രക്തത്തിൽ ഹീമോഗ്ലോബിൻ കുറവായിരിക്കുന്ന അവസ്ഥയാണ് അനീമിയ.

അനീമിയ
സ്പെഷ്യാലിറ്റിഹീമറ്റോളജി Edit this on Wikidata

രോഗലക്ഷണങ്ങൾ തിരുത്തുക

വിളർച്ച, ക്ഷീണം, ശക്തിക്കുറവ്, നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, തലവേദന എന്നിവയാണ് അനീമിയയുടെ ലക്ഷണങ്ങൾ.

രോഗകാരണങ്ങൾ തിരുത്തുക

കാരണത്തെ അടിസ്ഥാനമാക്കി വിവിധതരം അനീമിയകളെ കുറിച്ച് വ്യവഹരിക്കാറുണ്ട്. രക്തസ്രാവം, ശോണരക്താണുക്കളുടെ ഉത്പാദനത്തിലെ അപര്യാപ്തത, ശോണരക്താണുക്കളുടെ നാശം (ഹീമോളിസിസ്) എന്നിവയാണ് അനീമിയ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ. രക്തസ്രാവം മൂലം ഉണ്ടാകുന്ന രക്തനഷ്ടത്തിനനുസൃതമായി ശോണാണു നിർമിതി നടന്നില്ലെങ്കിൽ അനീമിയ ഉണ്ടാകുന്നു.

ഡിസ് ഹീമോപോയിറ്റിക് അനീമിയ തിരുത്തുക

ശോണരക്താണുവോ ഹീമോഗ്ലോബിനോ സംശ്ലേഷണം ചെയ്യുന്നതിനാവശ്യമായ ഇരുമ്പ്, ജീവകം ബി12, ഫോളിക് അമ്ലം എന്നീ ഘടകങ്ങളുടെ അപര്യാപ്തതയാണ് ഡിസ് ഹീമോ പോയിറ്റിക് അനീമിയകൾ എന്ന് പൊതുവെ അറിയപ്പെടുന്ന അവസ്ഥകൾക്ക് കാരണം. ആഹാരത്തിലൂടെ പര്യാപ്തമായ തോതിൽ ഇരുമ്പ് ലഭ്യമാകാതിരിക്കുകയും ഇരുമ്പിന്റെ ആഗിരണത്തിൽ തകരാറുകളുണ്ടാകുകയും ചെയ്യുന്നതു കൂടാതെ ജഠരാന്ത്ര രക്തസ്രാവവും അമിതാർത്തവതയും ഇരുമ്പിന്റെ കുറവിനു കാരണമാകുന്നു. ഇരുമ്പിന്റെ അംശം കുറയുമ്പോൾ ഹീം പ്രോട്ടീൻ ഉത്പാദനം കുറയുന്നു. തത്ഫലമായി ഹീമോഗ്ലോബിന്റെ സാന്ദ്രതയും കുറയുന്നു. ചുവന്നരക്താണുക്കൾ ചെറുതും വിളറിയതുമായിരിക്കും. ഇരുമ്പു അടങ്ങിയ ഭക്ഷണ പദാർഥങ്ങളും ഇരുമ്പു കലർന്ന ഔഷധങ്ങളും രോഗശമനം നല്കുന്നു.

ജീവകം ബി12ന്റെയും ഫോളിക് അമ്ലത്തിന്റെയും അപര്യാപ്തത മൂലം മാക്രോസൈറ്റിക് അഥവാ മെഗാലോബ്ലാസ്റ്റിക് അനീമിയ എന്ന അവസ്ഥയാണ് സംജാതമാകുന്നത്. എറിത്രോ സൈറ്റുകൾ പരിപക്വമാകാതെ വരുന്നതാണ് ഇതിന്റെ അടിസ്ഥാന തകരാറ്. ഹീമോഗ്ലോബിൻ സംശ്ളേഷണത്തിൽ യാതൊരു തകരാറും ഉണ്ടാകുന്നില്ല, ശോണരക്താണുക്കളുടെ എണ്ണം കുറയുന്നു. പക്ഷേ അവ സാധാരണയിൽ കവിഞ്ഞ വലിപ്പമുള്ളവയും ഹീമോഗ്ലോബിൻ സാന്ദ്രവും ആയിരിക്കും. ജീവകം ബി12യുടെ ന്യൂനത ഉളവാക്കുന്ന അനീമിയ പെർണീഷ്യസ് അനീമിയ എന്നാണ് അറിയപ്പെടുന്നത്. ബി12 അവശോഷണത്തിനു ആവശ്യമായ ഒരു ആന്തരികഘടകം ഉത്പാദിപ്പിക്കാൻ ശരീരത്തിനു കഴിയാതെ വരുന്നതാണ് കാരണം. അനീമിയയോടൊപ്പം നാഡീസംബന്ധമായ ഗുരുതരമായ അസ്വാസ്ഥ്യങ്ങളും ഉണ്ടായിരിക്കും. രോഗാരംഭത്തിൽ തന്നെ ബി12 കുത്തിവയ്ക്കുകയാണ് ചികിത്സ. മുൻകാലങ്ങളിൽ ഇത്തരം അനീമിയ ചികിത്സയ്ക്കു വിധേയമല്ലാതിരുന്നതിനാലാണ് ഇതിന് പെർണീഷ്യസ് (ചികിത്സിച്ചു മാറ്റാൻ ബുദ്ധിമുട്ടുള്ള) അനീമിയ എന്ന് പേർ.

എപ്ളാസ്റ്റിക് അഥവാ ഹൈപോപ്ളാസ്റ്റിക് അനീമിയ തിരുത്തുക

അസ്ഥിമജ്ജയുടെ ക്ഷയമോ പുഷ്ടിക്കുറവോ ആണ് എപ്ളാസ്റ്റിക് അനീമിയ ഉളവാക്കുന്നത്. ഇതുമൂലം ചുവന്ന രക്താണുക്കളുടെ ഉത്പാദനം തടസ്സപ്പെടുന്നു. പരമ്പരാഗതമായുണ്ടാകുന്ന എപ്ളാസ്റ്റിക് അനീമിയയുടെ കാരണം അജ്ഞാതമാണ്. ഔഷധങ്ങൾ (വാതം, ചുഴലിദീനം, തൈറോയ്ഡ് ഗ്രന്ഥി തകരാറുകൾ എന്നീ രോഗങ്ങൾക്കുള്ള ഔഷധങ്ങളുടെ ദീർഘകാലം ഉപയോഗം) രാസവസ്തുക്കൾ, ടോക്സിനുകൾ, വികിരണങ്ങൾ, രോഗാണുബാധകൾ എന്നിവ ഇതിന് ഹേതുവാണ്. പ്രധാന ചികിത്സ രക്തവ്യാപനമാണ്. ഈ രോഗം പലപ്പോഴും മാരകമായിത്തീരാറുണ്ട്.

ഹീമോലിറ്റിക് അനീമിയ തിരുത്തുക

രക്തത്തിലെ ശോണരക്താണുക്കൾക്ക് വർദ്ധിച്ച തോതിൽ നാശം സംഭവിച്ചുണ്ടാകുന്ന അവസ്ഥയാണ് ഹീമോലിറ്റിക് അനീമിയ. ശോണരക്താണുക്കളുടെ രൂപത്തിലെ വൈകൃതങ്ങൾ, അപസാമാന്യ ഹീമോഗ്ലോബിൻ, ചില എൻസൈമുകളുടെ ന്യൂനത ഇവയാണ് പ്രധാന കാരണങ്ങൾ, സിക്കിൾ സെൽ അനീമിയ, താലസീമിയ തുടങ്ങിയവ ഈ വിഭാഗത്തിൽപെട്ടവയാണ്. ഈ അനീമിയകൾ പരമ്പരാഗതമാണ്. പ്ലീഹയിലാണ് ശോണരക്താണുക്കൾക്ക് നാശം സംഭവിക്കുന്നത്. ഈ അനീമിയ ബാധിക്കുമ്പോൾ പ്ലീഹ വലുതാവുന്നു. പ്ലീഹ മുറിച്ചുമാറ്റുന്നത് രോഗത്തിന്റെ ഗൌരവം കുറയ്ക്കാൻ സഹായകമാകും. പലപ്പോഴും രക്തവ്യാപനമാണ് പ്രതിവിധി. രാസവസ്തുക്കൾ, ജീവവിഷങ്ങൾ, സാംക്രമിക രോഗങ്ങൾ (മലേറിയ) ചില ഔഷധങ്ങൾ എന്നിവയും രക്തലയം ഉണ്ടാക്കുന്നു.

ചികിത്സ തിരുത്തുക

പരീക്ഷണശാലയിൽ രക്തത്തിന്റെയും മജ്ജയുടെയും പരിശോധനകൊണ്ടാണ് രോഗനിർണയനം ചെയ്യുന്നത്. അനീമിയയുടെ ഹേതു, തരം എന്നിവയെ ആശ്രയിച്ചിരിക്കും ഇതിന്റെ ചികിത്സ. രക്തം നഷ്ടപ്പെടാൻ ഇടയാക്കുന്ന രോഗഹേതുക്കളെ ചികിത്സിച്ചു മാറ്റേണ്ടതാണ് (ഉദാ. അർശസ്, കൊക്കപ്പുഴുരോഗം തുടങ്ങിയവ). രക്തനിർമിതിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങൾ ഒഴിവാക്കേണ്ടതാണ്. പ്രത്യേകമായ ഒരു ഘടകം ന്യൂനം എന്നു കണ്ടാൽ ആഹാരരൂപത്തിലോ ഔഷധരൂപത്തിലോ അവ നല്കേണ്ടതാണ്. ഇരുമ്പ്, ജീവകം ബി12, ഫോളിക്ക് അമ്ലം എന്നിവ അടങ്ങിയിട്ടുള്ള ഔഷധങ്ങളാണ് അനീമിയയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ഗുരുതരമായ അനീമിയയിൽ രക്തവ്യാപനം ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ചികിത്സാവിധിയാണ്.

അനീമിയ ചികിത്സ കടുത്ത വൃക്ക രോഗമുള്ളവരിൽ തിരുത്തുക

എരിത്രോ പോയിറ്റിൻ ( EPO ) എന്ന ഹോർമോൺ തൊലിക്കടിയിൽ അല്ലെക്കിൽ നേരിട്ട് ധമനിയിൽ ഇഞ്ചക്ട് ചെയ്യൂന്നതാണ് ചികിത്സ രീതി. [1] ഈ ചികിത്സ വഴി ഹീമോഗ്ലോബിൻ അളവ് 10gm/dL നും 12gm/dL നും ഇടയിൽ എത്തുന്നു. എന്നാൽ ഹീമോഗ്ലോബിൻ ലെവൽ 13.5g/dLനും - 14g/dLനും ഇടയിൽ ആയാൽ ഹാർട്ട് അറ്റാക്ക് , മസ്തിഷ്കാഘാതം എന്നിവ സംഭവിക്കാൻ ഉള്ള സാധ്യത കൂടുതൽ ആണ് .[2] ശരിയായ തോതിൽ എരിത്രോ പോയിറ്റിൻ ( EPO ) ഇഞ്ചക്ഷൻ എടുത്തീട്ടും ഹീമോഗ്ലോബിൻ ലെവൽ ഉയർന്നില്ലെങ്കിൽ അനീമിയക്കുള്ള മറ്റ് കാരണങ്ങൾ കണ്ടെത്തേണ്ടതാണ് .

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-27. Retrieved 2013-05-27.
  2. http://health.nytimes.com/health/guides/disease/anemia/treatment.html
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനീമിയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനീമിയ&oldid=3622992" എന്ന താളിൽനിന്ന് ശേഖരിച്ചത്