ഇലോപിഫോമിസ് മത്സ്യഗോത്രത്തിലെ ഇലോപിഡേ കുടുംബത്തിൽപ്പെടുന്ന വലിപ്പമേറിയ ഒരിനം മത്സ്യമാണ് ടാർപ്പെൻ. ഇതിന്റെ ശാസ്ത്രനാമം ടാർപ്പെൻ അറ്റ്ലാന്റിക്കസ് എന്നാണ്. പടിഞ്ഞാറൻ അറ്റ്ലാന്റിക്കിലെ നോവ സ്ക്കോട്ടിയ മുതൽ തെക്കൻ ബ്രസീൽ പ്രദേശങ്ങളിലെ തീരത്തിനോടടുത്തു വരെ ഇവയെ ധാരാളമായി കാണാം. ശുദ്ധജലത്തിലും സമുദ്രജലത്തിലും ഇവ വളരുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവ ധാരാളമായുള്ളത്. അറ്റ്ലാന്റിക് ടാർപ്പെനുകൾ വിലയേറിയ ഭക്ഷ്യ മത്സ്യമാണ്. ചൂണ്ടയിൽ കിടന്നുള്ള ഇവയുടെ കുതിച്ചുചാട്ടം കൗതുകകരമായ കാഴ്ചയാണ് എന്നതിനാൽ വിനോദത്തിനു വേണ്ടിയും ഇവയെ ചൂണ്ടയിട്ടു പിടിക്കാറുണ്ട്.

ടാർപ്പെൻ
Temporal range: Late Miocene to Present [1]
അറ്റ്ലാന്റിക് ടാർപ്പെൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Megalopidae
Genus:
Megalops

Valenciennes, 1847
Species

Megalops atlanticus
Megalops cyprinoides

ശരീരഘടന തിരുത്തുക

മത്തിയുടെ ശരീരം പോലെ ഒതുങ്ങി പരന്ന ആകൃതിയാണ് ഈ മത്സ്യങ്ങൾക്കുള്ളത്. ശരീരം നിറയെ വെള്ളി നിറത്തിലുള്ള തിളങ്ങുന്ന മൃദുലമായ ചെതുമ്പലുകളുണ്ടായിരിക്കും. ഇതിന്റെ കീഴ്ത്താടി അല്പം മുന്നോട്ടു തള്ളി നിൽക്കുന്നു. വാൽ വലിപ്പം കൂടിയതും ദ്വിഭാജിതവുമാണ്. അപാക്ഷചിറകിന്റെ പാർശ്വഭാഗത്തിന് നീളക്കൂടുതലുണ്ട്.

ടാർപ്പെനുകളുടെ ശരീരത്തിന്റെ പുറഭാഗത്തിന് നീലനിറമായിരിക്കും. വയറും പാർശ്വഭാഗങ്ങളും വെളുത്ത് തിളക്കമുള്ളതുമാണ്. പൂർണവളർച്ചയെത്തിയ ഒരു മത്സ്യത്തിന് 1.8 - 2.5 മീറ്റർ നീളവും 45-90 കിലോഗ്രാം തൂക്കവും വരും. എങ്കിലും ഏതാണ്ട് 160 കിലോഗ്രാമോളം തൂക്കമുള്ള ടാർപ്പെനുകളെപ്പറ്റിയും രേഖകളുണ്ട്.

പ്രജനനം തിരുത്തുക

ജൂൺ - സെപ്തംബർ മാസങ്ങളാണ് ടാർപ്പെനുകളുടെ പ്രജനനകാലം. ഒരു പെൺമത്സ്യം 12 ദശലക്ഷത്തോളം മുട്ടകളിടും. മുട്ട വിരിഞ്ഞ് സുതാര്യശരീരഘടനയുള്ള ലെപ്റ്റോസെഫാലസ് എന്ന ലാർവ ഉണ്ടാവുന്നു. ഇവയ്ക്ക് ഈൽ മത്സ്യങ്ങളുടെ പരന്നു റിബൺ പോലുള്ള ലാർവയോടു സാദൃശ്യമുണ്ട്. ജലപ്രവാഹം വഴി ഇവ തീരത്തിനടുത്തെത്തുന്നു. ഇവിടെയാണ് ഇവ വളർച്ച മുഴുമിപ്പിക്കുന്നത്. തീരത്തോടടുത്തുള്ള കണ്ടൽ പ്രദേശങ്ങളിലും ചെറുതടാകങ്ങളിലും വളർന്ന്, വളർച്ച പൂർത്തിയാകുമ്പോൾ ഇവ കടലിലേക്ക് നീന്തിപ്പോകുന്നു.

ഉദ്ഭവം തിരുത്തുക

യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്ന് ടാർപ്പെനുകളുടെ 100-135 ദശലക്ഷം വർഷങ്ങൾക്കു മുമ്പുള്ള ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവ ആദിമ മത്സ്യയിനങ്ങളിൽപ്പെടുന്നതായി ഇത് സൂചന നൽകുന്നു. ടാർപ്പെനുകളുടെ കീഴ്ത്താടിയുടെ ഇരുവശങ്ങൾക്കും ഇടയിലായി തൊണ്ടയുടെ ചർമ്മത്തിൽ ഒരു ജോടി പ്രതല അസ്ഥികൾ കാണപ്പെടുന്നത് ഇവയുടെ ആദിമ സ്വഭാവം വെളിവാക്കുവാനുപകരിക്കുന്നു. ആദിമ മത്സ്യ ഇനങ്ങളിലായിരുന്നു ഇത്തരം ഗളാസ്ഥികൾ കാണപ്പെട്ടിരുന്നത്.

അവലംബം തിരുത്തുക

  1. Sepkoski, Jack (2002). "A compendium of fossil marine animal genera". Bulletins of American Paleontology. 364: p.560. Archived from the original on 2011-07-23. Retrieved 2008-01-08. {{cite journal}}: |pages= has extra text (help); Cite has empty unknown parameter: |coauthors= (help)
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാർപ്പെൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാർപ്പെൻ&oldid=3786692" എന്ന താളിൽനിന്ന് ശേഖരിച്ചത്