വണ്ട് കുടുംബത്തിലെ ഒരിനം പറക്കുവാൻ കഴിവുള്ള ഷഡ്പദമാണ് ചെമ്പൻ ചെല്ലി. റിങ്കോഫൊറസ് ഫെറുഗിനിയെസ് (Rhynchophorus ferrugineus) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. താരതമ്യേന വലിപ്പം കൂടിയ ഈ ചെല്ലിക്ക് രണ്ട് മുതൽ അഞ്ച് സെന്റീമീറ്റർ വരെ നീളമുണ്ടാകും. ഇവ തെങ്ങുൾപ്പെടുന്ന അരകേഷ്യ കുടുംബത്തിലെ മരങ്ങളുടെ തടി തുളച്ച് നീര് കുടിക്കുകയും തടിക്കുള്ളിൽ മുട്ടയിട്ട് വംശവർദ്ധന നടത്തുകയും ചെയ്യുന്നു. ഇത് മരത്തിന്റെ നാശത്തിനു തന്നെ കാരണമായേക്കാം. അതിനാൽ, തെങ്ങ്, ഈന്തപ്പന, എണ്ണപ്പന തുടങ്ങിയവയുടെ കൃഷികളെ ബാധിക്കുന്ന പ്രധാന കീടമാണ് ചെമ്പൻ ചെല്ലി. ഉഷ്ണമേഖലാ ഏഷ്യയിൽ ഉദ്ഭവിച്ച ഈ ചെല്ലി പിന്നീട് ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും വ്യാപിച്ചു.

ചെമ്പൻ ചെല്ലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
ferrugineus
Binomial name
Rhynchophorus ferrugineus
(Olivier, 1790) [1]
Synonyms
  • Calandra ferruginea Fabricius, 1801
  • Curculio ferrugineus Olivier, 1790
  • Rhynchophorus signaticollis Chevrolat, 1882
ചെമ്പൻചെല്ലികൾ

ഇക്വഡോറിലെ ഹുവവൊറനിയിലെ ജനങ്ങൾ ചെമ്പൻ ചെല്ലി ലാർവയെ (കുണ്ടളപ്പുഴു) ഭക്ഷണമായി ഉപയോഗിക്കാറുണ്ട്.

കീടബാധാ ലക്ഷണങ്ങൾ തിരുത്തുക

പ്രായം കുറഞ്ഞ തെങ്ങിനെ സംബന്ധിച്ചിടത്തോളം വളരെ മാരകമായ ഒരു ശത്രുകീടമാണ് ചെമ്പൻ ചെല്ലി അഥവാ ചുവന്നചെള്ള്. ഇതിന്റെ പുഴുവാണ് ഉപദ്രവകാരി. അഞ്ചിനും ഇരുപതിനും ഇടയ്ക്ക് വർഷം പ്രായമുള്ള തെങ്ങുകളെയാണ് ഈ കീടംബാധിയ്ക്കുക. ചിലപ്പോൾ അഞ്ചുവയസ്സിന് താഴെ പ്രായമുള്ള തൈതെങ്ങുകളും ആക്രമണത്തിന് വിധേയമാകാറുണ്ട്. ഇതിന്റെ ആക്രമണം തടിക്കുള്ളിലായത്കൊണ്ട് തുടക്കത്തിൽ തന്നെ തിരിച്ചറിയുക പ്രയാസമാണ്.

  • തടികളിൽ കാണുന്ന ദ്വാരങ്ങളും അവയിൽ നിന്ന് ഒലിച്ചിറങ്ങുന്ന കൊഴുത്തു ചുവന്ന ദ്രാവകവും തടിയിലെ മുറിവുകളിലൂടെ വെളിയിലേക്ക് തള്ളിനില്ക്കുന്ന തടിയ്ക്കുള്ളിലെ ചവച്ചരച്ച വസ്തുക്കളും ഓലമടലിന്റെ അടിഭാഗത്ത് കാണുന്ന നീളത്തിലുള്ള വിള്ളലുകളും നടുവിലുള്ള കൂമ്പോലയുടെ വാട്ടവുമൊക്കെയാണ് ചെമ്പൻ ചെല്ലിയുടെ ആക്രമണം നിർണയിക്കാനുള്ള പ്രത്യക്ഷ ലക്ഷണങ്ങൾ.
  • പുഴുക്കൾ തെങ്ങിൻ തടിയ്ക്കുള്ളിലിരുന്ന് തടിയെ കരണ്ടുതിന്നുന്ന ശബ്ദവും ചിലപ്പോൾ കേൾക്കാം.
  • തെങ്ങിൻ മണ്ടയിലെ വളരുന്ന ഭാഗങ്ങൾ കീടത്തിന്റെ ആക്രമണത്താൽ നശിച്ച് മണ്ട തന്നെ മിക്കവാറും മറിഞ്ഞുവീഴും.

നിയന്ത്രണമാർഗ്ഗങ്ങൾ തിരുത്തുക

  • 50 സെ.മീ. നീളമുള്ളതും നെടുകെ രണ്ടായി പിളർന്നുതുമായ ഇളം തെങ്ങിൻ തടിക്കഷണങ്ങൾ മലർത്തിവച്ച് യീസ്റ്റും അസെറ്റിക് ആസിഡും ചേർത്ത് പുളിപ്പിച്ച കള്ള് പരത്തി ഒഴിച്ച് കെണിയുണ്ടാക്കി ചെള്ളിനെ ആകർഷിച്ചതിനുശേഷം സംഭരിച്ച് നശിപ്പിക്കാവുന്നതാണ്.
  • കീടശല്യത്തിന് വിധേയമായേക്കാവുന്ന പ്രായത്തിലുള്ള തെങ്ങിൽ നിന്നും ഓല വെട്ടുമ്പോൾ തെങ്ങിന്റെ തടിയിൽ നിന്നും 120 സെ.മീ. നീളത്തിൽ ഓല മടൽ നിർത്തിയതിനുശേഷം ബാക്കി ഓല വെട്ടുകയാണെങ്കിൽ ഓലയുടെ മുറിപാടിലൂടെ തെങ്ങിൻ മണ്ടയിലേക്കുള്ള പുഴുവിന്റെ പ്രവേശനം തടയാം.
  • തെങ്ങുകയറ്റം എളുപ്പമാക്കാൻ വേണ്ടി തടിയിൽ കൊത വെട്ടുന്നത് നിരുൽസാഹപ്പെടുത്താമെങ്കിൽ ഒരു മുൻകരുതലെന്ന നിലയ്ക്ക് മുറിപ്പാടുകളിലൂടെയുള്ള കീടത്തിന്റെ പ്രവേശനം നിയന്ത്രിക്കാം.
  • പ്രാദേശികാടിസ്ഥാനത്തിൽ ഫിറമോൺ കെണി ഉപയോഗിച്ച് ചെല്ലികളെ ആകർഷിച്ച് നശിപ്പിക്കൽ ഒരു നിയന്ത്രണമാർഗ്ഗമാണ്.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. Rhynchophorus ferrugineus at European and Mediterranean Plant Protection Organization (EPPO)
"https://ml.wikipedia.org/w/index.php?title=ചെമ്പൻ_ചെല്ലി&oldid=1887623" എന്ന താളിൽനിന്ന് ശേഖരിച്ചത്