ഒരു ആയുർവേദ ഔഷധം ആണ് തക്രപാക ചൂർണം. ഗ്രഹണി, അർശസ്, അഗ്നിമാന്ദ്യം, അതിസാരം, പാണ്ഡുരോഗം എന്നീ രോഗങ്ങളുടെ ചികിത്സയ്ക്ക് നിർദ്ദേശിക്കാറുണ്ട്.

ഉണ്ടാക്കുന്ന വിധം തിരുത്തുക

പുളിയാറൽ, ശുദ്ധിചെയ്ത കാട്ടുചേന, കുടകപ്പാലവേരിൻ തൊലി, മുത്തങ്ങാ, കൂർമുള്ളിൻ വേര്, വെളുത്ത അമ്പഴത്തിൻ തൊലി, ചെറുകടലാടി, നിലമ്പരണ്ട, ഇഞ്ചി, കദളിവാഴയുടെ കൂമ്പ്, മാങ്ങയണ്ടിയുടെ പരിപ്പ്, പ്ളാവിന്റെ തൊലി, കൊടിത്തൂവവേര്, ചന്ദനം, നാല്പാമരത്തൊലി; ചെറുനാരകം, കറിനാരകം, വള്ളിനാരകം, മാതളനാരകം ഇവയുടെ വേര് ഇവ 30 ഗ്രാം വീതം നന്നായി ചതച്ച് 12 ലി. പശുവിൻ മോരിൽ (തക്രം) കുറുക്കി 3 ലി. ആകുമ്പോൾ പിഴിഞ്ഞ് അരിച്ചെടുക്കണം. തിപ്പലി, ചതകുപ്പ, കൃമി ശത്രു, അതിവിടയം, അക്രാവ്, തൂവർച്ചിലക്കാരം, ചവർക്കാരം, ഇന്തുപ്പ്, വെടിയുപ്പ്, ജീരകം, കിരിയാത്ത്, ചുവന്നരത്ത, വാൽമുളക്, അയമോദകം, ഏലത്തരി, വിഴാലരി, ഇലവർങം, മാഞ്ചി, ത്രിഫലത്തോട്, ജാതിക്ക, മാശിക്ക എന്നീ ഔഷധങ്ങൾ 8 ഗ്രാം വീതം എടുത്ത് പൊടിച്ച് ഭസ്മമാക്കി അരിച്ചുവച്ചിരിക്കുന്ന തക്രക്വാഥത്തിൽ കലക്കണം.

ഉപയോഗിക്കുന്ന വിധം തിരുത്തുക

ഈ മിശ്രിതം അടുപ്പിൽ വച്ച് തിളപ്പിച്ചു കുറുക്കിയെടുത്ത് ഒരു പലകയിൽ തേച്ചുണക്കി പൊടിയാക്കുന്നു. ഈ പൊടി അഞ്ചു ഗ്രാം വീതം തേനിൽ ചാലിച്ച് ദിവസം രണ്ടുനേരം കഴിക്കാനാണ് സാധാരണ നിർദ്ദേശിക്കാറുള്ളത്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തക്രപാക ചൂർണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തക്രപാക_ചൂർണം&oldid=2283164" എന്ന താളിൽനിന്ന് ശേഖരിച്ചത്