എൽ. ഫ്രാങ്ക് ബോം എഴുതിയ ഒരു സുപ്രസിദ്ധ ബാലസാഹിത്യ കൃതിയാണ് ഓസ് നഗരത്തിലെ മാന്ത്രികൻ (ഇംഗ്ലീഷ്: The Wonderful Wizard of Oz).[1]പിന്നീട് ഈ കൃതി ഇതേ പേരിൽ വിക്ടർ ഫ്ലെമിങ്ങ് സിനിമയാക്കുകയുമുണ്ടായി.[2] ഓസ് എന്ന മാന്ത്രിക ലോകത്തെ പ്രമേയമാക്കി ബോം ഇരുപതോളം കൃതികൾ രചിക്കുകയുണ്ടായി. അതിൽ ഏറ്റവും പ്രശസ്തവും ആദ്യത്തെതുമാണ് ഓസ് നഗരത്തിലെ മാന്ത്രികൻ. അനേകം ഭാഷകളിലേക്ക് ഓസ് കൃതികൾ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. ബോമിന്റെ മരണ ശേഷവും, മറ്റു പലരുടേതായി നിരവധി ഓസ് കൃതികൾ രചിക്കപ്പെട്ടു എന്നത് ഓസിന്റെ ജനപ്രിയതയ്ക്ക് തെളിവാണ്. ഓസ് നഗരത്തിലെ മാന്ത്രികൻ എന്ന പേരിലും ഓസിലെ മായാവി എന്ന പേരിലും മലയാളത്തിൽ പരിഭാഷകൾ ഉണ്ടായിട്ടുണ്ട്.

ഓസ് നഗരത്തിലെ മാന്ത്രികൻ
പുസ്തകത്തിന്റെ കവർ ചിത്രം
കർത്താവ്എൽ. ഫ്രാങ്ക് ബോം
ചിത്രരചയിതാവ്വില്യം വാലൻസ് ഡെൻസ്‌ലോ
രാജ്യംയു.എസ്.എ.
ഭാഷഇംഗ്ലീഷ്
പരമ്പരഓസ് പുസ്തക പരമ്പര
സാഹിത്യവിഭാഗംഭ്രമാത്മക സാഹിത്യം ബാലസാഹിത്യം
പ്രസാധകർജോർജ്ജ് എം. ഹിൽ കമ്പനി
പ്രസിദ്ധീകരിച്ച തിയതി
1900 മേയ് 17
മാധ്യമംഹാർഡ് ബാക്ക്/പേപ്പർ ബാക്ക് പുസ്തകം, ഓഡിയോ പുസ്തകം
ഏടുകൾ259 പേജുകൾ., 21 leaves of plates (first edition hardcover)
OCLC9506808
ശേഷമുള്ള പുസ്തകംദ മാർവലസ് ലാൻഡ് ഓഫ് ഓസ്

മലയാളത്തിൽ തിരുത്തുക

യുറീക്ക ബാലമാസികയിൽ ജെ.ദേവികയുടെ പരിഭാഷ ഓസിലെ മായാവി എന്ന പേരിൽ ഖണ്ഡശഃ പ്രസിദ്ധികരിച്ചു വന്നിരുന്നു. പിന്നീട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇത് പുസ്തക രൂപത്തിലും പ്രസിദ്ധീകരിച്ചു. ഡി.സി. ബുക്സ്, ഒലിവ് പബ്ലിക്കേഷനുകളുടെ അടക്കം മറ്റ് പരിഭാഷകളും മലയാളത്തിൽ ലഭ്യമാണ്.[3]

കഥാസാരം തിരുത്തുക

കഥാനായികയായ ഡൊറോത്തി എന്ന കൊച്ചു പെൺകുട്ടി അവളുടെ അമ്മാവനും അമ്മായിക്കും ഒപ്പം കാൻസാസിലെ ഒരു മരുപ്രദേശത്തിലാണ് ജീവിക്കുന്നത്. ഒരിക്കൽ ഡൊറോത്തിയും അവളുടെ ഓമന നായ്കുട്ടി ടോട്ടൊയും ഒരു ചുഴലിക്കാറ്റിൽ പെട്ടു. അവരുടെ കൊച്ചു വീടുമായി പറന്നു പൊന്തിയ കാറ്റ് നീണ്ട ആകാശ യാത്രയ്ക്കു ശേഷം അവരെ കൊണ്ടിറക്കിയത് ഓസ് എന്ന അത്ഭുത ലോകത്തിലാണ്. വടക്കും തെക്കും കിഴക്കും പടിഞ്ഞാറുമായി നാലുമന്ത്രവാദികളാണ് ഓസ് ഭരിക്കുന്നത്. തെക്കു ദേശത്തെ മഞ്ച്കിനുകളെയും പടിഞ്ഞാറെ വിങ്കികളെയും ഭരിക്കുന്ന മന്ത്രവാദിനികൾ ദുഷ്ടകളാണ്, എന്നാൽ വടക്ക് ദേശവും കിഴക്കു ദേശവും ഭരിക്കുന്നതു നല്ലവരായ മന്ത്രവാദികളാണ്. കൂട്ടത്തിൽ സർവശക്തൻ, കിഴക്കുദേശത്തെ മരതക നഗരത്തിൽ കഴിയുന്ന ഓസ് ആണ്. ഡോറത്തി പെൺകുട്ടിയുടെ വീടിനടിയിൽ പെട്ട് വടക്കു ദേശത്തെ മന്ത്രവാദി കൊല്ലപ്പെടുന്നു. ആളുകൾ ഡോറത്തിയെ അത്ഭുതശക്തികളുള്ള ഒരു മന്ത്രവാദിനിയായി തെറ്റിദ്ധരിച്ചെങ്കിലും അവൾ ഒരു സാധാരണ മനുഷ്യകുട്ടിയാണെന്നു തിരിച്ചറിഞ്ഞ വടക്കുദേശത്തെ നല്ലവളായ മന്ത്രവാദി ഡോറത്തിക്കു തിരികെ നാട്ടിലെത്താനുള്ള ഏക മാർഗ്ഗം മരതകനഗരത്തിൽ വാഴുന്ന ഓസ് മാന്ത്രികനെ കാണുകയാണെന്ന് അറിയിക്കുന്നു. മഞ്ഞ ഇഷ്ടിക പാകിയ പാതയിലൂടെ മരതക നഗരത്തിലേക്കു പോകുന്ന വഴിയേ ഡോറത്തിയും ടോട്ടോയും മൂന്ന് സുഹൃത്തുക്കളെ കൂടേ കണ്ടു മുട്ടുന്നു. ഒരു വൈക്കോൽ മനുഷ്യനും തകര മനുഷ്യനും പേടിത്തൊണ്ടൻ സിംഹവും. വൈക്കോൽ മനുഷ്യനു തലച്ചോർ ഇല്ല. തകര മനുഷ്യനു ഹൃദയവും സിംഹത്തിനു ധൈര്യവും ഇല്ല. മരതക നഗരത്തിൽ ചെന്ന് ഓസ് മാന്ത്രികനെ കണ്ടാൽ കൂട്ടുകാരുടേ എല്ലാ പ്രശ്നവും അദ്ദേഹം പരിഹരിക്കുമെന്നു ഡോറത്തി വിശ്വസിക്കുന്നു.

ഒട്ടേറെ പ്രതിബന്ധങ്ങൾ തരണം ചെയ്തതിനു ശേഷം ഡോറത്തിയും കൂട്ടുകാരും മരതക നഗരത്തിലെത്തുന്നു. പക്ഷെ ഓസ് അവരെ സഹായിക്കാൻ കൂട്ടാക്കുന്നില്ല. പടിഞ്ഞാറു ദേശത്തെ മന്ത്രവാദിയുടെ ശല്യം കൂടെ തീർത്തുതന്നാലെ കൂട്ടുകാരെ സഹായിക്കൂ എന്ന് ഓസ് വാശി പിടിക്കുന്നു. മനസ്സില്ലാ മനസ്സോടെ ഡോറത്തിയും കൂട്ടുകാരും പടിഞ്ഞാറുദേശത്തേക്കു യാത്രയാവുന്നു. ദൂരെവച്ചുതന്നെ ഡോറത്തിയെയും കൂട്ടുകാരെയും കണ്ട പടിഞ്ഞാറു ദേശത്തെ മന്ത്രവാദി അവരെ നശിപ്പിക്കാനായി ആദ്യം 40 ചെന്നായ്ക്കളെയും പിന്നെ 40 കാക്കകളെയും കടന്നലുകളെയും നിയോഗിക്കുന്നു. തകരമനുഷ്യനും സിംഹവും വൈക്കോൽ മനുഷ്യനും മന്ത്രവാദിയുടെ ഓരൊ സൂത്രങ്ങളെയായി പരാജയപ്പെടുത്തുന്നു. അവസാനം ക്രുദ്ധയായ മന്ത്രവാദി ചിറകുള്ള കുരങ്ങന്മാരെ വിളിച്ച് തകരമനുഷ്യനെയും വൈക്കോൽമനുഷ്യനെയും നശിപ്പിച്ച് ഡോറത്തിയെയും സിംഹത്തെയും തടവിലാക്കുന്നു. ഡോറത്തിയുടെ മാന്ത്രിക വെള്ളിച്ചെരിപ്പ് കണ്ട് അസൂയപ്പെട്ട മന്ത്രവാദി അതെങ്ങനെയെങ്കിലും കട്ടെടുക്കാമെന്നു കരുതി അവളെ അവരുടെ ജോലിക്കാരിയാക്കുന്നു. ഒരിക്കൽ മന്ത്രവാദി തന്ത്രപൂർവം ഡോറത്തിയുടെ വെള്ളിച്ചെരുപ്പ് തട്ടിയെടുക്കുക തന്നെ ചെയ്യുന്നു. ദേഷ്യവും സങ്കടവും വന്ന ഡോറത്തി കയ്യിലെ ബക്കറ്റും വെള്ളവും മന്ത്രവാദിയുടേ മേൽ കമഴ്ത്തിയപ്പോൾ അവർ അത്ഭുതകരമായി അലിഞ്ഞില്ലാതെയായിപ്പോകുന്നു.

ദുഷ്ടയായ മന്ത്രവാദി മരിച്ചുപോയതോടേ സ്വതന്ത്രരായ വിങ്കികൾ വൈക്കോൽ മനുഷ്യനെയും തകരമനുഷ്യനെയും പുന:സൃഷ്ടിക്കുന്നു. ചിറകുള്ള കുരങ്ങന്മാരുടെ സഹായത്തോടെ നാലുകൂട്ടുകാരും വിജയികളായി ഓസിനെ കാണാൻ മരതകനഗരത്തിൽ എത്തുന്നു.ആദ്യം കാണാൻ കൂട്ടാക്കാതിരുന്നെങ്കിലും അവസാനം ഡോറത്തിയും കൂട്ടുകാരും ഓസിനെക്കാണുന്നു.അതിനിടെ അബദ്ധവശാൽ ഒരു മറത്തിരശ്ശീലയ്ക്കുള്ളിലേക്ക് ഓടിക്കയറിയ ടോട്ടൊ ഓസിന്റെ കള്ളി വെളിച്ചത്താക്കുന്നു. വാസ്തവത്തിൽ ഓസ് അത്ഭുതശക്തികളില്ലാത്ത ഒരു സാധാരണക്കാരനാണ്. ഒരു സർക്കസ് ജീവനക്കാരനായിരുന്ന അയാൾ ഡോറത്തിയെപ്പോലെത്തന്നെ ഒരു ബലൂൺ അപകടത്തിൽ അവിടെ എത്തിപ്പെടുകയായിരുന്നു.അയാൾക്ക് എന്തൊ അത്ഭുതശക്തിയുണ്ടെന്നു ധരിച്ച നാട്ടുകാർ അയാളെ മരതകനഗരത്തിലെ രാജാവാക്കുകയായിരുന്നു.

അത്ഭുതശക്തിയില്ലെങ്കിലും ബുദ്ധിമാനായ ഓസ് കൂട്ടുകാരുടെ ഓരോരുത്തരുടെയും പ്രശ്നങ്ങൾക്ക് ബുദ്ധിപൂർവമായ പരിഹാരം കണ്ടുപിടിക്കുന്നു.തലച്ചോർ ഇല്ലെങ്കിലും ഡോറത്തിയുടെ സാഹസികയാത്രയ്ക്കിടെ ഏറ്റവും കൂടുതൽ ബുദ്ധിശക്തി പ്രകടിപ്പിച്ചയാളാണ് വൈക്കോൽ മനുഷ്യൻ,ഹൃദയം എന്ന അവയവം ഇല്ലെങ്കിലും ഏറ്റവും കൂടുതൽ കരുണയും സ്നേഹവും കാണിച്ചയാളാണ് തകരമനുഷ്യൻ.അവരുടെ കുറവുകൾ കേവലം പ്രതീകാത്മകമാണ് എന്നു മനസ്സിലാക്കിയ ഓസ് അതിനു അവ്വിധം പരിഹാരം കാണുന്നു. തകരമനുഷ്യനു പട്ടുകൊണ്ടുതന്നെ ലോലവും മൃദുലവുമായ ഹൃദയം തുന്നിക്കൊടുക്കുന്നു. വൈക്കോൽ മനുഷ്യന്റെ തലയിൽ പുത്തൻ 'ചോറു' (തല+ചോറ്)നിറച്ചു കൊടുക്കുന്നു. (ഇംഗ്ലീഷിൽ ബ്രെയിനിനു പകരം ബ്രാൻ).സിംഹത്തിനു ധൈര്യം കിട്ടാൻ സ്പെഷ്യൽ ധൈര്യപ്പായസവും ഉണ്ടാക്കി നൽകുന്നു. അവസാനം ഡോറത്തിയും,ഓസും ഒരു ഹോട്ട് ബലൂൺ ഉണ്ടാക്കി നാട്ടിലേക്ക് രക്ഷപ്പെടാൻ തീരുമാനിക്കുന്നു. പക്ഷെ നിർഭാഗ്യവശാൽ ഡോറത്തിക്ക് ബലൂണിൽ കയറിപ്പറ്റാൻ പറ്റിയില്ല. ഓസ് മാത്രം യാത്രയാവുന്നു.

കാൻസാസിലേക്ക് തിരിച്ചു പോകാനായി ഡോറത്തിയും കൂട്ടുകാരും അവസാനം ഗ്ലിന്റ എന്ന നല്ലവളായ മന്ത്രവാദിനിയെത്തേടിപ്പുറപ്പെടുന്നു. സാഹസികയാത്രയുടെ അവസാനം ഡോറത്തിയും, ടോട്ടോയും, തകരമനുഷ്യനും,വൈക്കോൽ മനുഷ്യനും പേടിത്തൊണ്ടൻ സിംഹവും ഗ്ലിന്റയുടെ അടുത്തെത്തുന്നു. ഗ്ലിന്റ ഡോറത്തിയെ അവളുടെ മാന്ത്രിക പാദരക്ഷയെക്കുറിച്ച് ഓർമിപ്പിക്കുന്നു. കൂട്ടുകാരോട് യാത്രപറഞ്ഞ് ഡോറത്തി മാന്ത്രികപാദരക്ഷയുടെ സഹായത്തോടെ തിരിച്ച് അവളുടെ വീട്ടിലെത്തുന്നതോടെ കഥ തീരുന്നു.

ചലച്ചിത്രം തിരുത്തുക

ഓസ് സിനിമയായും നാടകമായും നൃത്തശില്പമായും ടെലിവിഷൻ സീരിയൽ ആയും പലരൂപത്തിൽ പുനരവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും പ്രധാനമായത് എം.ജി.എം നിർമിച്ച് വിക്ടർ ഫ്ലെമിങ്ങ് സംവിധാനം ചെയ്ത് 1939ൽ പുറത്തിറങ്ങിയ സിനിമയാണു്. എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായി അതു വിലയിരുത്തപ്പെടുന്നു. 1940ൽ ആറു ഓസ്കാർ നോമിനേഷനുകളിൽ രണ്ടെണ്ണം ആ ചിത്രത്തിനു ലഭിച്ചു. ആ വർഷത്തെ മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചതും വിക്ടർ ഫ്ലെമിങ്ങിന്റെ തന്നെ ഗോൺ വിത്ത് ദ വിൻഡിന് ആയിരുന്നു.

ഫ്രാങ്ക്ബോമിന്റെ നോവലിനെ അതിജീവിച്ച് ഓസ് ദ് ഗ്രേറ്റ് & പവർഫുൾ എന്നൊരു ത്രീഡീ ചിത്രം കൂടെ 2013ൽ പുറത്തിറങ്ങാൻ തയ്യാറായിട്ടുണ്ട്[4].

അവലംബം തിരുത്തുക

  1. http://lcweb2.loc.gov/cgi-bin/ampage?collId=rbc3&fileName=rbc0001_2006gen32405page.db&recNum=0
  2. http://www.imdb.com/title/tt0032138/
  3. http://www.mathrubhumi.com/online/malayalam/news/story/1498557/2012-03-11/kerala[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.imdb.com/title/tt1623205/