പി. വത്സലയുടെ പ്രശസ്തമായ ഒരു മലയാളം നോവലാണ്‌ ആഗ്നേയം.[1] 1974 ൽ രചിക്കപ്പെട്ട ഇ നോവൽ എഴുപതുകളിലെ കേരളീയ രാഷ്ട്രീയ പ്രതിസന്ധികളെ ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽ നിന്നു കൊണ്ട്‌ ആഖ്യാനം ചെയ്യുന്നു. ജീവിതത്തിൻറെ പ്രതിസന്ധികളെ ശക്തയായി നേരിടുന്ന നങ്ങേമ എന്ന അന്തർജനമാണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം.

കഥാസംഗ്രഹം തിരുത്തുക

നങ്ങേമ എന്ന വിധവയായ ബ്രാഹ്മണ യുവതി സ്വന്തം കുടുംബത്തെ സംരക്ഷിക്കാനായി തൻറെ സഹോദരിയോടൊപ്പം വയനാട്ടിലേക്ക് പോകുന്നു. പാരമ്പര്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ബ്രാഹ്മണ സമുദായത്തിന്റെ ഒരു ഭാഗമായിട്ടും അതിൽ നിന്നുള്ള എതിർപ്പുകളെ അതിജീവിച്ച് ചെറുതും വലുതുമായ പല ജോലികളും ചെയ്തും മണ്ണിനോട് പട വെട്ടിയും നങ്ങേമ തൻറെ കുടുംബത്തെ സംരക്ഷിക്കുന്നു. ആ കുഗ്രാമത്തിൽ അവൾ സുക്ഷിച്ചു വെച്ച പണം കൊണ്ട് ഭുമി വാങ്ങുകയും അതിൽ കൃഷി ചെയ്യുകയും ചെയ്യുന്നു . കാട്ടാനകളും വന്യമൃഗങ്ങളും പ്രതികൂല കാലാവസ്ഥയും നങ്ങേമയുടെ മുന്നിൽ തടസം സൃഷ്ടിക്കുന്നുവെങ്കിലും അവൾ അവയെ ഒക്കെ മറികടന്നു മുന്നോട്ടു പോകുന്നു . ഉണ്ണി എന്ന നങ്ങേമയുടെ മകനെ കോളേജ് വരെ പഠിപ്പിക്കുന്നു എങ്കിലും കാലാന്തരത്തിൽ അവൻ നക്സൽ ആശയങ്ങളിൽ ആകൃഷ്ടനാകുന്നു. ഉണ്ണി പോലീസ് പിടിയിലാവുകയും ശിക്ഷിക്കപെടുകയും ചെയ്യുന്നത് നങ്ങേമയെ തളർത്തുന്നുവെങ്കിലും ജീവിത സമരത്തിൽ തോറ്റുകൊടുക്കാത്ത ഒരു സ്ത്രീ ശക്തിയായി അവൾ ചുറ്റുമുള്ളവർക്ക്‌ താങ്ങായി ജീവിതം തുടരുന്നു. ഈ നോവൽ എഴുപതുകളുടെ നക്സൽ രാഷ്ട്രീയ പരിസരങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നതോടൊപ്പം തന്നെ നങ്ങേമ എന്ന സ്ത്രീകഥാപത്രത്തിന്റെ ഭാഗത്തുനിന്നും ആ കാലത്തെ അപഗ്രഥിക്കുകയും ചെയ്യുന്നു. ആധുനിക മലയാള സാഹിത്യ നിരൂപകരിൽ പ്രമുഖയായ ഡോ. എം.ലീലാവതി ആഗ്നേയത്തെ ഇങ്ങനെ വിലയിരുത്തുന്നു, "ഇന്ന് വരേയ്ക്കും സാഹിത്യത്തിൽ സ്ത്രീകളെ കുറിച്ച് ഉണ്ടായിട്ടുള്ള എല്ലാ നിലവാരമില്ലാത്ത രചനകളെയും ഭസ്മീകരിക്കാൻ നങ്ങേമയിലെ അഗ്നി ധാരാളം മതിയാകും. മത യുദ്ധങ്ങളുടെ തീയിൽ പിറക്കുകയും പിന്നീട് നക്സലിസതിന്റെ അഗ്നിയിലെക്ക് എറിയപ്പെടുകയും ചെയ്യുന്ന ആഗ്നേയം ഒരു നവ ദുരന്തെതിഹസത്തിനു ജന്മം നല്കുന്നു"

അവലംബം തിരുത്തുക

  1. "Agnayam (The Fire) 1974 SPCS". Archived from the original on 2016-04-25. Retrieved 2015-01-29.
"https://ml.wikipedia.org/w/index.php?title=ആഗ്നേയം&oldid=3819024" എന്ന താളിൽനിന്ന് ശേഖരിച്ചത്