തടാക നിക്ഷേപങ്ങളോടനുബന്ധിച്ചു കണ്ടുവരുന്ന പ്രത്യേകതരം സംസ്തരണ(Bedding)ത്തെ അനുവർഷസ്തരി എന്നു പറയുന്നു. ഉയർന്ന അക്ഷാംശങ്ങളിലെ പ്രദേശങ്ങളിലാണ് ഇത് സാധാരണ കാണപ്പെടുന്നത്.

അനുവർഷസ്തരി കളിമൺ പടലങ്ങൾ

തടാക നിക്ഷേപങ്ങളിൽ എക്കലിന്റേയും കളിമണ്ണിന്റേയും നേരിയ സ്തരങ്ങൾ ഒന്നുചേർന്നുള്ള അടരുകൾ ക്രമമായി വിന്യസിക്കപ്പെട്ട നിലയിൽ കാണുന്നു. ഒരു പ്രത്യേക തടാകത്തിലെ നിക്ഷേപത്തിന് 10 മീറ്ററിലേറെ കനമുണ്ടാവില്ല. എന്നാൽ ഇതിൽ ശതക്കണക്കിലുള്ള അവസാദപടലങ്ങൾ കണ്ടുവരുന്നു. ഓരോ പടലവും പ്രത്യേക ആണ്ടുകളിലെ നിക്ഷേപങ്ങളായി ഗണിക്കുന്നതിൽ തെറ്റില്ല. വേനലിൽ ഹിമം ഉരുകുന്നതിന്റെ ഫലമായുണ്ടാകുന്ന വെള്ളം ഒഴുക്കിക്കൊണ്ടു വരുന്നതാണ് എക്കൽ നിക്ഷേപം. ഇതിനു മുകളിലായി വെള്ളത്തിൽ പ്ലവം ചെയ്തു നില്ക്കുന്ന സൂക്ഷ്മശിലാംശങ്ങൾ അടിഞ്ഞു നേരിയ കളിമൺപടലം ഉണ്ടാകുന്നു. ഓരോ വർഷവും ഈ പ്രക്രിയ ആവർത്തിക്കുന്നു. ഇരുണ്ട നിറത്തിലുള്ള ഈ സ്തരം വ്യക്തമായും വേർതിരിഞ്ഞുകാണാം.

വിഭജനപ്രദേശങ്ങളിലുള്ള വരണ്ട തടാകത്തിലെ അനുവർഷസ്തരികളുടെ എണ്ണം തിട്ടപ്പെടുത്തി, ഹിമനദീയനത്തിന്റെ അന്ത്യം എത്ര വർഷങ്ങൾക്കു മുൻപായിരുന്നുവെന്ന് ഏറെക്കുറെ അനുമാനിക്കാൻ കഴിയും. പ്രത്യേക നിക്ഷേപത്തിലെ ഏറ്റവും ഉയരെയുള്ള സ്തരവുമായി ബന്ധപ്പെട്ടതായിരിക്കും അതിനു വടക്കുമാറിയുള്ള നിക്ഷേപത്തിലെ ഏറ്റവും അടിയിലെ പടലം. ഇതിന്റെ അടിസ്ഥാനത്തിൽ യൂറോപ്യൻ ഹിമനദീയനത്തിന്റെ കാലഗണന ലക്ഷ്യമാക്കി ബാരൺ ഡീഗീയറും സംഘവും ചെയ്ത പരിശ്രമങ്ങൾ ഫലവത്താകാൻ 30 വർഷങ്ങൾ വേണ്ടിവന്നു. അനുവർഷസ്തരികളെ ഒന്നൊന്നായി എണ്ണി, ഹിമനദികളുടെ പിൻവാങ്ങലുകളെപ്പറ്റി സൂക്ഷ്മമായ സൂചനകൾ നല്കാൻ അവർക്ക് കഴിഞ്ഞു.

പുറംകണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനുവർഷസ്തരി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനുവർഷസ്തരി&oldid=3520013" എന്ന താളിൽനിന്ന് ശേഖരിച്ചത്