നന്മയുടെ നിറകുടമായ ഈശ്വരൻ, തിന്മയുടെ മൂർത്തിയായ സാത്താൻ എന്നീ രണ്ടു വിരുദ്ധശക്തികൾ ഈ ലോകത്തിൽ വ്യാപരിക്കുന്നുണ്ടെന്നും നല്ലവരെ പീഡിപ്പിക്കുന്ന സാത്താനെ നശിപ്പിച്ച് നിത്യവും പൂർണവുമായ ദൈവരാജ്യം സ്ഥാപിക്കപ്പെടുമെന്നും മറ്റുമുള്ള ചിന്താഗതികളെ കേന്ദ്രീകരിച്ചുകൊണ്ട് എഴുതപ്പെട്ട മതപരമായ സാഹിത്യമാണ് അപ്പോകാലിപ്സ് സാഹിത്യം (Apocalyptic Literature) എന്ന് അറിയപ്പെടുന്നത്. 'അനാവരണം ചെയ്യുക', 'വെളിപ്പെടുത്തുക' എന്നെല്ലാം അർഥം വരുന്ന അപ്പോകാലുപ്സിസ് (Ἀποκάλυψις) എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് അപ്പോകാലിപ്സ് എന്ന പദത്തിന്റെ ഉദ്ഭവം.

നീതിമാൻമാർ കഷ്ടപ്പെടുന്നതും നന്മയ്ക്ക് തക്ക പ്രതിഫലം ഉടനെ ലഭിക്കാതിരിക്കുന്നതും കണ്ടപ്പോഴുള്ള നിരാശയിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് ദൈവശക്തിയും സത്യവും ജയിക്കുമെന്നും ദൈവരാജ്യം അന്ത്യനാളുകളിൽ സ്ഥാപിക്കപ്പെടുമെന്നും, അപ്പോൾ ഓരോരുത്തനും അവനവന്റെ പ്രവർത്തിക്കു തക്കവണ്ണം അംഗീകാരമോ ശിക്ഷയോ ലഭിക്കുമെന്നും മറ്റും മതവിശ്വാസികൾക്ക് പ്രചരിപ്പിക്കേണ്ടതായി വന്നു. ഈ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ് അപ്പോകാലിപ്സ് സാഹിത്യകൃതികൾ എന്നു പറയപ്പെടുന്നു. ബി.സി. 200-നും എ.ഡി. 100-നും ഇടയിലുള്ള കാലഘട്ടത്തിലെ യഹൂദമതസാഹിത്യത്തിൽ അപ്പോകാലിപ്സ് ചിന്തകൾ ധാരാളം കാണുന്നുണ്ട്. മക്കാബിയൻ വിപ്ളവകാലത്ത് യഹൂദരുടെ സ്വത്തിനും ജീവനും രക്ഷയില്ലാതെ ഇരുന്ന സന്ദർഭത്തിൽ ലഘുലേഖകൾപോലെ ഇത്തരം കൃതികൾ പുറത്തുവന്നുകൊണ്ടിരുന്നു. അന്നു നിലവിലിരുന്ന പുരാണങ്ങളിലെ ആശയങ്ങൾ ഇവയിൽ സ്വാധീനത ചെലുത്തിയിട്ടുണ്ട്. യഹൂദമതത്തിൽ നിന്നും ക്രൈസ്തവ മതസാഹിത്യത്തിലേക്ക് ഈ ചിന്താഗതികൾ വ്യാപിച്ചു എന്നു കരുതപ്പെടുന്നു.

ബൈബിളിലെ പഴയനിയമത്തിലെയും പുതിയനിയമത്തിലെയും പല പുസ്തകങ്ങളിലും അപ്പോകാലിപ്സ് ആശയങ്ങൾ കാണുന്നുണ്ടെങ്കിലും പഴയനിയമത്തിലെ ദാനിയേലിന്റെ പുസ്തകം പുതിയനിയമത്തിലെ വെളിപ്പാടുപുസ്തകം എന്നിവ അപ്പോകാലിപ്സ് സാഹിത്യത്തിന് ഉത്തമ ഉദാഹരണങ്ങളാണ് . ഇവക്കും പുറമേ കാനോനികമല്ലാത്ത, മോശെയുടെ സ്വർഗാരോഹണം, പത്രോസിന്റെ അപ്പോകാലിപ്സ്, പൗലോസിന്റെ അപ്പോകാലിപ്സ് തുടങ്ങിയ പുസ്തകങ്ങളും അപ്പോകാലിപ്സ് സാഹിത്യശൈലിയിൽ രചിക്കപ്പെട്ടവയാണ്.

ദൈവത്തിൽനിന്ന് നേരിട്ടു ലഭിച്ച സുദീർഘമായ 'വെളിപ്പാടു'കളായി എഴുതപ്പെട്ടിരിക്കുന്ന ഈ കൃതികളിൽ പ്രതീകാത്മകമായ രീതി പലയിടത്തും പ്രയോഗിച്ചുകാണുന്നു. ഉദാഹരണമായി ദാനിയേലിന്റെ പുസ്തകത്തിൽ മൃഗത്തിന്റെ കൊമ്പിനെ രാജാവിന്റെയും, ചെറിയ കൊമ്പിനെ അന്ത്യോഖ്യൻ എപ്പീഫാനസിന്റെയും പ്രതീകങ്ങളായി പ്രയോഗിച്ചിരിക്കുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പോകാലിപ്സ് സാഹിത്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.