ക്ലോഡ് ഡെബ്യുസി (1862 ഓഗസ്റ്റ് 22 – 1918 മാർച്ച് 25) ഫ്രഞ്ച് ഗാനരചയിതാവായിരുന്നു. പാരിസിന്റെ പ്രാന്തപ്രദേശത്ത് താമസിച്ചിരുന്ന ഡെബ്യൂസിയുടെ കുടുംബം പിന്നീട് പാരിസ് നഗരത്തിലേക്ക് താമസം മാറ്റി. ഒൻപതാമത്തെ വയസിൽ പിയാനോപഠനം ആരംഭിച്ച ഡെബ്യൂസി പതിനൊന്നാമത്തെ വയസ്സിൽ പാരിസ് കൺസർവേറ്ററിയിൽ വിദ്യാർഥിയാവുകയും പതിനൊന്നു വർഷക്കാലം പിയാനോ, സിദ്ധാന്തം, രചന എന്നിവ പഠിക്കുകയും ചെയ്തു.

ക്ലോഡ് ഡെബ്യുസി

റഷ്യൻ സംഗീതത്തിൽ ആകൃഷ്ടനായി തിരുത്തുക

പഠിക്കുന്ന കാലത്തുതന്നെ പരമ്പരാഗത സംഗീതസിദ്ധാന്തങ്ങളെ എതിർത്ത ഡെബ്യൂസി കൺസർവേറ്ററിയിലെ ഒരു റിബലായിട്ടാണ് അറിയപ്പെട്ടത്. പുതിയ സംഗീതശബ്ദലയങ്ങൾക്കും സ്വരമാധുര്യത്തിനുമുള്ള അന്വേഷണങ്ങളിൽ ഇദ്ദേഹം ഏർപ്പെട്ടു. കൗമാരപ്രായത്തിൽ റഷ്യ സന്ദർശിച്ച ഡെബ്യൂസിയെ അവിടത്തെ നാടൻ സംഗീതവും ബെറോഡിന്റെയും മറ്റും വ്യത്യസ്തമായ സംഗീതശൈലികളും വളരെയധികം ആകർഷിച്ചു.

പ്രിഡി റോം അവാർഡ് നേടി തിരുത്തുക

സംഗീത രചനയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തീരുമാനിച്ച ഡെബ്യൂസി 22-ആമത്തെ വയസ്സിൽ ദ് പ്രൊഡിഗൽ സൺ എന്ന ഗാനത്തിന് പ്രസിദ്ധമായ പ്രിഡി റോം അവാർഡ് നേടി. ഇതേത്തുടർന്ന് മൂന്നു വർഷക്കാലം റോമിൽ താമസിച്ച് സംഗീത രചന നടത്തി. സ്പ്രിങ് എന്ന ഗാനം അവതരിപ്പിക്കുവാൻ അനുമതിലഭിക്കാത്തതിനെ തുടർന്ന് ഡെബ്യൂസി റോമിലെ താമസം അവസാനിപ്പിക്കുകയും ദ് ബ്ലസഡ് ഡമോസൽ എന്നൊരു ഗാനം കൂടി രചിക്കുകയും ചെയ്തു.

പുതിയ കലാസങ്കേതങ്ങൾക്കായി പ്രവർത്തിച്ചു തിരുത്തുക

പാരിസിൽ തിരിച്ചെത്തിയ ഡെബ്യുസി ബോദളയർ, മല്ലാർമെ തുടങ്ങിയ കവികളുമായും ഇംപ്രഷനിസ്റ്റ് ചിത്രകാരന്മാരുമായും സഹകരിച്ച് പുതിയ കലാസങ്കേതങ്ങൾക്കായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. വെർലെയ് ൻ, ബോദളയർ എന്നിവരുടെ കവിതകൾ സ്വന്തമായ ശൈലിയിൽ അവതരിപ്പിച്ചു. പ്രല്യൂഡ് റ്റു ദി ആഫ്ടർ നൂൺ ഒഫ് എ ഫാൺ എന്ന സ്വന്തം രചന വാദ്യസംഗീതത്തിനുവേണ്ടി അവതരിപ്പിച്ചു. പിൽക്കാലത്ത് പ്രസിദ്ധനർത്തകനായ നിജിൻസ്കി ഈ രചന ഒരു ബാലെ രൂപത്തിൽ അവതരിപ്പിച്ച് ജനശ്രദ്ധ ആകർഷിക്കുകയുണ്ടായി.

ഡെബ്യൂസിയുടെ രചനകൾ തിരുത്തുക

ഒരു മികച്ച പിയാനിസ്റ്റ് കൂടിയായിരുന്ന ഡെബ്യുസിയുടെ മിക്ക രചനകളും പിയാനോക്കുവേണ്ടിയുള്ളവയായിരുന്നു. വാദ്യസംഗീതത്തിനുവേണ്ടി രചനകൾ നടത്തുന്നതിലും ഡെബ്യുസി വൈദഗ്ദ്ധ്യം പ്രദർശിപ്പിച്ചു. പെല്ലെ ആന്റ് മെലിസാന്റ് എന്ന ഓപ്പറ ഡെബ്യുസിയുടെ മറ്റൊരു സംഭാവനയാണ്. വനത്തിലും, ഇരുമാളികയിലും, ഗുഹയിലുമായി അരങ്ങേറുന്ന രംഗങ്ങളിൽ പ്രേമവും അസൂയയും ദുരിതവും കൂടിക്കലരുന്നു. സ്വന്തം കുഞ്ഞിനുവേണ്ടി ഡെബ്യൂസി രചിച്ച ചിൽഡ്രൻസ് കോർണർ എന്ന പിയാനോ ഗാനവും ദ് ബോക്സ് ഒഫ് ടോയ്സ് എന്ന ബാലെയും പ്രസിദ്ധമാണ്. സംഗീത സംബന്ധിയായ ലേഖനങ്ങൾ ഫ്രഞ്ച് മാസികകളിൽ പ്രസിദ്ധീകരിക്കുന്നതിലും ഡെബ്യൂസി താൽപര്യം പ്രദർശിപ്പിച്ചിരുന്നു. മിസ്റ്റർ ക്വാർട്ടർ നോട്ട് എന്ന കൃതിയിൽ ഇവ സമാഹരിക്കപ്പെട്ടിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധകാലത്ത് ബെൽജിയത്തിൽ ജർമനി ബോംബുകൾ വർഷിച്ച സംഭവത്തെ ആസ്പദമാക്കി ക്രിസ്തുമസ് ഒഫ് ദ് ഹോംലെസ് ചിൽഡ്രൻ എന്ന മനോഹരഗാനം രചിച്ചു. ജോൺ ഒഫ് ആർക്കിനെ സംബന്ധിച്ച ഒരു രചനയിലേർപ്പെട്ടുവെങ്കിലും അതു പൂർത്തിയാക്കാൻ ഡെബ്യൂസിന് കഴിഞ്ഞില്ല. പാരിസിലെ ബോംബാക്രമണസമയത്താണ് അർബുദം ബാധിച്ച് അദ്ദേഹം അന്തരിച്ചത്. ശവസംസ്കാരച്ചടങ്ങുകൾപോലും ബോംബാക്രമണത്തിൽ അലങ്കോലപ്പെട്ടു.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

വീഡിയോ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡെബ്യുസി, ക്ളോഡ് (1862 - 1918) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ക്ലോഡ്_ഡെബ്യുസി&oldid=2556006" എന്ന താളിൽനിന്ന് ശേഖരിച്ചത്