തിരുപ്പാവൈ, നാച്ചിയാർ തിരുമൊഴി എന്നീ പ്രാചീന തമിഴ് ഗീതസംഹിതകളുടെ കർത്താവാണു് ആണ്ടാൾ[1]. പുരാതനതമിഴ് സാഹിത്യത്തിന്റെ ഭാഗമായ വൈഷണവഭക്തിപ്രസ്ഥാനത്തിലെ പന്ത്രണ്ടു് ആഴ്വാർമാരിൽ ഒമ്പതാമത്തേതാണു് ആണ്ടാൾ. പെരിയാഴ്വാർ എന്നറിയപ്പെട്ടിരുന്ന വിഷ്ണുചിത്തന്റെ (വിഷ്ണുസിദ്ധൻ) വളർത്തുപുത്രിയായിരുന്ന കോതൈ ആണു് പിൽക്കാലത്ത് ആണ്ടാ

ആണ്ടാൾ
ജനനംKodhai
ഏഴാം നൂറ്റാണ്ട്
Srivilliputhur
അംഗീകാരമുദ്രകൾAlvar
തത്വസംഹിതSrivaishnava Bhakti
കൃതികൾTiruppaavai, Naachiyaar Thirumozhi
ആണ്ടാൾ

ൾ എന്നറിയപ്പെട്ടതു്.[2]

ജീവിതരേഖ തിരുത്തുക

തമിഴകത്തും തെക്കേ ഇന്ത്യയിൽ പൊതുവേയും വൈഷ്ണവമതവും വൈഷ്ണവഭക്തിസാഹിത്യവും പ്രചരിപ്പിച്ച ശ്രേഷ്ഠരായ പന്ത്രണ്ട് ദിവ്യരാണു് ആഴ്‌വാർമാർ എന്നറിയപ്പെട്ടിരുന്നതു്. ഇവരുടെ സാഹിത്യകൃതികളുടെ മൊത്തം ശേഖരത്തെ നാലായിരം ദിവ്യപ്രബന്ധങ്ങൾ എന്നു വിളിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെടുന്ന ആഴ്‌വാരാണ് വിഷ്ണുചിത്തൻ എന്നു പേരുണ്ടായിരുന്ന പെരിയാഴ്‌വാർ[2]. ഇദ്ദേഹത്തിന്റെ വളർത്തുപുത്രിയായി തമിഴ്നാട്ടിൽ ജീവിച്ചിരുന്ന വിഷ്ണുഭക്തയായ തമിഴ് കവയിത്രിയായിരുന്നുവത്രേ ആണ്ടാൾ. ആണ്ടാളുടെ ജീവിതത്തെക്കുറിച്ച് ഐതിഹ്യങ്ങളല്ലാതെ ശരിയായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവർ എ.ഡി. എട്ടാം ശ.-ത്തിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു.

തമിഴ്നാട്ടിൽ പ്രചാരമുള്ള ഐതിഹ്യപ്രകാരം രാമനാഥപുരം ജില്ലയിലുള്ള ശ്രീവില്ലിപുത്തൂരിലാണ് ആണ്ടാൾ ജനിച്ചത്. ശ്രീവില്ലിപുത്തൂരിലെ വടപത്രശായി വിഷ്ണുക്ഷേത്രത്തിൽ പൂന്തോട്ടം നനയ്ക്കുന്നതും പൂക്കൾ ഇറുത്തുകൂട്ടി വിഗ്രഹത്തിൽ ചാർത്താനുള്ള മാലകെട്ടുന്നതും വിഷ്ണുചിത്തന്റെ ജോലിയായിരുന്നു[2]. ഒരിക്കൽ പെരിയാഴ്‌വാർ പൂക്കൾ ശേഖരിക്കാനായി പൂങ്കാവിലേക്കു ചെന്നപ്പോൾ അവിടെ തുളസിച്ചെടിയുടെ ചുവട്ടിൽ ഒരു പെൺകുഞ്ഞ് കിടക്കുന്നതു കണ്ടു. സന്തതി ഇല്ലാതെ സങ്കടപ്പെട്ടിരുന്ന പെരിയാഴ്‌വാർ, ഭൂമിയാൽ ദാനം ചെയ്യപ്പെട്ടത് എന്നും ജ്ഞാനത്തെ പ്രദാനം ചെയ്യുന്നവൾ എന്നും അർത്ഥമുള്ള ഗോദൈ (കോതൈ) എന്ന് പേരിട്ട് ഈ കുട്ടിയെ സ്വന്തം മകളായി വളർത്തി[2]. പരമവിഷ്ണുഭക്തനായിരുന്ന പെരിയാഴ്‌വാർ, കോതയ്ക്ക്, പാലും ചോറും പോലെത്തന്നെ ശ്രീകൃഷ്ണഭക്തിയും വേണ്ടുവോളം ഊട്ടി. ക്രമേണ ശ്രീകൃഷ്ണസ്മരണ ഒന്നുമാത്രമായിരുന്നു കോതയ്ക്കു് എല്ലാനേരവുമുണ്ടായിരുന്നത്; ശ്രീരംഗനാഥനെ രാപ്പകൽ അവൾ ആരാധിച്ചു.

വിഷ്ണുക്ഷേത്രത്തിലെ ദേവന് ചാർത്താൻ കോർത്തുവച്ച മാല ഒരിക്കൽ ആണ്ടാൾ എടുത്ത് കഴുത്തിലണിഞ്ഞിട്ട് 'ശ്രീരംഗനാഥൻ എന്നെ മാലയിട്ടാൽ ഞാൻ ഇങ്ങനെ ഇരിക്കില്ലേ? ദേവന്റെ സ്നേഹത്തിന് ഞാൻ പാത്രമാവില്ലേ? ആ വിശ്വവശ്യൻ എന്നെ ഇഷ്ടപ്പെടില്ലേ? ' എന്നെല്ലാം സ്വയം ചോദിച്ചു. അമ്പലത്തിലേക്കുള്ള മാല സ്വയം ചൂടിയതിനുശേഷമാണ് കോതൈ ദേവന് ചാർത്താൻ കൊടുത്തയച്ചിരുന്നത്. ഒരിക്കൽ പൂജാരി ദേവനു ചാർത്താനുള്ള മാലയിൽ ഒരു തലമുടി ഇരിക്കുന്നതു കണ്ട് മാല അശുദ്ധമായ വിവരം പെരിയാഴ്‌വാരെ അറിയിച്ചു. മാല താൻ അണിഞ്ഞതാണെന്ന് കോതൈ ആഴ്‌വാരോടു പറഞ്ഞു. എന്നിട്ട് മനസ്സുനൊന്ത് അവൾ ദേവനോട് മാപ്പപേക്ഷിച്ചു പ്രാർഥിച്ചു. 'ദേവാ, അങ്ങയുടെ മാല്യത്തെ ഞാൻ കളങ്കപ്പെടുത്തിയല്ലോ!' അന്നു രാത്രി പെരിയാഴ്‌വാരും ക്ഷേത്രത്തിലെ പൂജാരിയും ഓരോ സ്വപ്നം കണ്ടു. ശ്രീകൃഷ്ണൻ അവരോട് പറഞ്ഞുവത്രെ: 'ആണ്ടാൾ അണിയുമ്പോൾ ആ മാലയ്ക്ക് ഒരു സവിശേഷസൌരഭ്യമുണ്ട്; അത് അവളുടെ സ്നേഹത്തിന്റെ സൗരഭ്യമാണ്. ആണ്ടാൾ അണിഞ്ഞ മാലയാണ് എനിക്കിഷ്ടം.' ഇതിന്റെ ഫലമായി ആണ്ടാൾ ചൂടിക്കൊടുത്ത ചുടർക്കൊടി എന്നും പിന്നീട് അറിയപ്പെട്ടു തുടങ്ങി.

ഭക്തികൊണ്ട് ഈശ്വരനെ കീഴ്പ്പെടുത്തിയവൾ എന്ന അർത്ഥത്തിലാണ് ആണ്ടാൾ എന്ന പേര് കോതൈക്കുണ്ടായത്; ഭക്തിഗീതങ്ങൾകൊണ്ട് ജനഹൃദയങ്ങളെ കീഴ്പ്പെടുത്തിയവൾ എന്ന അർഥത്തിലും ഈ പേരിനെ വ്യാഖ്യാനിക്കാറുണ്ട്. പെരിയാഴ്‌വാർ വളർത്തിയതുകൊണ്ട് 'ആഴ്‌വാർ തിരുമകളാർ' എന്നും താൻ ചാർത്തിയ പൂമാല ദേവന് ചാർത്തിയതുകൊണ്ട് 'ചൂടിക്കൊടുത്ത നാച്ചിയാർ', 'ചൂടിക്കൊടുത്ത ചൂടർക്കൊടിയാൾ' എന്നും ഭക്തന്മാർ ആദരപൂർവം ആണ്ടാളെ സ്മരിച്ചുവരുന്നു. വിഷ്ണുഭക്തന്മാർ വിശ്വസിക്കുന്നത് ആണ്ടാൾ ഭൂമിദേവിയുടെ അവതാരമാണെന്നാണ്. ആണ്ടാളുടെ ഹൃദയം വൃന്ദാവനവും ആത്മാവ് ശ്രീകൃഷ്ണനും ശരീരം രാധയും അംഗങ്ങൾ ഗോപികമാരുമാണെന്ന് അവർ വിശ്വസിക്കുന്നു.

ആണ്ടാൾ ശ്രീരംഗനാഥനെ സദാകാലവും ധ്യാനിച്ചു കഴിച്ചുകൂട്ടിയെന്നും ഒടുവിൽ ഒരു സ്വപ്നദർശനമുണ്ടായതനുസരിച്ച് പെരിയാഴ്‌വാർ ആണ്ടാളെ ശ്രീരംഗത്തുള്ള രംഗനാഥക്ഷേത്രസന്നിധിയിലേക്ക് കൊണ്ടുപോയെന്നും ആണ്ടാൾ ശ്രീരംഗനാഥവിഗ്രഹത്തിൽ ലയിച്ചുചേർന്നുവെന്നുമാണ് ഐതിഹ്യം.

കൃതികൾ തിരുത്തുക

ആണ്ടാൾ തമിഴിൽ രണ്ടു ഭക്തികാവ്യങ്ങൾ രചിച്ചു; നാച്ചിയാർ തിരുമൊഴി, തിരുപ്പാവൈ. ഈ രണ്ടു കൃതികളിലും കൃഷ്ണഭക്തി നിറഞ്ഞുനില്ക്കുന്നു. നാച്ചിയാർ തിരുമൊഴിയിൽ 143 'പാസുരങ്ങൾ' അല്ലെങ്കിൽ ഗീതങ്ങൾ അടങ്ങിയിരിക്കുന്നു. പത്തു പാട്ടുകൾ വീതമുള്ള പതിനാലു ഭാഗങ്ങളായി എഴുതിയിട്ടുള്ള ഈ കൃതിയിൽ ശ്രീവില്ലിപുത്തൂരിനെ അമ്പാടിയായും, ആ പ്രദേശത്തുള്ള സ്ത്രീകളെ ഗോപികമാരായും, വടപത്രശായിപ്പെരുങ്കോവിൽ ക്ഷേത്രത്തെ നന്ദഗോപരുടെ വാസസ്ഥലമായും, ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ശ്രീകൃഷ്ണനായും സങ്കല്പിച്ചു പാടിയശേഷം പതിനാലു ക്ഷേത്രങ്ങളെപ്പറ്റിയും പ്രകീർത്തിച്ചിട്ടുണ്ട്. തിരുപ്പാവൈയിൽ എട്ടു വരികളുള്ള മുപ്പതു പാട്ടുകൾ അടങ്ങുന്നു. ഭാഗവതത്തെ അവലംബമാക്കി എഴുതിയതാണ് ഈ കൃതി. ദേവനാണ് ആത്മാക്കളുടെ നാഥനെന്ന് ആണ്ടാൾ ഈ കൃതിയിൽ പാടിയിരിക്കുന്നു. തമിഴ്നാട്ടിലെ വിഷ്ണു ക്ഷേത്രങ്ങളിൽ മാർകഴിമാസപ്പുലരിയിൽ തിരുപ്പാവൈയിൽ നിന്നു പാട്ടുകൾ ഗായകർ ഇന്നും പാടാറുണ്ട്. വർഷത്തിന്റെ ബ്രാഹ്മമുഹൂർത്തമായി കരുതപ്പെടുന്ന മാർകഴി(ധനു) മാസത്തിൽ തിരുപ്പാവൈ പാടുന്നത് പുണ്യമാണത്രെ. വൈഷ്ണവ സാഹിത്യത്തിലെ ഉപനിഷത്ത് സംഗ്രഹമായിട്ടാണ് ഇതു ഗണിക്കപ്പെട്ടുപോരുന്നത്.


അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-01-18.
  2. 2.0 2.1 2.2 2.3 ആണ്ടാൾ പാടിയ തിരുപ്പാവൈ -ഉള്ളൂർ എം. പരമേശ്വരന്റെ വിവർത്തനവ്യാഖ്യാനം കേരള സാഹിത്യ അക്കാദമി 1986

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആണ്ടാൾ&oldid=3983428" എന്ന താളിൽനിന്ന് ശേഖരിച്ചത്