ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ ഗ്രാമപഞ്ചായത്തിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന പുറ്ററയ്ക്കൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ചെങ്കൽ മഹേശ്വരം ശിവപാർവ്വതിക്ഷേത്രം. ഒരേ പീഠത്തിലിരിയ്ക്കുന്ന ശിവനും പാർവ്വതിയും പ്രധാനപ്രതിഷ്ഠകളായ ഈ ക്ഷേത്രത്തിൽ, ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം സ്ഥിതിചെയ്യുന്ന ക്ഷേത്രം എന്ന നിലയിൽ പ്രസിദ്ധമാണ് ഈ ക്ഷേത്രം. 111 അടി ഉയരം വരുന്ന ഈ ശിവലിംഗത്തിനകത്ത് ഏഴുനിലകളും അവയിലോരോന്നിലുമായി നിരവധി ദേവതാപ്രതിഷ്ഠകളും കാണാം. ഏറ്റവും താഴെയുള്ള നിലയിൽ പ്രതിഷ്ഠിച്ചിട്ടുള്ള ശിവലിംഗത്തിൽ ഭക്തർക്ക് സ്വയം പൂജകൾ നടത്താനുള്ള സൗകര്യവുമുണ്ട്. ശിവന് വിഗ്രഹപ്രതിഷ്ഠയുള്ള ലോകത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്ന് എന്ന നിലയിലും ശ്രദ്ധേയമാണ് ഈ ക്ഷേത്രം. കൂടാതെ, 32 ഗണപതിരൂപങ്ങളുടെ പ്രതിഷ്ഠ, ഗംഗാജലം നിറഞ്ഞുനിൽക്കുന്ന കിണർ, പന്ത്രണ്ട് ജ്യോതിർലിംഗങ്ങളുടെയും മാതൃകകൾ തുടങ്ങി വേറെയും ആകർഷണങ്ങൾ ഇവിടെ കാണാം. ഇവയെല്ലാം 2011-നും 2021-നും ഇടയിൽ പണികഴിപ്പിയ്ക്കപ്പെട്ടവയാണ്. ശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. കൂടാതെ, നവരാത്രി, വിനായക ചതുർത്ഥി, തൈപ്പൂയം, മണ്ഡലകാലം, വിഷു തുടങ്ങിയവയും പ്രധാന ആഘോഷങ്ങളാണ്. സ്വാമി മഹേശ്വരാനന്ദ സരസ്വതി എന്ന സന്ന്യാസിയുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തിപ്പോരുന്നത്.

ഐതിഹ്യം തിരുത്തുക

പ്രശസ്ത താന്ത്രികാചാര്യനും ജ്യോതിഷപണ്ഡിതനുമായിരുന്ന ബ്രഹ്മശ്രീ പറവൂർ ശ്രീധരൻ തന്ത്രികൾ നടത്തിയ ദേവപ്രശ്നത്തിൽ ഏകദേശം 5000 വർഷം പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ബ്രഹ്മജ്ഞാനിയായിരുന്ന ഒരു സന്ന്യാസിയുടെ സമാധിസ്ഥാനത്താണ് ക്ഷേത്രം പണികഴിപ്പിച്ചതെന്നും പിന്നീട് ഏതോ ഒരു കാലത്ത് ആ ക്ഷേത്രം നശിച്ചുപോയതാണെന്നും പ്രശ്നവിധിയിൽ പറയുകയുണ്ടായി. പിന്നീട്, ഇപ്പോഴത്തെ ക്ഷേത്രം ഉയർന്നുവരുന്നത് 1960-കളിലാണ്. അതിന് നിമിത്തമായി ഭവിച്ചത് കൃഷ്ണൻകുട്ടി എന്ന് പൂർവ്വാശ്രമത്തിൽ പേരുണ്ടായിരുന്ന സ്വാമി മഹേശ്വരാനന്ദ സരസ്വതിയാണ്. ആ കഥ ഇങ്ങനെ:

ചെങ്കൽ ഗ്രാമത്തിലെ ഒരു ദരിദ്രകുടുംബത്തിൽ ജ്ഞാനപ്രകാശം-ചെല്ലമ്മാൾ ദമ്പതികളുടെ മകനായി 1954 നവംബർ 16-ന് പൂയം നക്ഷത്രത്തിൽ ജനിച്ച കൃഷ്ണൻകുട്ടി, മൂന്നുവയസ്സുള്ളപ്പോൾ മുതൽ വീടിന് തെക്കുപടിഞ്ഞാറുഭാഗത്തുപോയി ധ്യാനിച്ചിരിയ്ക്കുക പതിവായിരുന്നു. അദ്ദേഹം ധ്യാനിച്ചിരുന്ന സ്ഥലത്തിനടുത്ത് ഒരു പുറ്റ് വളർന്നുവലുതായി. ഈയവസരത്തിൽ അദ്ദേഹത്തിന്റെ മാതാപിതാക്കൾ പലതവണ അത് തകർക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴെല്ലാം പൂർവ്വാധികം ശക്തിയോടെ അത് വളർന്നുവലുതാകുകയായിരുന്നു. ഒരിയ്ക്കൽ ഇത് തകർക്കാൻ ശ്രമിച്ചപ്പോൾ അതിൽ നിന്നൊരു പാമ്പ് പുറത്തേയ്ക്കുവന്നതായും കഥയുണ്ട്. അതേത്തുടർന്ന് പ്രശ്നം വച്ചപ്പോൾ പുറ്റിൽ ശിവപാർവ്വതീസാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ പുറ്റിന് നിത്യപൂജ നടത്തുന്നത് പതിവാക്കി.

വർഷങ്ങൾക്കുശേഷം കൃഷ്ണൻകുട്ടി തന്നെ അവിടെയൊരു ക്ഷേത്രം പണിയുകയും ശിവപാർവ്വതിമാരെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. നിരവധിയാളുകൾ ഈ കഥയറിഞ്ഞ് ക്ഷേത്രത്തിൽ വരാനും പ്രാർത്ഥിയ്ക്കാനും തുടങ്ങി. ഒരു തെക്കത് (ശ്രീകോവിൽ മാത്രമുള്ള ചെറിയ ക്ഷേത്രം) മാത്രമായിരുന്നു അന്നത്തെ ക്ഷേത്രം. കാലാന്തരത്തിൽ അത് വളർന്നുവലുതാകുകയും ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവരുടെ ഉപപ്രതിഷ്ഠകൾ നടത്തുകയും ചെയ്തു. 1986 ജൂലൈ ഒന്നിനായിരുന്നു പ്രതിഷ്ഠാകർമ്മം. തുടർന്നും അദ്ദേഹം ഭക്തിയോടുകൂടി ശിവപൂജ തുടർന്നുപോരുകയും ക്ഷേത്രത്തിൽ നിരവധി ഭക്തർ എത്തിച്ചേരുകയും ചെയ്തു.

2011 ഫെബ്രുവരിയിൽ കൃഷ്ണൻകുട്ടിയ്ക്ക് വീണ്ടും ഒരു അരുളപ്പാടുണ്ടായി. കേരളീയ വാസ്തുശൈലിയ്ക്കനുസരിച്ച്, പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രമാക്കി ക്ഷേത്രത്തെ ഉയർത്താനായിരുന്നു ആ അരുളപ്പാട്. അതിനുശേഷമാണ് ഇപ്പോഴത്തെ ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്. പ്രധാന ശ്രീകോവിലും നാലമ്പലവും കൊടിമരവും ഉപദേവതകളുടെ പ്രതിഷ്ഠകളും ഗോപുരങ്ങളുമെല്ലാം ഇതിനോടനുബന്ധിച്ച് നിർമ്മിയ്ക്കപ്പെട്ടതാണ്. കിഴക്കുഭാഗത്തെ ഗോപുരത്തിന് ഇരുവശവും രണ്ട് ഗജവീരന്മാരുടെ രൂപങ്ങളും ഇതിനോടനുബന്ധിച്ച് നിർമ്മിയ്ക്കപ്പെടുകയുണ്ടായി. 2012-ലാണ് ക്ഷേത്രത്തിലെ പ്രധാന ആകർഷണമായി മാറിയ മഹാശിവലിംഗത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഏഴുവർഷത്തിലധികം നീണ്ട നിർമ്മാണത്തിനൊടുവിൽ 2019 നവംബർ 10-ന് ഇത് ഭക്തർക്കായി തുറന്നുകൊടുത്തു. തുറന്ന കാലത്തുതന്നെ ഇത് ഏഷ്യാ ബുക്ക് അടക്കം നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയിരുന്നു. ഇതിനോടൊപ്പം തന്നെ, ഭാരതത്തിലെ 12 ജ്യോതിർലിംഗങ്ങളുടെ മാതൃകകളും 32 ഗണപതിരൂപങ്ങളും കൂടി നിർമ്മിയ്ക്കപ്പെടുകയുണ്ടായി. മഹാബലിപുരത്തുനിന്ന് കൊണ്ടുവന്ന ശിലയിലാണ് ഇവയെല്ലാം നിർമ്മിയ്ക്കപ്പെട്ടത്. ഏകദേശം പത്തുവർഷം കൊണ്ടാണ് വളരെ ചെറുതായിരുന്ന ക്ഷേത്രം പൂർണ്ണമായും പുനർനിർമ്മിയ്ക്കപ്പെട്ടത്. ഇതിനിടയിൽ 2014 നവംബർ 6-ന്, കാഞ്ചീപുരം കാമകോടി പീഠത്തിന്റെ അന്നത്തെ മഠാധിപതിയായിരുന്ന ജയേന്ദ്ര സരസ്വതി സ്വാമികളിൽ നിന്ന് സന്ന്യാസം സ്വീകരിച്ച കൃഷ്ണൻകുട്ടി, സ്വാമി മഹേശ്വരാനന്ദ സരസ്വതി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഇപ്പോൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നുപോലും നിരവധി ആളുകളാണ് ക്ഷേത്രത്തിലെത്തുന്നത്.

ക്ഷേത്രനിർമ്മിതി തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും തിരുത്തുക

ചെങ്കൽ ഗ്രാമത്തിന്റെ പടിഞ്ഞാറുഭാഗത്ത്, പുറ്ററയ്ക്കൽ എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. ഉദിയൻകുളങ്ങരയിൽ വച്ച് ദേശീയപാത 66-ൽ നിന്നുതിരിഞ്ഞ് വ്ലാത്തങ്കര വരെ പോകുന്ന ബസ് റൂട്ട്, ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുകൂടെ കടന്നുപോകുന്നു. ചെങ്കൽ ഗ്രാമപഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ്, എ.ടി.എം., ഹോട്ടലുകൾ, കടകംബോളങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഈ വഴിയിൽ ധാരാളമുണ്ട്. ക്ഷേത്രത്തിന്റെ നാലുഭാഗത്തും ആനകളുടെ രൂപങ്ങളോടുകൂടിയ പ്രവേശനകവാടങ്ങൾ കാണാം. ഇവയിൽ കിഴക്കുഭാഗത്തുള്ളതാണ് ഏറ്റവും വലുത്. മൂന്നുനിലകളോടുകൂടിയ കിഴക്കേ ഗോപുരം, ക്ഷേത്രത്തിന്റെ മുഴുവൻ പ്രൗഢിയും നിലനിർത്തി നിൽക്കുന്നു. കിഴക്കേ ഗോപുരത്തിന് നേരെ മുന്നിലായി ഭഗവദ്വാഹനമായ നന്ദികേശന്റെ ഒരു വിഗ്രഹം കാണാം. ഭക്തർ നന്ദിയുടെ ചെവിയിൽ ആഗ്രഹങ്ങൾ പറയുന്നത് ഇവിടെ ഒരു പതിവ് കാഴ്ചയാണ്. ക്ഷേത്രത്തിന്റെ ചുറ്റുമായി നിരവധി മരങ്ങൾ വളർന്നുനിൽക്കുന്നത് കാണാം. ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിലാ8ണ് പാർക്കിങ് ഗ്രൗണ്ട് കാണപ്പെടുന്നത്. ഇവിടെ ഇരുചക്ര, മുച്ചക്ര, നാലുചക്ര വാഹനങ്ങൾക്കെല്ലാം അതാത് സ്ഥലമനുവദിച്ചിട്ടുണ്ട്. പടിഞ്ഞാറുഭാഗത്ത് ക്ഷേത്രം പൂജാരിമാരുടെയും സ്വാമിയുടെയും താമസസ്ഥലങ്ങളാണ്. ഇതിന് മുന്നിലായി മനോഹരമായ ഒരു പൂന്തോട്ടവും കളിസ്ഥലവും കാണാം. ഇത് ക്ഷേത്രദർശനത്തിനൊപ്പം വിനോദത്തിനും വഴിയൊരുക്കുന്നു. [1]

ക്ഷേത്രമതിലകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തീർത്ത ഒരു മണ്ഡപമാണ് ക്ഷേത്രത്തിലെ മറ്റൊരു വലിയ പ്രത്യേകത. നിത്യേനയുള്ള ഗണപതിഹോമം നടത്താനായി പണികഴിപ്പിച്ച ഈ മണ്ഡപത്തിൽ അങ്ങിങ്ങായി 32 ഗണപതിരൂപങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. ബാലഗണപതി മുതൽ യോഗഗണപതി വരെയുള്ള ഈ രൂപങ്ങളെ മനുഷ്യന്റെ ഓരോ അവസ്ഥയുടെയും പ്രതീകങ്ങളായി കണ്ടുവരുന്നു. കേരളത്തിൽ മറ്റെവിടെയും ഇതുപോലെ 32 ഗണപതിമാർക്കായി ക്ഷേത്രം പണിതിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഈ 32 രൂപങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ക്ഷേത്രത്തിലെ ഗണപതിഹോമം നടത്തിവരുന്നത്. ഭഗവദ്സാന്നിദ്ധ്യത്തിൽ തന്നെ നടത്തുന്നു എന്നർത്ഥം. വിനായക ചതുർത്ഥിനാളിൽ അതിവിശേഷമായ അഷ്ടദ്രവ്യമഹാഗണപതിഹോമം ഇവിടെ നടത്താറുണ്ട്.

മഹാശിവലിംഗം തിരുത്തുക

വടക്കുപടിഞ്ഞാറേ മൂലയിലാണ് ക്ഷേത്രത്തിലെ പ്രധാന ആകർഷണമായ മഹാശിവലിംഗം സ്ഥിതിചെയ്യുന്നത്. 111.2 അടി ഉയരം വരുന്ന ഈ ശിവലിംഗം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ശിവലിംഗമാണ്. ആസാമിലെ നാഗൗണിലുള്ള മഹാമൃത്യുഞ്ജയക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച ശിവലിംഗമാണ് ഏറ്റവും ഉയരം കൂടിയത്. 126 അടി ഉയരമുള്ള ആ ശിവലിംഗം, 2021 ഫെബ്രുവരി 26-ന് ഉദ്ഘാടനം ചെയ്തതോടെയാണ് ഈ ശിവലിംഗത്തിന്റെ റെക്കോർഡ് നഷ്ടമായത്.[2] എങ്കിലും നിരവധി ഭക്തരെ ഈ മഹാലിംഗം ആകർഷിയ്ക്കുന്നുണ്ട്. ഇത് വെറുമൊരു ശിവലിംഗം എന്നതിലുപരി അകത്തേയ്ക്ക് കയറാവുന്ന രീതിയിൽ പണിത ഒരു കെട്ടിടമാണ്. ഷഡാധാരവിധിയനുസരിച്ച് പണികഴിപ്പിച്ച ഈ കെട്ടിടത്തിനകത്ത് ഏഴുനിലകളുണ്ട്. ഇവ മനുഷ്യശരീരത്തിലെ ഏഴുചക്രങ്ങളെ സൂചിപ്പിയ്ക്കുന്നു. അവയിൽ ഓരോന്നിലും വിവിധ ദേവീ-ദേവരൂപങ്ങൾ കാണാം. ഏറ്റവും താഴെയുള്ള നിലയെ, അടിസ്ഥാനചക്രമായ മൂലാധാരത്തിന്റെയും പിന്നെ മുകളിലേയ്ക്കുള്ള ഓരോ നിലയെയും ക്രമത്തിൽ സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, സഹസ്രാരം എന്നിവയുടെയും പ്രതീകങ്ങളായി കണക്കാക്കിവരുന്നു. മനുഷ്യരെ ശിവാരാധനയിലൂടെ ആത്മസാക്ഷാത്കാരത്തിന്റെ പാതയിലെത്തിയ്ക്കുക എന്ന സങ്കല്പമാണ് ഇതിനുപിന്നിൽ. മൂലാധാരത്തിൽ, ഏഴരച്ചുറ്റായി ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനിയെ ഉണർത്തി ഓരോ ചക്രത്തെയും ഭേദിച്ച് അവസാനം സഹസ്രാരപത്മത്തിലെത്തിച്ച് സാക്ഷാത്കരിപ്പിയ്ക്കുക എന്നതാണ് ഇവിടെ സൂചിപ്പിയ്ക്കുന്നത്. ഇവയിൽ ഓരോ നിലയിലും പ്രത്യേകം ആകൃതികളിലുള്ള താമരപ്പൂക്കളുടെ രൂപം കാണാം. ഇവ ഓരോ ചക്രത്തിന്റെയും പ്രതീകമാണ്. മൂലാധാരത്തെ പ്രതിനിധീകരിയ്ക്കുന്ന താമരയ്ക്ക് നാലും, സ്വാധിഷ്ഠാനത്തെ പ്രതിനിധീകരിയ്ക്കുന്നതിന് ആറും (കൂടെ ഒരു ചന്ദ്രക്കലയും കാണാം), മണിപൂരകത്തെ പ്രതിനിധീകരിയ്ക്കുന്നതിന് (ത്രികോണാകൃതിയിൽ) പത്തും, അനാഹതത്തെ പ്രതിനിധീകരിയ്ക്കുന്നതിന് പന്ത്രണ്ടും, വിശുദ്ധിയെ പ്രതിനിധീകരിയ്ക്കുന്നതിന് (വൃത്താകൃതിയിൽ ചന്ദ്രക്കലയോടുകൂടിയത്) പതിനാറും, ആജ്ഞയെ പ്രതിനിധീകരിയ്ക്കുന്നതിന് രണ്ടും, സഹസ്രാരത്തെ പ്രതിനിധീകരിയ്ക്കുന്നതിന് ആയിരവുമാണ് ഇതളുകളുടെ എണ്ണം. ഓരോ നിലയിലും യഥാക്രമം ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, നീല, ഇൻഡിഗോ, വെള്ള എന്നീ നിറങ്ങളാണ് നൽകിയിരിയ്ക്കുന്നത്. എല്ലായിടത്തും ധ്യാനിയ്ക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഏറ്റവും താഴെയുള്ള നിലയിൽ ഭക്തർക്ക് സ്വയം പൂജിയ്ക്കാൻ സൗകര്യത്തിൽ ഒരു ശിവലിംഗവും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇത് മറ്റൊരു പ്രത്യേകതയാണ്. അവസാനത്തെ നിലയിൽ കൈലാസപ്രതീതിയുണ്ടാക്കുന്ന രീതിയിലാണ് നിർമ്മാണം നടത്തിയിരിയ്ക്കുന്നത്.

2012 മാർച്ച് മാസത്തിലാണ് ശിവലിംഗത്തിന്റെ നിർമ്മാണം തുടങ്ങിയത്. 30 ശില്പികളാണ് ഇതിനായി നിയോഗിയ്ക്കപ്പെട്ടത്. ക്ഷേത്രത്തിൽ തന്നെ താമസിച്ച്, കടുത്ത നിഷ്ഠയോടെയാണ് അവർ നിർമ്മാണം തുടങ്ങിയത്. ഏഴുവർഷം അവർ അതേപോലെ ചെലവഴിച്ച് 2019 ഒക്ടോബറോടെ ഇതിന്റെ പണി പൂർത്തിയാക്കുകയും ആ വർഷം നവംബർ 10-ന് ഇതിന്റെ ഉദ്ഘാടനം നടക്കുകയും ചെയ്തു. ഉദ്ഘാടനത്തിനുമുമ്പേ തന്നെ ഇത് ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം എന്ന നിലയിൽ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. കർണാടകയിലെ കോലാർ ജില്ലയിലുള്ള സഹസ്രലിംഗേശ്വരക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള, 108 അടി ഉയരമുള്ള ശിവലിംഗത്തിനായിരുന്നു അതിനുമുമ്പ് വലുപ്പത്തിൽ ഒന്നാം സ്ഥാനം.[3] ഉദ്ഘാടനം കഴിഞ്ഞതോടെ ഇങ്ങോട്ട് ജനപ്രവാഹമായി. ഏതാനും മാസങ്ങൾക്കുള്ളിൽ ആയിരങ്ങളാണ് ഇവിടെ വന്നുപോയത്. ഇടയിലുണ്ടായ കോവിഡ്-19 മഹാമാരി മൂലം ഇടയിൽ തടസ്സങ്ങളുണ്ടായെങ്കിലും പിന്നീട് പൂർവ്വാധികം ശക്തിയോടെ ഇവിടം ശ്രദ്ധയാകർഷിച്ചുവരുന്നുണ്ട്. കന്യാകുമാരി ജില്ലയുടെ ഭാഗങ്ങളിൽ നിന്ന് ശബരിമല ദർശനത്തിന് പോകുന്നവർ ഇവിടെയും കയറിയേ പോകാറുള്ളൂ. സ്ഥാപിയ്ക്കപ്പെട്ട് ഒരു വർഷം കഴിഞ്ഞപ്പോൾ ഇത് ലിംകാ ബുക്കിലും ഗിന്നസ് ബുക്കിലും ഇടംപിടിയ്ക്കുകയുണ്ടായി. 2022-ൽ ഔദ്യോഗികമായി ഇതിന് അവ സമർപ്പിയ്ക്കുകയും ചെയ്തു.

വൈകുണ്ഠവും ദേവലോകവും തിരുത്തുക

[3]

അവലംബം തിരുത്തുക

  1. മലയാള മനോരമ [1] ശേഖരിച്ചത് 2019 ജൂലൈ 18
  2. കേരള കൗമുദി [2] ശേഖരിച്ചത് 2019 ജൂലൈ 18
  3. 3.0 3.1 https://www.deshabhimani.com/news/kerala/news-thiruvananthapuramkerala-11-01-2019/775186 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "ref3" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു