ജനാവലിയുടേയും ഉപജനാവലിയുടേയും എണ്ണം, ലിംഗാനുപാതം, പ്രായഘട്ടം, ജനനനിരക്ക്, മരണനിരക്ക് എന്നിവ സമഗ്രമായി പഠിക്കുന്ന പഠനശാഖയാണ് ജനസംഖ്യാപഠനം.[1] ഒരു പ്രത്യേക പ്രായഘട്ടത്തിലെ വിദ്യാഭ്യാസം, സാമൂഹ്യസ്ഥിതി, സാക്ഷരത, വളർച്ച, വികാസം എന്നിവയും ജനസംഖ്യാപഠനത്തിലുൾക്കൊള്ളുന്നു. ജനനം, ദേശാടനം, വാർദ്ധക്യബാധ, മരണം എന്നിവയ്ക്കനുസരിച്ച് ഒരു പ്രദേശത്തെ ജനങ്ങളുടെ എണ്ണം, ഘടന, വിതരണം എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ പഠിക്കുന്ന ശാസ്ത്രശാഖയാണിത്. ജനസംഖ്യാകണക്കെടുപ്പ് അഥവാ സെൻസസ് അനുസരിച്ചാണ് ജനസംഖ്യാപഠനം നടത്തുന്നത്. ഓരോ പത്തുവർഷം കൂടുമ്പോഴും ഇന്ത്യയിൽ ജനസംഖ്യാകണക്കെടുപ്പ് നടത്തപ്പെടുന്നു. വിദ്യാഭ്യാസം, ദേശീയത, മതം, ആവാസദേശം എന്നിവയെ ആധാരമാക്കി ഒരു സമൂഹത്തിലോ ചെറിയ ഗ്രൂപ്പുകളിലോ ജനസംഖ്യാപഠനം നടത്താം.

രാജ്യങ്ങളുടെ ജനസംഖ്യ കാണിക്കുന്ന മാപ്പ്.
ഈ നൂറ്റാണ്ടിന്റെ വരാനിരിക്കുന്ന കാലത്തെ ജനസംഖ്യാവർദ്ധനയുടെ നിരക്ക്.

ദത്തങ്ങളും പഠനരീതിയും തിരുത്തുക

നേരിട്ടും നേരിട്ടല്ലാതെയും ജനസംഖ്യാപഠനത്തിനാവശ്യമായ ദത്തങ്ങൾ ശേഖരിക്കാം. നേരിട്ട് ദത്തങ്ങൾ കണ്ടെത്താവുന്ന പ്രധാന മാർഗ്ഗമാണ് ജനസംഖ്യാരജിസ്റ്റർ വഴി ചെയ്യാവുന്നത്. അമേരിക്കയിലേയും യൂറോപ്പിലേയും മികച്ച ജനസംഖ്യാ രജിസ്ട്രേഷൻ സിസ്റ്റം ജനന-മരണവിവരങ്ങൾ ശേഖരിക്കുന്നതിന് ഏറെ സഹായകമാണ്. സെൻസസ് ആണ് നേരിട്ട് ദത്തങ്ങൾ ലഭിക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗം. ജനങ്ങളുടെ എണ്ണം എടുക്കുക എന്നുള്ളതിനുമപ്പുറം കുടുംബം, വീട്ടുവിവരങ്ങൾ, തൊഴിൽ, വിദ്യാഭ്യാസം, മതം, ഭാഷ, ജാതി എന്നിവയൊക്കെ കണക്കാക്കുന്നു. ഇന്ത്യയിൽ 1951, 1961, 1971, 1981, 1991, 2001, 2011 വർഷങ്ങളിൽ ജനസംഖ്യാകണക്കെടുപ്പ് നടത്തിയിരുന്നു. നേരിട്ടുവീടുകളിലെത്തി സർവ്വേ മാർഗ്ഗം സ്ത്രീകളോട് അവരുടെ സഹോദരിമാരുടെ കുട്ടികൾ, അവരുടെ മരണം എന്നിങ്ങനെ കാര്യങ്ങൾ തിരക്കുന്നതിലൂടെ നേരിട്ടല്ലാതെ ജനസംഖ്യാദത്തങ്ങൾ ശേഖരിക്കാം.

അവലംബം തിരുത്തുക

  1. Dinesh Objective Bioogy Supplement, S. Dinesh&Company, 2006, Page 25
"https://ml.wikipedia.org/w/index.php?title=ജനസംഖ്യാപഠനം&oldid=2104504" എന്ന താളിൽനിന്ന് ശേഖരിച്ചത്