കേരളത്തിന് വളരെ നീളത്തിൽ കടൽത്തീരങ്ങളുണ്ടെങ്കിലും കടലോരത്തും കായലോരത്തും നദീമുഖങ്ങളിലും അഴുമുഖത്തെ ചെളിത്തട്ടുകളിലും ചതുപ്പുപ്രദേശത്തുമൊക്കെയായി കണ്ടലുകൾ വളരുന്ന പ്രദേശം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 40 വർഷം മുൻപ് വരെ കേരളത്തിൽ 700 ചത്രരശ്ര കിലോമീറ്ററിൽ കുറയാത്തത്ത പ്രദേശത്ത് കണ്ടലുകൾ വളർന്നിരുന്നു, എങ്കിലും ഇന്ന് ഏകദേശം 17 ച.കി.മീറ്ററിൽ താഴെയേ കണ്ടലുകൾ കാണപ്പെടുന്നുള്ളൂ എന്ന് കേരള വനം വകുപ്പ് പറയുന്നു. സംസ്ഥാനത്തെ കണ്ടൽവന വിസ്തൃതി 25.2 ചതുരശ്ര കിലോമീറ്ററാണെന്ന് 2010-ലെ കേരള ശാസ്ത്ര-സാഹിത്യ പരിഷത്ത് പഠനം[1] കാണിക്കുന്നത്. കേരളത്തിലെ കണ്ടൽക്കാടുകളിൽ നാമമാത്രമാണ് സർക്കാർ അധീനതയിലുള്ളത്.

മംഗളവനത്തിലെ കണ്ടൽ മരങ്ങൾ.

സംസ്ഥാനത്ത് കണ്ടൽവനത്തിന്റെ 70 ശതമാനത്തിലേറെ സ്വകാര്യ ഉടമസ്ഥതയിലാണെന്ന് വനംവകുപ്പ് പറയുന്നു. സ്വകാര്യ ഉടമസ്ഥത 52.35 ശതമാനമാണെന്ന് ശാസ്ത്ര-സാഹിത്യപരിഷത്തിന്റെ സർവേ രേഖപ്പെടുത്തുന്നു. ഉടമസ്ഥത ആരുടെ കൈവശമാണെങ്കിലും ഒട്ടേറെ വനം-പരിസ്ഥിതി നിയമങ്ങൾ നഗ്നമായി ലംഘിച്ചാണ് കണ്ടൽക്കാടുകൾ പിഴുതുമാറ്റുന്നത് [2]

ചരിത്രം തിരുത്തുക

17-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വാൻ റീഡ് രചിച്ച ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിൽ മലബാർ തീരങ്ങളിൽ കണ്ടുവരുന്ന കണ്ടൽ സസ്യങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു. അദ്ദേഹത്തിനുശേഷം പ്രസിദ്ധീകരിച്ച നിരവധി സസ്യശാസ്ത്രഗ്രന്ഥങ്ങളിൽ കേരളത്തിലെ കണ്ടലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വിതരണം തിരുത്തുക

കണ്ണൂർ ജില്ലയിലാണ്‌ ഏറ്റവും കൂടുതൽ കണ്ടൽകാടുകൾ കാണുന്നത്‌. സമുദ്രതീരത്തെ കണ്ടൽകാടുകൾ ഏറ്റവും കൂടുതൽ കാണുന്നത്[3] എറണാകുളം ജില്ലയിലെ പുതുവൈപ്പിനിൽ ആണ്‌. എറണാകുളത്തെ മംഗള വനത്തിൽ വിവിധതരം കണ്ടൽ മരങ്ങളുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ എന്നീ ജില്ലകളിലാണ്‌ കണ്ടൽകാടുകൾ കാണപ്പെടുന്നത്‌.

ലോകത്ത് 124 രാജ്യങ്ങളിലായി രണ്ട് കോടിയോളം ഹെക്ടർ സ്ഥലത്ത് (19.8 ദശലക്ഷം ഹെക്ടർ) കണ്ടൽക്കാടുണ്ട്. ഇന്തോനേഷ്യയിലാണ് ഏറ്റവും കൂടുതലുളളത്. ഇന്ത്യയിൽ 6740 ചതുരശ്ര കിലോമീറ്ററിൽ കണ്ടൽവനമുണ്ട്. പശ്ചിമബംഗാളിലെ സുന്ദർബൻസ് ഉൾപ്പെടെയുള്ള കിഴക്കൻ തീരങ്ങളിലാണ് കൂടുതൽ. വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവയൊഴിച്ചുള്ള കേരളത്തിലെ പത്ത് ജില്ലകളിലും കണ്ടൽവനമുണ്ട്. സംസ്ഥാനത്തെ കണ്ടൽക്കാടുകളിൽ നാല്പതുശതമാനത്തിലേറെയും കണ്ണൂർ ജില്ലയിലാണ്

ഓരോ ജില്ലയിലും കണ്ടൽ‌വനങ്ങളുടെ വിസ്തീർണ്ണം തിരുത്തുക

2006 ലെ കേരള വനം വകുപ്പിന്റെ കണക്കനുസരിച്ചുഌഅ വിസ്തീർണ്ണം ജില്ല തിരിച്ച്.

ജില്ല വിസ്തീർണ്ണം
(ഹെക്റ്റർ)
തിരുവനന്തപുരം 23
കൊല്ലം 58
ആലപ്പുഴ 90
കോട്ടയം 80
എറണാകുളം 260
തൃശൂർ 21
മലപ്പുറം 12
കോഴിക്കോട് 293
കണ്ണൂർ 755
കാസർകോഡ് 79

പ്രധാനവനങ്ങൾ തിരുത്തുക

കവ്വായ് - കുഞ്ഞിമംഗലം തിരുത്തുക

കടലുണ്ടി തിരുത്തുക

മംഗളവനം തിരുത്തുക

കണ്ടൽവൈവിധ്യം തിരുത്തുക

ഇന്ത്യയിൽ കണ്ടുവരുന്ന 59 ജാതി കണ്ടൽച്ചെടികളിൽ 14 എണ്ണം കേരളത്തിൽ കണ്ടുവരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടലുകളുമായി ബന്ധപ്പെട്ട് വളരുന്ന സസ്യങ്ങളും ചേർത്താൽ ഇവ ഏകദേശം 30 ഓളം വരും.

മരം, കുറ്റിച്ചെടി, വള്ളിച്ചെടി എന്നീ വിഭാഗത്തിൽപ്പെട്ട കണ്ടൽവനമുണ്ട്. കണ്ടൽക്കാടുകൾക്കിടയിലോ അവയ്ക്ക് സമീപമായോ വളരുന്ന പ്രതേക്യതരം സസ്യങ്ങളുണ്ട്. ശുദ്ധ കണ്ടലുകളല്ലാത്ത അവയെ കണ്ടൽസഹവർത്തികളെന്നോ കണ്ടൽക്കൂട്ടാളികളെന്നോ വിശേഷിപ്പിക്കപ്പെടുന്നു. സംസ്ഥാനത്ത് 18 ഇനം ശുദ്ധ കണ്ടലുകളും 54 തരം കണ്ടൽസഹവർത്തികളുമുണ്ടെന്ന് കേരള വനഗവേഷണ ഇൻസ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

1) ചുള്ളിക്കണ്ടൽ, 2) പൂക്കണ്ടൽ, 3) ചെറു ഉപ്പട്ടി, 4) ഉപ്പട്ടി, 5) കുറ്റിക്കണ്ടൽ (ചെറുകണ്ടൽ) 6) കരക്കണ്ടൽ (പേനക്കണ്ടൽ), 7) സ്വർണക്കണ്ടൽ 8) ആനക്കണ്ടൽ, 9) കണ്ണാമ്പൊട്ടി, 10) മുകുറം (നാകം), 11) വള്ളിക്കണ്ടൽ, 12) കടക്കണ്ടൽ, 13) ഞെട്ടിപ്പന, 14) പീക്കണ്ടൽ, 15) പ്രാന്തൻ കണ്ടൽ, 16) ചില്ലക്കമ്പട്ടി (കരിമാട്ടി), 17) നക്ഷത്രക്കണ്ടൽ, 18) ചക്കരക്കണ്ടൽ എന്നിവയാണ് ശുദ്ധകണ്ടലുകൾ.

ഇന്ന് തടിക്കും വിറകിനും വേണ്ടിയും, ചതുപ്പുനിലങ്ങൾ മണ്ണിട്ടു നികത്തുന്നതിനുവേണ്ടിയും കണ്ടൽകാടുകൾ നശിപ്പിക്കപ്പെടുന്നു. ഇതെല്ലാം ആഗോളതലത്തിൽ തന്നെ പരിസ്ഥിതിക്ക്‌ കനത്ത നാശം ഉണ്ടാക്കുന്നു. ഇന്ത്യയിലെ കണ്ടൽവനങ്ങളെ കുറിച്ചുപഠിച്ച ദേശീയകമ്മറ്റി 32 കണ്ടൽമേഖലകളാണ്‌ അടിയന്തരമായി സംരക്ഷിക്കപ്പെടേണ്ടവയായി കണ്ടെത്തിയത്.

കേരളത്തിൽ ഇന്ന് കണ്ടുവരുന്ന കണ്ടൽവർഗ്ഗസസ്യങ്ങൾ അറിയപ്പെടുന്നത് പ്രധാനമായും 3 കുടുംബങ്ങളിലാണ്‌. ഇവയിൽ പ്രധാനപ്പെട്ടത് റൈസോഫോറേഷ്യേ, അവിസേന്നേഷ്യേ, സോണറേറിയേഷ്യേ എന്നിവയാണവ.

പീക്കണ്ടൽ (പ്രാന്തൻ കണ്ടൽ) തിരുത്തുക

Rhizophora mucronata എന്നാണ്‌ ശാസ്ത്രീയനാമം. [4]റൈസോഫെറേഷ്യേ കുടുംബത്തിൽ പെട്ട കണ്ടൽച്ചെടിയാണിത്. കേരള വനം വകുപ്പ് കേരളത്തിൽ വച്ചുപിടിപ്പിക്കുന്ന കണ്ടൽച്ചെടികളിലൊന്നിതാണ്‌. കൊച്ച് ആൽമരം പോലെ ചതുപ്പിൽ തായ്‌വേരുകൾ താഴ്ന്നിറങ്ങി വളരുന്നു. 15 മീറ്റർ ഉയരത്തിൽ വളരാറുണ്ട്. പച്ച നിറത്തിലുള്ള ഇലകൾ പഴുത്താൽ മഞ്ഞനിറമാണ്‌. ഇടതൂർന്ന് നിൽക്കുന്ന ഇലച്ചാർത്താണ്‌. വേരുകൾ കുടപോലെ വളർന്ന് പന്തലിച്ച് നിൽക്കുന്നു. ഈ വേരുകളും ചെടിയും ചേർന്ന് കാറ്റിനെ പിടിച്ച് നിർത്താൻ സഹായിക്കുന്നു. പൂക്കൾക്ക് വെള്ളനിറമാണ്‌. പച്ച നിറത്തിലുള്ള നീണ്ടകായ്കൾ തൂങ്ങി നിൽക്കുന്നു. ഈ വിത്തുകൾ താഴെ വീണാൽ ചെളിയിൽ കുത്തി നിൽകും, അതേയിടത്തുതന്നെ വളരാനും ഇവക്കാകും.

വള്ളിക്കണ്ടൽ തിരുത്തുക

പ്രധാന ലേഖനം: വള്ളിക്കണ്ടൽ
Rhizophora apiculata എന്നാണ്‌ ശാസ്ത്രീയനാമം. 20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയെയാണ്‌ യഥാർത്ഥത്തിൽ കണ്ടൽ എന്നു വിളിക്കുന്നത്. പ്രാന്തൻ കണ്ടലിന്റെ അടുത്ത ബന്ധുവാണ്‌. തായ്‌വേരുകൾ ആൽമരത്തെപ്പഓലെ ശാഖകളെ താങ്ങി നിർത്തുന്നു. കൂർത്ത ഇലകൾക്ക് പച്ച നിറമാണ്‌. തടിക്ക് വ്യാവസായിക പ്രാധാന്യമുണ്ട്. ടാനിൻ, ചായങ്ങൾ, പശ എന്നിവ തടിയിൽ നിന്ന് വേർതിരിച്ചെടുക്കാം.

കുറ്റിക്കണ്ടൽ (Bruguiera cylindrica) തിരുത്തുക

റൈസോഫൊറേസിയ കുടുംബത്തിൽ പെട്ടചെടിയാണിത്. 20 അടിയോളം ഉയരത്തിൽ വളരുന്നു. നാലോളം ജാതി ചെടികൾ ഇന്ത്യയിലുണ്ട്. നലൽ പച്ച നിറത്തിലുള്ള കമ്പുകളും തിളങ്ങുന്ന തടിയുമാണിതിന്റെ പ്രത്യേകത. മേയ് ഓഗസ്റ്റ് മാസങ്ങളിൽ പൂക്കുന്ന ഇവക്ക്ക് വെളുത്ത പൂക്കളാണ്‌. പൂമ്പാറ്റകളാണ്‌ പരാഗണം നടത്തുന്നത്.

പൂക്കണ്ടൽ തിരുത്തുക

മിർസിനേസിയാ കുടുംബത്തിൽ പെട്ട ഒരു ചെറുകണ്ടൽമരമാണ് പൂക്കണ്ടൽ (Aegiceras corniculatum). ഇന്ത്യയിലെയും മറ്റ് തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളുടെയും തീര പ്രദേശങ്ങളിൽ കണ്ടുവരുന്നു. കേരളത്തിലും വ്യാപകമായി കണ്ട് വരുന്ന ഇവയുടെ വെളുത്ത, മണമുള്ള പൂക്കൾ തേനീച്ചകളെ ധാരാളമായി ആകർഷിക്കുന്നതു കൊണ്ട് പൂക്കണ്ടൽ, തേൻ കണ്ടൽ എന്നും വിളിക്കപ്പെടുന്നു.

കണ്ടൽ സംരക്ഷണം തിരുത്തുക

കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നൂറേക്കറിലേറെ കണ്ടൽക്കാടുകളാണ് വെട്ടിയും തീവെച്ചും ചതുപ്പുനിലം നികത്തിയും മാലിന്യക്കൂമ്പാ രങ്ങൾ വാരിയെറിഞ്ഞും നശിപ്പിച്ചത്. തൃശ്ശൂർ പാവറട്ടിയിൽ ടയറുപയോഗിച്ച് തീവെച്ചാണ് കണ്ടൽ നശിപ്പിച്ചത്. കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായത് രണ്ടര ഏക്കർ കണ്ടൽവനമാണ്. തോപ്പുംപടി മുണ്ടംവേലിയിൽ തീരദേശനിയമം ലംഘിച്ച് കണ്ടൽ വെട്ടിയത് കൊച്ചി നഗരസഭ തന്നെയാണ്.

ദേശീയ ഹരിത ട്രൈബ്യൂണൽ നഗരസഭയ്ക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. പാപ്പിനിശ്ശേരിയിലെ വളപട്ടണം പുഴയോരത്ത് നിത്യേന കൊണ്ടിടുന്ന മാലിന്യക്കൂമ്പാരങ്ങൾ വിശാലമായ കണ്ടൽക്കാടിന്റെ പച്ചപ്പ് മായ്ച്ചുകളഞ്ഞിട്ടുണ്ട്. കണ്ടൽക്കാടുകൾ അഞ്ച് ഹെക്ടറോളമാണ് കൊല്ലം ആയിരംതെങ്ങിൽ ഫിഷറീസ് വകുപ്പുതന്നെ നശിപ്പിച്ചത്.

കണ്ണൂർ ജില്ലയിലെ എരഞ്ഞോളി, ഇരിണാവ്, പാപ്പിനിശ്ശേരി, തലശ്ശേരി, കുയ്യാൽ എന്നിവിടങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ആസ്​പത്രി, കോസ്റ്റ് ഗാർഡ് അക്കാദമി, ടൂറിസം എന്നിവയ്ക്കായി 70 ഹെക്ടറിലേറെ കണ്ടലുകൾ നശിപ്പിച്ചു.

എറണാകുളം-കളമശ്ശേരി കണ്ടെയ്‌നർ റോഡിന്റെ വശങ്ങളിലുള്ള കണ്ടൽക്കാടുകൾ രാത്രി ജെ.സി.ബി. വെച്ച് പിഴുതെടുത്തും പകൽ കത്തിച്ചാമ്പലാക്കിയുമാണ് ഇല്ലായ്മ ചെയ്തത്. ലാഭം ലാക്കാക്കിയുള്ള ചെമ്മീൻഫാമുകളുടെ നിർമ്മാണം, റിസോർട്ടുകളുടെ വ്യാപനം, റിയൽ എസ്റ്റേറ്റ് താത്പര്യങ്ങൾ, ടൂറിസം, കൈയേറ്റങ്ങൾ, സർക്കാരിന്റെ വികസനപദ്ധതികൾ എന്നിവയെല്ലാം കണ്ടൽക്കാടുകളുടെ നാശത്തിന് വഴിയൊരുക്കുന്നു.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-05-23. Retrieved 2017-03-16.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-05-23. Retrieved 2017-03-16.
  3. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 767. 2012 നവംബർ 05. Retrieved 2013 മെയ് 18. {{cite news}}: Check date values in: |accessdate= and |date= (help)
  4. http://www.hort.purdue.edu/newcrop/duke_energy/Rhizophora_mucronata.html

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക