പതിനാറാം നൂറ്റാണ്ടിൽ കർമ്മലീത്താ സന്യാസസമൂഹത്തിന്റെ നവീകരണത്തിനും പുനഃസ്ഥാപനത്തിനും നേതൃത്വം നൾകിയ സന്യാസിനിയും, പ്രശസ്തയായ സ്പാനിഷ് മിസ്റ്റിക്കും, കത്തോലിക്കാ നവീകരണ കാലഘട്ടത്തിലെ എഴുത്തുകാരിയുമായിരുന്നു ആവിലായിലെ ത്രേസ്യാ അഥവാ അമ്മത്രേസ്യ (ജനനം-1515 മാർച്ച് 28 ; മരണം-1582 ഒക്ടോബർ 4). ഇംഗ്ലീഷ്:Teresa of Ávila. കൊച്ചുത്രേസ്യാ എന്നറിയപ്പെടുന്ന ലിസ്യൂവിലെ ത്രേസ്യാ(1873-1897)യിൽ നിന്ന് വേർതിരിച്ചുകാണിക്കാനായി കേരളക്രൈസ്തവർ‍ ആവിലായിലെ ത്രേസ്യായെ സാധാരണയായി 'അമ്മത്രേസ്യാ' എന്ന് വിളിച്ചുവരുന്നത്.

ആവിലായിലെ ത്രേസ്യാ
ആവിലായിലെ ത്രേസ്യാ - പീറ്റർ പോൾ റൂബൻസ് വരച്ച ചിത്രം
യേശുവിന്റെ ത്രേസ്യാ, Roving Nun
ജനനംമാർച്ച് 1515
ആവിലാ, Old Castile, സ്പെയിൻ
മരണംഒക്ടോബർ 4, 1582
Alba de Tormes, Salamanca, സ്പെയിൻ
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ, ലൂഥറൻ സഭ, ആംഗ്ലിക്കൻ സഭ
വാഴ്ത്തപ്പെട്ടത്ഏപ്രിൽ 24 1614 by പോൾ അഞ്ചാമൻ മാർപ്പാപ്പ
നാമകരണം12 മാർപ്പാപ്പ 1622 by ഗ്രിഗറി പതിനഞ്ചാമൻ മാർപ്പാപ്പ
പ്രധാന തീർത്ഥാടനകേന്ദ്രംShrine of St. Teresa of Ávila, ആവിലാ, സ്പെയിൻ
ഓർമ്മത്തിരുന്നാൾഒക്ടോബർ 15
പ്രതീകം/ചിഹ്നംനിഷ്പാദുക കർമ്മലീത്താസഭയുടെ നിഷ്കർഷകൾ, പുസ്തകവും നാരായവും, അമ്പു തുളച്ച ഹൃദയം
മദ്ധ്യസ്ഥംശാരീരിക അസുഖങ്ങൾ; തലവേദന; lacemakers; laceworkers; മാതാപിതാക്കളെ നഷ്ടപ്പെട്ടവർ; കൃപ ആവശ്യമായവർ; സന്യസ്തർ; തങ്ങളുടെ ശുദ്ധജീവിതത്തിന്റെ പേരിൽ അപമാനിതരഅകുന്നവർ; Pozega, ക്രൊയേഷ്യ; അസുഖബാധിതർ; അസുഖം; സ്പെയിൻ

കുരിശിന്റെ വിശുദ്ധ യോഹന്നാനോടൊപ്പം നിഷ്പാദുക കർമ്മലീത്താസഭാസ്ഥാപകയായി പരിഗണിക്കപ്പെടുന്ന ത്രേസ്യായെ ഇന്ന് കത്തോലിക്കാ സഭ, ലൂഥറൻ സഭ, ആംഗ്ലിക്കൻ സഭ എന്നീ ക്രൈസ്തവ സഭകൾ വിശുദ്ധയെന്ന നിലയിൽ വണങ്ങുന്നു. കൂടാതെ, ക്രൈസ്തവ മിസ്റ്റിസിസത്തിന് ലഭിച്ച മികച്ച സംഭാവനകളായി കണക്കാക്കപ്പെടുന്ന പല ഗ്രന്ഥങ്ങളും എഴുതിയ ത്രേസ്യായെ കത്തോലിക്കാ സഭ വേദപാരംഗതയെന്നും പ്രഘോഷിക്കുന്നു.

1723 ഡിസംബറിലാണ് സെന്റ് ത്രേസ്യയുടെ തിരുസ്വരൂപം കേരളത്തിലെ മയ്യഴിയിലെത്തിയത്. മാഹി സെന്റ് തെരേസ ദേവാലയത്തിൽ വി.അമ്മത്രേസ്യാ പുണ്യവതിയുടെ തിരുനാൾ എല്ലാവർഷവും ഒക്ടോബർ അഞ്ചുമുതൽ നടക്കുന്നു. തിരുനാൾ മഹോത്സവത്തിന്റെ പ്രധാന ദിനങ്ങൾ ഒക്ടോബർ 14, 15 തീയതികളാണ്[1][2].

ജനനം, ബാല്യം തിരുത്തുക

സ്പെയിനിലെ കാസ്റ്റിൽ പ്രദേശത്തെ ഡോൺ അലോൻസോ സാഞ്ചെസ് സെപാഡയുടേയും ഡോണാ ബിയാട്രിസ് ഡവീലയുടേയും പുത്രിയായിരുന്നു ത്രേസ്യാ. പന്ത്രണ്ട് സഹോദരങ്ങളിൽ അഞ്ചാമത്തേതായിരുന്ന അവർക്ക് അടുത്ത പ്രായക്കാരനായ സഹോദരൻ റോഡ്രിഗോയോട് പ്രത്യേക മമത ഉണ്ടായിരുന്നു. കർക്കശനും ഭക്തനുമായിരുന്ന പിതാവ് മക്കളെ ആഴമായ മതബോധത്തിലാണ് വളർത്തിയത്. മൊറോക്കോയിലെ ഭരണകൂടത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിക്കാനായി ഏഴാമത്തെ വയസ്സിൽ റോഡ്രിഗോയും ത്രേസ്യായും ചേർന്ന് രക്തസാക്ഷിത്ത്വം വരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട കഥ പ്രസിദ്ധമാണ്. ഇതിനായി പുറപ്പെട്ട കുട്ടികളെ വഴിക്കു കണ്ടുമുട്ടിയ ഒരു ബന്ധു പിടികൂടി വീട്ടിൽ എത്തിക്കുകയാണ് ചെയ്തത്.[3][4]

കൗമാരം, സന്യാസവഴി തിരുത്തുക

ത്രേസ്യക്ക് പതിനാല്‌ വയസ്സുള്ളപ്പോൾ അമ്മ മരിച്ചു.ഇത് മകൾക്ക് വലിയ ആഘാതമായി. സ്പെയിനിൽ മൂന്നാം തരം വീരസാഹസികകഥകൾക്കു വലിയ പ്രചാരം ഉണ്ടായിരുന്ന കാലമായിരുന്നു അത്. ‍[1] അമ്മയുടെ മരണം സൃഷ്ടിച്ച ശൂന്യതയിൽ ത്രേസ്യായും അമ്മാതിരി കഥകളുടെയും ഉപരിപ്ലവമായ മറ്റു പരിഷ്കാരങ്ങളുടേയും സ്വാധീനത്തിൽ പെട്ടു. മകളിൽ വന്ന മാറ്റം ശ്രദ്ധിച്ച പിതാവ് അവരെ പഠനത്തിനായി ആവിലായിലെ അഗസ്തീനിയൻ സന്ന്യാസിനികളുടെ ആശ്രമത്തിലയച്ചെങ്കിലും, ഒന്നരവർഷം കഴിഞ്ഞ് കടുത്ത മലേറിയ പിടിച്ച് അവശനിയിലായപ്പോൾ വീട്ടിലെക്കു മടങ്ങി. രോഗമുക്തിക്കുശേഷം പിതൃസഹോദരന്റെ വീട്ടിൽ താമസിക്കവേ പ്രാചീനകാലത്തെ ക്രൈസ്തവ ലേഖകനും താപസനുമായിരുന്ന ജെറൊമിന്റെ കത്തുകൾ [5]വായിക്കാനിടയായത് താപസജീവിതത്തോട് ആഭിമുഖ്യമുണ്ടാക്കി. സംന്യസിനിയാകാനുള്ള ത്രേസ്യായുടെ തീരുമാനത്തെ ആദ്യം എതിർത്ത പിതാവ് ഒടുവിൽ മകളുടെ ഇഷ്ടത്തിനു വഴങ്ങി. ആവിലായിലെ കർമ്മലീത്താമഠത്തിൽ ചേർന്നു വൃതവാഗ്ദാനം നടത്തിയെങ്കിലും രോഗബാധിതയായതു മൂലം അധികം താമസിയാതെ വീട്ടിലേക്കു മടങ്ങി. ഇത്തവണ രോഗമുക്തി ഏറെ നാൾ കൊണ്ടാണ് നടന്നത്.

ധ്യാനപ്രാർഥനാശീലം തിരുത്തുക

രോഗവിമുക്തിപ്രാപിച്ചുകൊൺടിരുന്ന സമയത്ത് ഫ്രാൻസിസ് ഒസൂനയുടെ ആദ്ധ്യാത്മിക അക്ഷരമാല എന്ന പുസ്തകം വായിച്ചതിനെത്തുടർന്നു ത്രേസ്യാ നിശ്ശബ്ദമായ ധ്യാനപ്രാർഥനയിൽ താത്പര്യം ജനിച്ച്, അത് ശീലിക്കാൻ തുടങ്ങിയിരുന്നു. മൂന്നു വർഷം കഴിഞ്ഞ്, രോഗവിമുകതയായ അവൾ മഠത്തിലേക്കു മടങ്ങി. അക്കാലങ്ങളിൽ, സ്പയിനിലെ കർമ്മലീത്താ മഠങ്ങളിൽ അച്ചടക്കരാഹിത്യവും ലോകവ്യഗ്രതയും കൊടികുത്തിവാണിരുന്നു. ആദ്യമൊക്കെ ത്രേസ്യായും അതിന്റെ സ്വാധീനത്തിൽ പെട്ടങ്കിലും മന:സാക്ഷി അവരെ കുറ്റപ്പെടുത്തി. അതോടെ അവർ, പിന്നീട് അവരുടെ ആത്മീയജീവിതത്തിന്റെ അടിസ്ഥാനമായി മാറിയ ധ്യാനപ്രാർഥനാശീലം പുനരാരംഭിച്ചു. അപ്പോഴെക്ക് നാല്പതുവയസ്സായിരുന്ന ത്രേസ്യ, ക്രൈസ്തവ സഭാപിതാവായ അഗസ്റ്റിന്റെ കൺഫഷൻസ്[6] എന്നു പേരായ അത്മകഥ വായിച്ചു. ആ പുസ്തകം അവരെ ആകെ മാറ്റിമറിച്ചു.

ദൈവികദർ‍ശനങ്ങൾ, നിമന്ത്രണങ്ങൾ തിരുത്തുക

താമസിയാതെ ത്രേസ്യാക്ക് വിചിത്രമായ ആത്മീയാനുഭവങ്ങൾ ഉണ്ടാകാൻ തുടങ്ങി. തനിക്ക് ദൈവികദർശനങ്ങളും ആന്തരികനിമന്ത്രണങ്ങളും ലഭിക്കുന്നതായി അവൾക്കു തോന്നി. ഇവയോട് എങ്ങനെ പ്രതികരിക്കണമെന്ന് അവർക്ക് നിശ്ചയമില്ലായിരുന്നു. ഉപദേശകരും, കുംബസാരക്കാരും പരസ്പരവിരുദ്ധമായ നിർദ്ദേശങ്ങളാണ് കൊടുത്തത്. ചിലർ ഇതൊക്കെ സാത്താന്റെ തോന്നിപ്പുകളാണെന്നു പറഞ്ഞു. പരിചയക്കാരിൽ‍ പലരും അവളെ ഉന്മാദിനിയോ കാപട്യക്കാരിയോ ആയി കണക്കാക്കി. എന്നാൽ അക്കാലത്ത് ത്രേസ്യാ പരിചയപ്പെട്ട പ്രഖ്യാത ഫ്രാൻസിസ്ക്കൻ താപസൻ പീറ്റർ അൽക്കാണ്ടറ അവരുടെ അനുഭവങ്ങൾ ദൈവികദർശനങ്ങളാണെന്ന് അംഗീകരിച്ചു.[7]

സഭാനവീകരണം തിരുത്തുക

മഠത്തിലെ സാഹചര്യങ്ങൾ ഉത്തമ താപസജീവിതം കാംക്ഷിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതല്ലായിരുന്നു. അതുകൊണ്ട്, പുതിയൊരു സന്യാസിനീസമൂഹം തുടങ്ങാൻ ത്രേസ്യായും അവരോടു യോജിച്ച ചില സന്യാസിനികളും ചേർന്ന് തീരുമാനിച്ചു. ഈ തീരുമാനം എതിർപ്പുകൾ ക്ഷണിച്ചുവരുത്തിയെങ്കിലും 1562-ൽ അവളുടെ ഇഷ്ടവിശുദ്ധനായ യൗസേപ്പിന്റെ നാമത്തിലുള്ള പുതിയ മഠം ഏറെപ്പേരൊന്നും അറിയാതെ പ്രവർത്തനം തുടങ്ങി. വാർത്തപരന്നപ്പോൾ അതു വലിയ കോലാഹം ഉണ്ടാക്കി. ക്രമേണ എതിർപ്പുകൾ ഒരുവിധം ശമിച്ചു എന്നു മാത്രമല്ല ആവില സന്ദർശിച്ച കർമ്മലീത്താ സഭയുടെ അധിപന് ത്രേസ്യായുടെ നവീകരണം സ്വീകാര്യമായി. അദ്ദേഹം അവൾക്കു മറ്റു മഠങ്ങൾ തുടങ്ങാൻ അനുവാദം കൊടുക്കുകയും ചെയ്തു. തുടർന്ന് പുതിയ മഠങ്ങളുടെ സ്ഥാപനാർഥം ത്രേസ്യാ നിരന്തരം യാത്രകളിൽ മുഴുകി. അവളുടെ മഠങ്ങൾ സ്പെയിനിന്റെ പല ഭാഗങ്ങളിലും പ്രവർത്തിക്കാൻ തുടങ്ങി. ഈ പുതിയ സന്യാസസമൂഹം നിഷ്പാദുക കർമ്മലീത്തർ(Discalced Carmelites) എന്നാണ് അറിയപ്പെട്ടത്. മാറ്റു സന്യാസികളിൽ നിന്ന് ഭിന്നരായി, അവർ കാലിൽ ഷൂവിനു പകരം ചെരുപ്പു മാത്രം ധരിച്ചിരുന്നതു കൊണ്ടാണ് ഈ പേരു കിട്ടിയത്.

സന്യാസിനികൾക്കുവേണ്ടി ത്രേസ്യാ തുടങ്ങിയതുപോലെയുള്ള സമൂഹങ്ങൾ സന്യാസികൾക്കായും തുടങ്ങേണ്ടതിന്റെ ആവശ്യകത പലർക്കും ബോദ്ധ്യപ്പെട്ടു. ത്രേസ്യായുടെ അത്തരം ആദ്യത്തെ സമൂഹം തുടങ്ങിയത് 1568-ലാണ്. ഈ സം‌രംഭത്തിൽ ത്രേസ്യായുടെ സഹായി അവളുമായി വലിയ ആത്മീയ സൗഹൃദം പങ്കിട്ട യുവതാപസൻ, പ്രസിദ്ധ മിസ്റ്റിക് കവി, കുരിശിന്റെ യോഹന്നാൻ (St. John of the Cross) ആയിരുന്നു. ഈ പുതിയ സമൂഹവും വലിയ എതിർപ്പുകൾക്കിടയിലാണ് തുടങ്ങിയത് എന്നും പറയേണ്ടതുണ്ട്. യോഹന്നാന് ഇതുമായി ബന്ധപ്പെട്ട് ജയിൽ വാസം വരെ സഹിക്കേണ്ടി വന്നു.

നവീകൃത സംന്യസസമൂഹങ്ങളും പഴയ കർമ്മലീത്തസമൂഹങ്ങളുമായുള്ള തർക്കങ്ങൾ വഷളായി ത്രേസ്യായുടെ ജീവതാന്ത്യത്തോടടുത്ത് അവർക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തപ്പെട്ടു. ഏതാനും മാസത്തേക്ക് ഏതാണ്ട് ജയിൽ വാസം പോലെയുള്ള അവസ്ഥയിലായി ത്രേസ്യാ. എന്നാൽ അവരുടെ നവീകരണത്തിന്റെ മൂല്യം മനസ്സിലാക്കിയിരുന്ന സ്പെയിനിലെ രാജാവ് ഫിലിപ്പ് രണ്ടാമന്റെ സഹായപൂർണമായ ഇടപെടൽ അവരെ രക്ഷപെടുത്തി. തുടർന്ന്, നവീകൃത സമൂഹങ്ങൾ നവീകൃതമല്ലാത്ത സമൂഹങ്ങളിൽ നിന്നു പൂർണമായും സ്വതന്ത്രമാക്കപ്പെട്ടു.

എഴുത്തുകാരി തിരുത്തുക

നവീകൃതസന്യാസസഭകളുടെ സ്ഥാപക എന്നതിലുപരി ആത്മീയസാഹിത്യത്തിന് എണ്ണപ്പെട്ട സംഭാവനകൾ നൾകിയ എഴുത്തുകാരി എന്ന നിലയിലാണ് ആവിലായിലെ ത്രേസ്യാ അറിയപ്പെടുന്നത്. ഔപചാരിക വിദ്യാഭ്യാസം വളരെക്കുറച്ചു മാത്രം കിട്ടിയിരുന്ന അവൾ എഴുതിയത് സ്പാനിഷ് ഭാഷയുടെ കാസ്റ്റിലിയൻ നാട്ടുരൂപത്തിലാണ്. എന്നിട്ടും ഡോൺ ക്വിക്ക്‌സോട്ട് എഴുതിയ തെർ‌വാന്റിസ് കഴിഞ്ഞാൽ ഏറ്റവുമേറെ വായിക്കപ്പെട്ടിട്ടുള്ള സ്പാനിഷ് എഴുത്തുകാരി ആണ് ത്രേസ്യാ.[8]

മിസ്റ്റിക്കൽ ലേഖിക എന്ന നിലയിലുള്ള ത്രേസ്യായുടെ യശസ്സിന് അടിസ്ഥാനം മൂന്നു കൃതികളാണ്. ആദ്യമായി എഴുതിയ സ്വയംകൃതചരിത്രം (Autobiography) സ്വന്തം ആത്മാവിന്റെ അവസ്ഥ അത്മീയഗുരുക്കന്മാരുടെ അറിവിലേക്കായി അവരുടെ നിർദ്ദേശാനുസരണം ത്രേസ്യാ രേഖപ്പെടുത്തിയതാണ്. പിന്നീട് ആ പുസ്തകം ജനസാമന്യത്തിനു കൂടി പ്രയോജനപ്പെടത്തക്കവണ്ണം വിപുലീകരിച്ചു. സന്യാസസഭാനവീകരണത്തിലേർപ്പെട്ടിരുന്ന ത്രേസ്യാ, ആത്മീയപുത്രിമാർക്ക് പ്രയോജനപ്പെടത്തക്കവണ്ണം, ആത്മീയപൂർണതയിലേക്കുള്ള വഴി വിവരിച്ച് എഴുതിയതാണ് സുകൃതസരണി (Way of Perfection) എന്ന കൃതി[9]. ത്രേസ്യായുടെ കൃതികളിൽ സമീപനത്തിലും ഉള്ളടക്കത്തിലും ഏറ്റവും മൗലികത പുലർത്തുന്നത് ആഭ്യന്തരഹർമ്മ്യം (Interior Castle) ആണ്. ആതിൽ വിവരിച്ചിരിക്കുന്ന ഹർമ്മ്യം മനുഷ്യാത്മാവു തന്നെയാണ്. ആത്മാവിനു വെളിയിൽ നിന്ന് അതിനുള്ളിലേക്കുള്ള യാതനാനിർഭരമായ യാത്രയാണ് അതിന്റെ പ്രമേയം. ഉള്ളിന്റെ ഉള്ളിൽ വസിക്കുന്ന ദൈവത്തെ തേടിയാണ് ആ യാത്ര[10].

സവിശേഷ വ്യക്തിത്വം തിരുത്തുക

ത്രേസ്യായുടെ വ്യക്തിത്വത്തിന്റെ സവിശേഷതകൾ, അവളുടെ ജീവിതകാലത്തും മരണശേഷവും, അനേകരെ ആകർഷിച്ചിട്ടിട്ടുണ്ട്. എടുത്തുപറയേണ്ട ഒരു പ്രത്യേകത അവൾ ഒരിക്കലും കൈവെടിയാതിരുന്ന പ്രസാദാത്മകത്ത്വമാണ്. അവളുടെ പ്രവർത്തനങ്ങളിലും രചനകളിലും ശുഭാപ്തിവിശ്വാസവും, പ്രായോഗികബുദ്ധിയും, ഫലിതബോധവും പ്രകടമായി. ദൈവവുമായി പോലും അവൾ ചിലപ്പോഴെങ്കിലും ഫലിതമയമായി സം‌വാദിച്ചു. ബുദ്ധിമുട്ടുകളെക്കുറിച്ച് ദൈവത്തോട് പരാതിപറഞ്ഞ ത്രേസ്യായെ, "എന്റെ സുഹൃത്തുക്കളോട് ഞാൻ ഇങ്ങനെയാണ് പ്രവർത്തിക്കാറ്" എന്നറിയിച്ച ദൈവത്തിന് അവൾ കൊടുത്ത മറുപടി, "അതുകൊണ്ടായിരിക്കാം അങ്ങേക്ക് ഇത്ര കുറച്ചു സുഹൃത്തുക്കളെ മാത്രം കിട്ടിയത്" എന്നായിരുന്നത്രെ.[11]തീർത്തും പ്രകോപനപരമായ പെരുമാറ്റത്തോടു പ്രതികരിച്ചപ്പോഴും ത്രേസ്യാ സമചിത്തതയും ഫലിതബോധവും കൈവെട്ടില്ല. ആശ്രമത്തിൽ വന്ന വിവരദോഷിയായ ഒരു സന്ദർശകൻ അവളുടെ കാൽ‌പ്പാദങ്ങളുടെ സൗന്ദര്യത്തെ പുകഴ്ത്തിയപ്പോൾ ത്രേസ്യായുടെ മറുപടി "അവ ഇപ്പോൾ നന്നായി കണ്ടുകൊള്ളൂ, ഇനി അവസരം കിട്ടുകയില്ല" എന്നായിരുന്നു. ആ സന്ദർശകന് ഇനി ആശ്രമത്തിൽ സ്വാഗതമില്ല എന്നു സൂചിപ്പിക്കാൻ അവൾ തെരഞ്ഞെടുത്ത വഴി ഇതായിരുന്നു.[12]

മരണം, വിശുദ്ധപദവി തിരുത്തുക

അവസാനം വരെ കർമ്മനിരതയായിരുന്ന ത്രേസ്യാ, നവീകൃത സന്ന്യാസസമൂഹങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് കിഴക്കൻ സ്പയിനിലെ അൽബായിലേക്ക് നടത്തിയ വിഷമപൂർൺമായ ഒരു യാത്രക്കിടയിൽ തീർത്തും അവശയായി. അൽബായിലെത്തി മൂന്നു ദിവസം കഴിഞ്ഞ് 1582 ഒക്ടോബർ 4-ന് അവർ മരിച്ചു. അവിടെത്തന്നെ സംസ്കരിക്കപ്പെടുകയും ചെയ്തു. അവസാനദിനങ്ങളിൽ ത്രേസ്യാ ഉപയോഗിച്ചിരുന്ന പ്രാർഥനപുസ്തകത്തിൽ അടയാളം വയ്ക്കാനുപയോഗിച്ചിരുന്ന കടലാസിൽ ഈ വരികൾ കുറിച്ചിരുന്നു [11]

പതിനഞ്ചാം ഗ്രിഗോറിയോസ് മാർപ്പാപ്പ 1622-ൽ ഈശോസഭയുടെ സ്ഥാപകനായ ഇഗ്നേഷ്യസ് ലൊയോള, ഫ്രാൻസിസ് സേവ്യർ എന്നിവർക്കൊപ്പം ത്രേസ്യായെ വിശുദ്ധപദവിയിലേക്കുയർത്തി. 1970-ൽ ആറാം പോൾ മാർപ്പാപ്പാ, അവളെ വേദപാരംഗതയായി പ്രഖ്യാപിച്ചു. ആ സ്ഥാനത്തേക്കുയർത്തപ്പെടുന്ന ആദ്യത്തെ വനിത ത്രേസ്യാ ആണ്.

അവലംബം തിരുത്തുക

  1. "ഭക്തർക്ക് അനുഗ്രഹധാരയായി മയ്യഴിയമ്മ". മാതൃഭൂമി. Archived from the original on 2019-12-20.
  2. "സ്പെയിൻകാരിയായ തെരേസാ പുണ്യവതി മാഹിയിലെത്തിയത്". മറുനാടൻ മലയാളി.
  3. http://www.intratext.com/ixt/ENG0032/_P8.HTM Teresa of Avila - Autobiography, Chapter 1: IntraText CT Text
  4. Medwick, Cathleen (1999). "Expeditions". Teresa of Avila: The Progress of a Soul. Knopf. ISBN 0-394-54794-2.
  5. http://www.newadvent.org/fathers/3001.htm
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-04-11. Retrieved 2008-01-21.
  7. Saint Teresa Of Avila, Virgin, Foundress - http://www.ewtn.com/library/MARY/AVILA.htm
  8. Victor Shepherd -http://www.victorshepherd.on.ca/Heritage/teresaof.htm
  9. The Way of Perfection, Modern English Version by Henry L, Carrigan Jr., പ്രസാധനം, സെയിന്റ് പോൾസ്, മുംബൈ
  10. ആഭ്യന്തരഹർമ്മ്യം - വിവർത്തനം - ഫാ.ഹെർമൻ, ഒ.സി.ഡി; പ്രസാധനം, Carmel Publishing Centre, Trivandrum
  11. 11.0 11.1 Biography online - Biography of St. Teresa of Avila - http://www.biographyonline.net/spiritual/st_teresa_avila.html
  12. Saint Teresa Of Avila, Virgin, Foundress - ലിങ്ക് മുകളിൽ

കുറിപ്പുകൾ തിരുത്തുക

‍*^ മൂല്യരഹിതമായ അത്തരം കഥകളെ പരിഹസിച്ചാണ് പ്രഖ്യാത സ്പാനിഷ് എഴുത്തുകാരൻ തെർ‌വാന്റിസ് (Miguel de Cervantes 1547-1616) അക്കാലത്ത് ഡോൺ ക്വിക്ക്‌സോട്ട് എന്ന നോവൽ എഴുതിയത്

"https://ml.wikipedia.org/w/index.php?title=ആവിലായിലെ_ത്രേസ്യ&oldid=3995077" എന്ന താളിൽനിന്ന് ശേഖരിച്ചത്