പുരാതന തമിഴ് രാജ്യങ്ങളിലെ മൂന്ന് പ്രധാന സാമ്രാജ്യങ്ങളിൽ ഒന്നായിരുന്നു ആദ്യകാല ചോളർ. ഇവരുടെ ആദ്യകാല തലസ്ഥാനങ്ങൾ ഉറയൂർ, കാവേരിപട്ടണം എന്നിവയായിരുന്നു.

സംഘകാല സാഹിത്യത്തിലും തനതുകലകളിലും പല ചോളരാജാക്കന്മാരെയും പരാമർശിക്കുന്നെങ്കിലും, ഇവരുടെ ചരിത്രം കൃത്യതയോടെ നിർണ്ണയിക്കാൻ പ്രയാസമാണ്.

വിവര സ്രോതസ്സുകൾ തിരുത്തുക

ആദ്യകാല ചോളരെക്കുറിച്ചുള്ള വിവരങ്ങളുടെ പ്രധാന ഉറവിടം സംഘകാലത്തെ തമിഴ് സാഹിത്യമാണ്. ചോളരാജ്യത്തിന്റെയും അതിലെ പട്ടണങ്ങൾ, തുറമുഖങ്ങൾ, വാണിജ്യം എന്നിവയുടെയും ലഘു വിവരണങ്ങൾ എറിത്രിയൻ കടലിലെ പെരിപ്ലസ് (Periplus Maris Erythraei) എന്ന കൃതിയിൽ വിവരിച്ചിരിക്കുന്നു. അജ്ഞാതനായ ഒരു അലക്സാണ്ട്രിയൻ കച്ചവടക്കാരന്റെ രചനയാണ് ഡൊമിനീഷ്യന്റെ കാലത്ത് (ക്രി.വ. 8196) രചിച്ച ഈ ഗ്രന്ഥം. അര നൂറ്റാണ്ടിനു ശേഷം ഭൂമിശാസ്ത്രജ്ഞനായ റ്റോളമി ചോള രാജ്യത്തെയും അതിന്റെ തുറമുഖങ്ങളെയും ഉൾനാടൻ പട്ടണങ്ങളെയും പ്രതിപാദിച്ചു.

ബുദ്ധമത ഗ്രന്ഥമായ മഹാവംശം സിലോണിലെ താമസക്കാരും തമിഴ് കുടിയേറ്റക്കാരുമായി ഉള്ള വിവിധ യുദ്ധങ്ങളെ വിവരിക്കുന്നു.

അശോകസ്തംഭങ്ങളിലും ചോളരെ പ്രതിപാദിക്കുന്നു. (ക്രി.മു. 273 - ക്രി.മു. 232-ൽ ആലേഖനം ചെയ്തത്). ഇവയിൽ ചോളരെ മറ്റ് സാമ്രാജ്യങ്ങളുടെ കൂട്ടത്തിൽ പ്രതിപാദിക്കുന്നു. ചോളർ അശോകന്റെ പ്രജകളായിരുന്നില്ലെങ്കിലും അശോകനുമായി നല്ല ബന്ധം പുലർത്തിയിരുന്നു.[1]

ക്രി.മു. 2-ആം നൂറ്റാണ്ടിൽ കലിംഗം ഭരിച്ചിരുന്ന ഖരവേലൻ തന്റെ ഹാഥിഗുംഫ ലിഖിതങ്ങളിൽ 132 വർഷം നീണ്ടുനിന്ന തമിഴ് രാഷ്ട്രങ്ങളുടെ ഒരു കൂട്ടായ്മയെ (‘’തമിരദേശസങ്ഹട്ടം’’) നശിപ്പിച്ചു എന്ന് അവകാശപ്പെടുന്നു.[1]

ചോളർ, സംഘകാല സാഹിത്യത്തിൽ തിരുത്തുക

ക്രി.മു. 200 മുതൽ ക്രി.വ. 300 വരെയുള്ള കാലഘട്ടത്തിൽ രചിച്ച സംഘ സാഹിത്യത്തിലാണ് ചോളരെക്കുറിച്ചുള്ള ആദ്യത്തെ വ്യക്തമായ പരാമർശങ്ങളുള്ളത്. [2][3] നിർഭാഗ്യവശാൽ, സംഘം കൃതികളെ കാലക്രമത്തിൽ തിരിക്കുവാൻ സാധിച്ചിട്ടില്ല. ഇതിനാൽത്തന്നെ, നമുക്ക് പല ചോള രാജാക്കന്മാരെക്കുറിച്ചുള്ള വിവരം ലഭിക്കുന്നെങ്കിലും, അവരുടേ സമയക്രമം ലഭിക്കുന്നില്ല. സംഘ കൃതികൾ പരിശോധിച്ചാൽ ആദ്യകാല ചോളർ തങ്ങളെ മഹാഭാരതവുമായി ബന്ധിപ്പിക്കുന്നതിന് ബദ്ധശ്രദ്ധരായിരുന്നു എന്ന് കാണാം. മൂന്ന് രാജാക്കന്മാരും ഒന്നുകിൽ മഹാഭാരത യുദ്ധത്തിൽ യുദ്ധം ചെയ്തതായോ അല്ലെങ്കിൽ ഇരു സൈന്യങ്ങൾക്കും ഭക്ഷണം ഒരുക്കുന്നതിൽ ഏർപ്പെട്ടതായോ സംഘം കൃതികളിൽ കാണുന്നു.

അവലംബം തിരുത്തുക

  1. 1.0 1.1 Keay, p119
  2. Kamil Veith Zvelebil, Companion Studies to the History of Tamil Literature, p12
  3. Nilakanta Sastri, A History of South India, p 105

ആധാരം തിരുത്തുക

  • Nilakanta Sastri, K.A. (1955). A History of South India, OUP, New Delhi (Reprinted 2002).
  • South Indian Inscriptions - http://www.whatisindia.com/inscriptions/
  • Nagaswamy, R, Roman Karur, Brahadish Publications (1995)
  • Krishnamurthy, R Non-Roman Ancient Foreign Coins from Karur in India, Garnet Publishers, Chennai
  • Codrington, H. W. A short History of Ceylon, London (1926) (http://lakdiva.org/codrington/).
  • Keay, John. India: A History. New Delhi: Harper Collins Publishers. ISBN 0-002-55717-7. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ആദ്യകാല_ചോളർ&oldid=3780042" എന്ന താളിൽനിന്ന് ശേഖരിച്ചത്