ലെമ്നേസി (Lemnaceae) സസ്യകുടുംബത്തിലെ സസ്യങ്ങൾ ഡക്ക്വീഡ് എന്ന് അറിയപ്പെടുന്നു‍. ലെമ്ന (Lemna), വോൾഫിയ (Wolfia), വോൾഫിയെല്ല (Wolffiella), സ്പൈറോഡീല (Spirodela) എന്നീ നാലു ജീനസ്സുകൾ ഇതിൽപ്പെടുന്നു. പൊതുവേ ഡക്വീഡ്, താറാച്ചമ്മി എന്നീ പേരുകളിൽ അറിയപ്പെടുന്നത് ലെമ്നയാണ്. ലെമ്നയക്ക് മൂന്നു സ്പീഷീസുണ്ട്: ലെമ്ന മൈനർ (L.minor), ലെമ്ന ഗിബ്ബ (L. gibba), ലെമ്ന ട്രൈസൾക്ക (L.trisulca). ഡക്വീഡുകൾക്ക് 0.5-10 മില്ലിമീറ്റർ വലിപ്പം മാത്രമേയുള്ളൂ. ഇവ ഏറ്റവും ചെറിയ സപുഷ്പികളിൽപ്പെടുന്നു. ലോകത്തിലെ ഏറ്റവും ചെറിയ സപുഷ്പി വോൾഫിയ അറൈസ (Wolfia arrhiza)യാണ്. ഡക്വീഡുകൾക്ക് ഇളംപച്ചനിറമാണ്. വോൾഫിയയ്ക്കും വോൾഫിയെല്ലയ്ക്കും വേരുകളില്ല. ലെമ്നയ്ക്ക് ഒറ്റ വേരു മാത്രമേയുള്ളൂ. സ്പൈറോഡീലയ്ക്ക് രണ്ടോ അതിലധികമോ വേരുകളുണ്ടായിരിക്കും. പരന്ന് വൃത്താകൃതിയിലുള്ള ഇലകൾ വെള്ളത്തിനു മീതെ പൊന്തി ഒഴുകിനടക്കുന്നു. ഇലയുടെ പാർശ്വഭാഗത്തുനിന്നാണ് വേരുകൾ പുറപ്പെടുന്നത്. അപൂർവമായേ ഇവ പുഷ്പിക്കാറുള്ളൂ. പുഷ്പമഞ്ജരിയും ഇലയുടെ പാർശ്വഭാഗത്തുനിന്നാണുണ്ടാകുന്നത്. ഓരോ പുഷ്പമഞ്ജരിയിലും ഒരു കേസരം മാത്രമുള്ള ഒന്നോ രണ്ടോ ആൺപുഷ്പങ്ങളും ഫ്ലാസ്കിന്റെ ആകൃതിയിലുള്ള ജനിപുടത്തോടു കൂടിയ ഒരു പെൺപുഷ്പവുമുണ്ടായിരിക്കും. പുഷ്പങ്ങൾക്ക് പരിദളപുടങ്ങളോ ദളങ്ങളോ ഇല്ല. പുഷ്പങ്ങളുണ്ടാകുമെങ്കിലും പ്രജനനം പ്രധാനമായും മുകുളനം മൂലമാണ് നടക്കുന്നത്. ഇലകളുടെ അടിഭാഗത്തായോ ചിലയവസരങ്ങളിൽ ഇലയുടെ അരികിലായോ ചെറുമുകുളങ്ങളുണ്ടായി പുതിയ സസ്യങ്ങളുണ്ടാകുന്നു. വളരെ വേഗത്തിൽ മുകുളനം നടക്കുന്നതിനാൽ ചെറിയ കുളങ്ങളിലും തടാകങ്ങളിലും ജലോപരിതലം മുഴുവൻ പച്ചവിരിപ്പു പോലെ ഇത്തരം സസ്യങ്ങൾ പെട്ടെന്ന് വ്യാപിക്കുന്നു. തണുപ്പുകാലത്ത് മുകുളങ്ങളായി വെള്ളത്തിനടിയിലേക്കു താഴ്ന്നു പോകുന്നവ തണുപ്പുകാലം കഴിയുന്നതോടെ ചെറുസസ്യങ്ങളായി വളരാനാരംഭിക്കുന്നു. ജലപ്പക്ഷികളുടെ, പ്രത്യേകിച്ച് വന്യഇനം താറാവുകളുടെ മുഖ്യ ആഹാരമാണിത്. ഇക്കാരണത്താലാകാം ഡക്വീഡുകൾക്ക് താറാച്ചമ്മി എന്ന പേരു ലഭിച്ചതും. ഡക്വീഡുകളെ മത്സ്യങ്ങളും ഭക്ഷിക്കാറുണ്ട്.

ഡക്ക്വീഡ്
രണ്ട് വ്യത്യസ്ത ഡക്ക്വീഡുകൾ: Spirodela polyrrhiza and Wolffia globosa.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Lemnoideae
Genus
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡക്ക്വീഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡക്ക്വീഡ്&oldid=2282952" എന്ന താളിൽനിന്ന് ശേഖരിച്ചത്