ഡോറാ ബ്രൂഡർ [1] നോബൽ ജേതാവായ ഫ്രഞ്ചു സാഹിത്യകാരൻ പാട്രിക് മോദിയാനോയുടെ രചനയാണ്.രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലഘട്ടത്തിൽ പാരിസിലെ തെരുവുകളിലെവിടേയോ കാണാതായ ഡോറാ ബ്രൂഡർ എന്ന കൗമാരപ്രായക്കാരിക്ക് എന്തു സംഭവിച്ചിരിക്കും എന്നതിന്റെ അന്വേഷണ റിപോർട്ടാണ് ഈ പുസ്തകം. ദി സേർച്ച് വാറന്റ് [2]എന്ന പേരിൽ ഈ പുസ്തകത്തിന്റെ ഇംഗ്ലീഷു പരിഭാഷ ലഭ്യമാണ്.

പ്രമേയം തിരുത്തുക

 
പത്രത്തിലെ അറിയിപ്പ് (പാരിസ് സ്വാ 31 ഡിസമ്പർ 1941)

പ്രമേയം സാങ്കല്പികമല്ല. യഥാർത്ഥത്തിൽ നടന്ന സംഭവമാണ്. 1941 ഡിസമ്പർ 31-ലെ പാരിസ് സ്വാ പത്രത്തിലെ കാണ്മാനില്ല അറിയിപ്പ് നാലു പതിറ്റാണ്ടുകൾക്കുശേഷം വളരെ യാദൃച്ഛികമായി മോദിയാനോയുടെ ശ്രദ്ധയിൽ പെടുന്നു. പതിനഞ്ചുകാരിയായ മകളെ കാണാനില്ലെന്ന് ബ്രൂഡർ ദമ്പതികൾ പത്രത്തിൽ കൊടുത്ത പരസ്യം.

കാണ്മാനില്ല: ഡോറാ ബ്രൂഡർ, പെൺകുട്ടി പതിനഞ്ചു വയസ്സ്, 1.55മീ ഉയരം ,ദീർഘവൃത്താകൃതിയിലുള്ള മുഖം, ഇളം ബ്രൗൺ നിറമുള്ള കണ്ണുകൾ,ചാര നിറമുള്ള സ്പോർട്സ് ജാക്കറ്റും, കടും നീല പാീവാടയും തൊപ്പിയും മറൂൺ സ്വെറ്ററും, ബ്രൗൺ നിറമുള്ള സ്പോർട്സ് ഷൂസും ആണ് വേഷം. വിവരമറിയിക്കേണ്ട വിലാസം ശ്രീമതി/ശ്രീമാൻ ബ്രൂഡർ,41, ഓർണാനോ ബുളേവാഡ്, പാരിസ്

പരസ്യത്തിന്റെ തുമ്പിൽ പിടിച്ച് ബ്രൂഡർ കുടുംബത്തിന്റെ വിവരങ്ങൾ കണ്ടെത്തുവാൻ ശ്രമിക്കയാണ്, മോദിയാനോ. കൗമാരപ്രായക്കാരിയായ ഡോറ എന്തിന് വീടും സ്കൂളും ഉപേക്ഷിച്ച് ഓടിപ്പോയിരിക്കണം? നാസി അധീന പാരിസിൽ ജൂതരായ ബ്രൂഡർ കുടുംബം എങ്ങനെ പിടിച്ചു നിന്നിരിക്കണം? ഡോറയുടെ മാതാപിതാക്കൾ വർഷങ്ങൾക്കു മുമ്പ് പാരിസിലെത്തിയ ജൂത അഭയാർഥികളായിരുന്നു. ഫ്രാൻസിനുവേണ്ടി അൾജീറിയൻ മണലാരണ്യത്തിൽ പടവെട്ടിയ ഫ്രഞ്ചു പൗരത്വമില്ലാത്ത,കൂലിപ്പട്ടാളക്കാരനായിരുന്ന അച്ഛൻ. ജന്മം കൊണ്ട് ഡോറ മാത്രമായിരുന്നു ആ കുടുംബത്തിൽ ഫ്രഞ്ചു പൗര. ശിഥിലമായ ഇത്രയും വിവരങ്ങൾ ശേഖരിക്കാൻ മോദിയാനോവിന് വീണ്ടും പത്തു വർഷങ്ങളെടുത്തു. ഫ്രാൻസിന്റെ ലജ്ജാവഹമായ വിഷി കാലഘട്ടത്തിലേക്കാണ് പുസ്തകം വെളിച്ചം വീശുന്നത്.

ഡോറയുടെ സ്മരണക്ക് തിരുത്തുക

ഡോറാ ബ്രൂഡറെപ്പോലുള്ള അജ്ഞാതരുടെ സ്മരണാർഥം പാരിസ് നഗരത്തിലെ പതിനെട്ടാം വാർഡിലെ ഒരു പാതക്ക് ഡോറ ബ്രൂഡർ പ്രോമിനാഡ് എന്നു പേർ നല്കിയത് ഈയടുത്തകാലത്താണ്[3], [4].

അവലംബം തിരുത്തുക

  1. Dora Bruder. Editions Gallimard. 1997. ISBN 9782070748983.
  2. Patrick Modiano (2014). The search warrant. Harvill Secker. ISBN 9781846553615.
  3. Dora Bruder Promenade
  4. A Paris, une promenade Dora-Bruder en mémoire des victimes du nazisme
"https://ml.wikipedia.org/w/index.php?title=ഡോറാ_ബ്രൂഡർ&oldid=2522489" എന്ന താളിൽനിന്ന് ശേഖരിച്ചത്