിയിരുന്നു. എന്നാൽ ഒരു മുഗൾ സൈനികന് 10 ദശലക്ഷം രൂപയോളം വിലയുള്ള തന്റെ ആഭരണങ്ങൾ കൈക്കൂലിയായി നൽകി അവർ രക്ഷപ്പെട്ടു. 1700-1707 കാലഘട്ടത്തെ കുറിച്ച് ഒരു പ്രമുഖ ഇന്ത്യൻ ചരിത്രകാരൻ ജാദുനാഥ് സർക്കാർ അഭിപ്രായപ്പെട്ടു: "ഈ കാലഘട്ടത്തിൽ, മഹാരാഷ്ട്രയിലെ പരമോന്നത മാർഗനിർദേശക ശക്തി ഏതെങ്കിലുമൊരു മന്ത്രിയായിരുന്നില്ല, മറിച്ച് താരാബായ് റാണി ആയിരുന്നു. അവരുടെ ഭരണനൈപുണ്യവും വ്യക്തിത്വവും ആ ഭീകരമായ പ്രതിസന്ധിഘട്ടത്തിൽ രാജ്യത്തെ രക്ഷിച്ചു."[2]

സാഹുവുമായുള്ള അധികാരയുദ്ധം തിരുത്തുക

മറാഠാ ആക്രമണത്തെ ഭിന്നിപ്പിക്കുന്നതിനായി, ചില വ്യവസ്ഥകളോടെ മുഗളന്മാർ സാംഭാജിയുടെ മകനും താരാബായിയുടെ സഹോദരപുത്രനുമായ സാഹുജിയെ വിട്ടയച്ചു. മറാഠാ സാമ്രാജ്യത്തിന്റെ നേതൃത്വത്തിനായി അദ്ദേഹം ഉടൻ തന്നെ താരാബായിയെയും ശിവജി രണ്ടാമനെയും വെല്ലുവിളിച്ചു. തന്റെ നിയമപരമായ സ്ഥാനവും പേഷ്വ ബാലാജി വിശ്വനാഥിന്റെ നയതന്ത്രവും കാരണം താരാഭായിയെ മാറ്റുന്നതിൽ സാഹു ഒടുവിൽ വിജയിച്ചു. 1709-ൽ താരാബായ് കോലാപ്പൂരിൽ ഒരു വിമതരാജ്യം സ്ഥാപിച്ചു. എന്നാൽ രാജാറാമിന്റെ മറ്റൊരു വിധവയായ രാജാസബായി, തന്റെ സ്വന്തം മകൻ സാംഭാജി രണ്ടാമനെ സിംഹാസനത്തിൽ ഇരുത്തി. താരാബായിയേയും മകനെയും സംഭാജി രണ്ടാമൻ തടവിലാക്കി. ശിവാജി രണ്ടാമൻ 1726-ൽ അന്തരിച്ചു. പിന്നീട് 1730-ൽ ഛത്രപതി സാഹുവുമായി അനുരഞ്ജനത്തിലേർപ്പെട്ട താരാബായ് രാഷ്ട്രീയ അധികാരങ്ങൾ ഉപേക്ഷിച്ച് സത്താറയിലേക്ക് പോയി.[3]

പേഷ്വയുമായുള്ള ഭിന്നത തിരുത്തുക

1740-കളിൽ, സാഹുവിന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ, ഒരു യുവാവിനെ താരാബായ് തന്റെ ചെറുമകനാണെന്നും അങ്ങനെ ശിവാജിയുടെ നേരിട്ടുള്ള പിൻഗാമിയാണെന്നും അവകാശപ്പെട്ട് സാഹുവിന് മുന്നിൽ അവതരിപ്പിച്ചു. അവന്റെ സുരക്ഷക്കായി അവനെ ഒരു സൈനികന്റെ ഭാര്യ രഹസ്യമായി വളർത്തിയതാണെന്നും അവർ അവകാശപ്പെട്ടു. സ്വന്തമായി ഒരു മകനില്ലാതിരുന്ന സാഹു, പിന്നീട് തന്റെ പിൻഗാമിയായി വന്ന യുവാവിനെ രാജാറാം രണ്ടാമനായി (രാമരാജൻ എന്നും അറിയപ്പെടുന്നു) ദത്തെടുത്തു.[4]

1749-ൽ സാഹുവിന്റെ മരണശേഷം രാജാറാം രണ്ടാമൻ ഛത്രപതിയായി. പേഷ്വ ബാലാജി ബാജി റാവു മുഗൾ അതിർത്തിയിലേക്ക് പോയ തക്കത്തിന്, അദ്ദേഹത്തെ പേഷ്വാ സ്ഥാനത്തുനിന്നും മാറ്റാൻ താരാബായ് രാജാറാം രണ്ടാമനെ പ്രേരിപ്പിച്ചു. രാജാറാം വിസമ്മതിച്ചപ്പോൾ, അവർ അവനെ 1750 നവംബർ 24-ന് സത്താറയിലെ ഒരു തടവറയിൽ അടച്ചു.[5] അവൻ തന്റെ ചെറുമകനല്ലെന്നും അവനെ താൻ വ്യാജമായി അവതരിപ്പിച്ചതാണെന്നും താരബായ് അവകാശപ്പെട്ടു. നേരത്തെ, 1750 ഒക്ടോബറിൽ, താരാഭായി ഉമാബായി ദബാഡെയെ കണ്ടിരുന്നു. അദ്ദേഹവും പേഷ്വയോട് പക പുലർത്തിയിരുന്നു. താരാഭായിയെ പിന്തുണച്ച് ദാമാജി റാവു ഗെയ്‌ക്‌വാദിന്റെ നേതൃത്വത്തിൽ ഉമാബായി 15,000 സൈനികരെ അയച്ചു. പേഷ്വായുടെ വിശ്വസ്തനായ ത്രയംബക്റാവു പുരന്ദരെയുടെ നേതൃത്വത്തിലുള്ള 20,000 പേരടങ്ങുന്ന സൈന്യത്തെ സത്താറയുടെ വടക്കുള്ള ഒരു ചെറിയ പട്ടണമായ നിംബിൽ വെച്ച് ഗെയ്‌ക്‌വാദ് പരാജയപ്പെടുത്തി. തുടർന്ന് അദ്ദേഹം സത്താറയിലേക്ക് മാർച്ച് ചെയ്തു. അവിടെ താരാഭായി അദ്ദേഹത്തെ സ്വീകരിച്ചു. എന്നിരുന്നാലും, ത്രയംബക്റാവു തന്റെ സൈന്യത്തെ വീണ്ടും രൂപീകരിക്കുകയും മാർച്ച് 15 ന് വെണ്ണ നദിയുടെ തീരത്ത് പാളയമിട്ടിരുന്ന ഗെയ്‌ക്‌വാദിന്റെ സൈന്യത്തെ ആക്രമിക്കുകയും ചെയ്തു. ഈ യുദ്ധത്തിൽ ഗെയ്‌ക്‌വാദ് പരാജയപ്പെട്ടു. കനത്ത തോൽവികളോടെ പിൻവാങ്ങാൻ അദ്ദേഹം നിർബന്ധിതനായി.[6]

അതേസമയം, പേഷ്വ മുഗൾ അതിർത്തിയിൽ നിന്ന് മടങ്ങി, ഏപ്രിൽ 24-ന് സത്താറയിലെത്തി. അദ്ദേഹം സത്താറയിലെ യവതേശ്വർ പട്ടാളബാരക്ക് ആക്രമിച്ച് താരാബായിയുടെ സൈന്യത്തെ പരാജയപ്പെടുത്തി. സത്താറ കോട്ട വളഞ്ഞ പേഷ്വാ, ഛത്രപതി രാജാറാം രണ്ടാമനെ മോചിപ്പിക്കാൻ താരാബായിയോട് ആവശ്യപ്പെട്ടു. രാജാറാം രണ്ടാമന്റെ ശാരീരികവും മാനസികവുമായ അവസ്ഥ ഗണ്യമായി വഷളായിരുന്നു. എന്നാൽ താരാഭായി അദ്ദേഹത്തെ മോചിപ്പിക്കാൻ വിസമ്മതിച്ചു. സുസജ്ജവും ശക്തവുമായ സത്താറ കോട്ടയുടെ ഉപരോധം എളുപ്പമല്ല എന്നു തിരിച്ചറിഞ്ഞ പേഷ്വ പൂനെയിലേക്ക് മടങ്ങി. അതിനിടെ, ദാമാജി ഗെയ്‌ക്‌വാദിനെയും ഉമാബായി ദഭാഡെയെയും അവരുടെ ബന്ധുക്കളെയും പേഷ്വായുടെ ആളുകൾ അറസ്റ്റ് ചെയ്തു. സത്താറ പട്ടാളത്തിലെ ഒരു വിഭാഗം താരാബായിക്കെതിരെ ഒരു കലാപം നടത്തിയെങ്കിലും അത് വിജയിച്ചില്ല. വിമത നേതാവായ ആനന്ദറാവു ജാദവിനെ അവർ തലയറുത്തു കൊന്നു. എന്നിരുന്നാലും, പേഷ്വയോട് യുദ്ധം ചെയ്യാൻ തനിക്ക് കഴിയില്ലെന്ന് മനസ്സിലാക്കിയ താരാബായ്, സമാധാന ഉടമ്പടിക്കായി പൂനെയിൽ വെച്ച് കാണാമെന്ന് പേഷ്വയോട് സമ്മതിച്ചു. പേഷ്വയുടെ എതിരാളി കൂടിയായ ജനോജി ഭോസ്ലെ, ശക്തമായ ഒരു സൈന്യവുമായി താരാബായിയുടെ സുരക്ഷക്കായി പൂനെയുടെ സമീപത്തുണ്ടായിരുന്നു. പൂനെയിൽ വച്ച് പേഷ്വ അവളോട് മാന്യമായി പെരുമാറുകയും കുറച്ച് വിമുഖതയ്ക്ക് ശേഷം താരാബായ് പേഷ്വയുടെ മേൽക്കോയ്മ അംഗീകരിക്കുകയും ചെയ്തു. പേഷ്വ ഇഷ്ടപ്പെടാത്ത തന്റെ ലെഫ്റ്റനന്റ് ബാബുറാവു ജാദവിനെ പിരിച്ചുവിടാൻ അവർ സമ്മതിച്ചു. പകരമായി, പേഷ്വ താരാബായിക്ക് മാപ്പുനൽകി. 1752 സെപ്തംബർ 14-ന് ഇരുവരും ജെജുരിയിലെ ഖണ്ഡോബ ക്ഷേത്രത്തിൽ വച്ച് പരസ്പര സമാധാനം വാഗ്ദാനം ചെയ്തുകൊണ്ട് സത്യപ്രതിജ്ഞ ചെയ്തു. ഈ സത്യപ്രതിജ്ഞ ചടങ്ങിൽ, രാജാറാം രണ്ടാമൻ തന്റെ ചെറുമകനല്ലെന്ന് താരാബായ് സത്യം ചെയ്തു. എന്നിരുന്നാലും, പേഷ്വ രാജാറാം രണ്ടാമനെ നാമമാത്രമായി ഛത്രപതി എന്ന നിലയിൽ അധികാരമില്ലാത്ത സ്ഥാനിയായി നിലനിർത്തി.[4][3]

അവലംബം തിരുത്തുക

  1. Chava. He married his second son, Rajaram, to the daughter of Hambirrao Mohite, who was later to be the Queen of the Maratha Empire,Maharani Tarabai {{cite book}}: Text "Author: Ranjit Desai" ignored (help)
  2. Life and letters under the Mughals, Pran Nath Chopra, p. 122
  3. 3.0 3.1 Sumit Sarkar (2000). Issues in Modern Indian History: For Sumit Sarkar. Popular Prakashan. p. 30. ISBN 978-81-7154-658-9.
  4. 4.0 4.1 Biswamoy Pati, ed. (2000). Issues in Modern Indian History. Popular. p. 30. ISBN 9788171546589.
  5. G.S.Chhabra (2005). Advance Study in the History of Modern India (Volume-1: 1707–1803). Lotus Press. pp. 29–30. ISBN 978-81-89093-06-8.
  6. J. W. Bond; Arnold Wright (2006). Indian States: A Biographical, Historical, and Administrative Survey. Asian Educational Services. p. 10. ISBN 978-81-206-1965-4.
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ താരാബായ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=താരാബായ്&oldid=4071521" എന്ന താളിൽനിന്ന് ശേഖരിച്ചത്