കേരളത്തിലെ ആദ്യ ശാസ്ത്രസാഹിത്യ സംഘടനയായിരുന്നു കേരള ശാസ്ത്രസാഹിത്യ സമിതി. [1] എൻ.വി. കൃഷ്ണവാര്യരുടെ നേതൃത്വത്തിൽ[1] സമസ്ത കേരള സാഹിത്യ പരിഷത്തിൽ പ്രവർത്തിച്ചിരുന്ന ചിലർ ചേർന്ന് രൂപീകരിച്ച ഈ സമിതി വളരെ ചുരുങ്ങിയ കാലം മാത്രമാണ് പ്രവർത്തന രംഗത്തുണ്ടായിരുന്നത്. ഈ സംഘടന പിൽക്കാലത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ രൂപീകരണത്തിന് വഴി തെളിച്ചു.[2]

കേരള ശാസ്ത്രസാഹിത്യ സമിതി
രൂപീകരണം1957
Extinctionഏകദേശം രണ്ടുവർഷക്കാലം പ്രവർത്തിച്ച് നിർജ്ജീവമായി
തരംശാസ്ത്ര സാഹിത്യകാരന്മാരുടെ സംഘം
പ്രസിഡന്റ്
പി.കെ കോരുമാസ്റ്റർ
പ്രധാന വ്യക്തികൾ
എൻ.വി. കൃഷ്ണവാര്യർ, പി.ടി. ഭാസ്കരപ്പണിക്കർ, ഒ.പി.നമ്പൂതിരിപ്പാട്

ചരിത്രം തിരുത്തുക

1927 -ൽ ആരംഭിച്ച സമസ്ത കേരള സാഹിത്യപരിഷത്തിന്റെ പ്രവർത്തനങ്ങളിൽ അസംതൃപ്തരായ ചില സാഹിത്യകാരന്മാർ ചേർന്ന് സാഹിത്യ സമിതി എന്നൊരു സംഘടന ഉണ്ടാക്കുവാൻ മുൻകൈയ്യെടുത്തു. 1957 -ൽ ഒറ്റപ്പാലത്തു വെച്ച് ചേർന്ന അതിന്റെ വാർഷിക സമ്മേളനത്തിൽ, മലയാളത്തിൽ ശാസ്ത്ര രചനകൾ നടത്തുന്നവർക്കായി പ്രത്യേകം ഒരു യോഗം നടക്കുകയും ആ യോഗത്തിൽ കേരള ശാസ്ത്രസാഹിത്യ സമിതി എന്ന സംഘടനയ്ക്ക് രൂപം നൽകുകയും ചെയ്ത. പി.ടി. ഭാസ്കരപ്പണിക്കർ ആണ് ഇതിന് മുൻകൈയെടുത്തത്. പി.കെ.കോരുമാസ്റ്റർ അധ്യക്ഷനും ഭാസ്കരപ്പണിക്കർ ഉപാധ്യക്ഷനും ഒ.പി.നമ്പൂതിരിപ്പാട് കാര്യദർശിയും ഡോ.എസ്സ്.പരമേശ്വരൻ, സി.കെ.മൂസ്സത്, എം.സി.നമ്പൂതിരിപ്പാട്, ഇ.വി.ദേവ്, എം.എൻ.സുബ്രഹ്മണ്യൻ മുതലായവർ നിർ‌വ്വാഹക സമിതി അംഗങ്ങളുമായി.[1]

വിവിധ ശാസ്ത്ര ശാഖകളെ സംബന്ധിച്ച ലേഖനങ്ങൾ സമാഹരിച്ച് ‘പെൻഗ്വിൻ സയൻസ് ന്യൂസ്’ എന്ന ഗ്രന്ഥ പരമ്പരയുടെ മാതൃകയിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുവാൻ സമിതി തീരുമാനിച്ചു. 1958-ൽ ‘ആധുനിക ശാസ്ത്രം’ എന്ന പേരിൽ ആദ്യത്തെ ലേഖനസമാഹാരം പുറത്തിറക്കുവാൻ കഴിഞ്ഞു. പി.കെ.കോരു, ഡോ.എസ്സ്.പരമേശ്വരൻ, പി.ടി. ഭാസ്കരപ്പണിക്കർ, സി.കെ.മൂസത്, എം.സി.നമ്പൂതിരിപ്പാട്, ഒ.പി.നമ്പൂതിരിപ്പാട്, ഇ.വി.ദേവ് എന്നിവരുടെ ലേഖനങ്ങളാണ് ‘ആധുനിക ശാസ്ത്ര’ത്തിൽ ഉണ്ടായിരുന്നത്. ഒരു രൂപ വിലയുണ്ടായിരുന്ന ഈ ഗ്രന്ഥത്തിന്റെ 1000 കോപ്പികൾ അച്ചടിച്ചിരുന്നു. 1958-ൽ ഡാർവിന്റെ, ഒറിജിൻ ഓഫ് സ്പീഷീസ് എന്ന ഗ്രന്ഥത്തിന്റെ ശതാബ്ദി വർഷമായിരുന്നതിനാൽ അത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനും ആലോചിച്ചിരുന്നു. പക്ഷേ അത് നടന്നില്ല.[1]

സമിതിയുടെ ഊർജ്ജ സ്രോതസ്സായിരുന്ന പി.ടി ഭാസ്കരപ്പണിക്കർ ആദ്യ കേരള സർക്കാരിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ പ്രൈവറ്റ് സെക്രട്ടറിയായതിനെ തുടർന്ന് സമിതിയുടെ പ്രവർത്തനങ്ങൾ നിർജ്ജീവമായി.[1]

അവലംബം തിരുത്തുക