ഒരു ജർമൻ ഓപ്പറയാണ് ടാൻഹോയ്സ്സർ. റിച്ചാഡ് വാഗ്നർ ആണ് ഇതിന്റെ രചയിതാവ്. ഒരു ഐതിഹ്യത്തെ ആസ്പദമാക്കിയാണ് ഈ ഓപ്പറയ്ക്ക് രൂപം നൽകിയിരിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിലെ ഒരു ജർമൻ സ്തുതി ഗായകൻ ആയിരുന്നു ടാൻഹോയ്സ്സർ. സംഭവബഹുലമായ ജീവിതം നയിച്ചിരുന്ന ഇദ്ദേഹം വിശുദ്ധനഗരത്തിലേക്ക് ഒരു തീർഥയാത്ര നടത്തിയെന്ന് പറയപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിലെ ഒരു ആഖ്യാനകാവ്യത്തിൽ ഇപ്രകാരം പറയുന്നുണ്ട്:

റിച്ചാർഡ് വാഗ്നർ

ഒരു സായാഹ്നത്തിൽ സവാരിക്കിറങ്ങിയ ടാൻഹോയ്സ്സർ വീനസ് ദേവതയെ കണ്ടുമുട്ടി. ദേവതയുമൊത്ത് പർവതത്തിനുള്ളിലെ കൊട്ടാരത്തിൽ കടന്ന ഹോയ്സ്സർ ഏഴു വർഷക്കാലം അവിടെത്തന്നെ ജീവിച്ചു. പിന്നീട് വീനസിനെ ഉപേക്ഷിക്കുകയും പശ്ചാത്താപ വിവശനായി റോമിലേക്ക് തീർഥയാത്ര നടത്തുകയും ചെയ്തു. തന്റെ കൈയിലെ അധികാരക്കോൽ പൂക്കുകയില്ല എന്നതു പോലെ ഹോയ്സ്സറിന്റെ പാപങ്ങളും പൊറുക്കപ്പെടുകയില്ല എന്നായിരുന്നു പോപ്പിന്റെ പ്രതികരണം. നിരാശനായ ടാൻഹോയ്സ്സർ ജർമനിയിലേക്കു മടങ്ങി. മൂന്നു ദിവസങ്ങൾക്കുശേഷം പോപ്പിന്റെ അധികാരക്കോൽ പൂവണിഞ്ഞു. തുടർന്ന് ടാൻഹോയ്സ്സറെ അന്വേഷിച്ചെത്തിയ ദൂതന്മാർക്ക് അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. അതിനു മുമ്പുതന്നെ ഹോയ്സ്സർ വീനസിനെ വീണ്ടും അഭയം പ്രാപിച്ചിരുന്നു. ഈ പുരാതന ഐതിഹ്യത്തെ ആസ്പദമാക്കിയാണ് ടാൻഹോയ്സ്സർ എന്ന പേരിൽ തന്നെയുള്ള ഈ ഓപ്പറയ്ക്ക് രൂപം നൽകിയിരിക്കുന്നത്.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാൻഹോയ്സ്സർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാൻഹോയ്സ്സർ&oldid=3518981" എന്ന താളിൽനിന്ന് ശേഖരിച്ചത്