അനാഥശിശുക്കൾക്കു പാർപ്പിടവും മറ്റു സംരക്ഷണങ്ങളും നൽകുന്ന സ്ഥാപനങ്ങളാണ് അനാഥമന്ദിരം. അന്തേവാസികളായ ശിശുക്കളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കുതകുന്ന സൗകര്യങ്ങൾ ഏർപ്പെടുത്തുകയെന്നതാണ് ഈ സ്ഥാപനങ്ങളുടെ മുഖ്യലക്ഷ്യം.

സെയിന്റ് നിക്കോളാസ് ഓർഫനേജ് റഷ്യ

വിദേശങ്ങളിൽ തിരുത്തുക

അനാഥരായിത്തീരുന്ന കുട്ടികളെ സംരക്ഷിക്കുകയെന്നത് പണ്ടുമുതൽക്കേ ഉയർന്നുവന്നിട്ടുള്ള ഒരു സാമൂഹിക പ്രശ്നമാണ്. 1800-നു മുമ്പുതന്നെ യു.എസ്സിൽ അനാഥമന്ദിരങ്ങൾ സ്ഥാപിതമായി. മാതാപിതാക്കളുടെ സംരക്ഷണം ലഭിക്കാത്ത കുട്ടികളുടെ കാര്യത്തിലാണ് ഇവ ശ്രദ്ധിച്ചിരുന്നത്. 1552-ൽ ഇംഗ്ലണ്ടിൽ ഏതാനും സ്വകാര്യ സംഘടനകൾ അനാഥാലയങ്ങൾ നടത്തിപ്പോന്നു. ക്രിസ്തീയ സഭകളും അവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും യൂറോപ്യൻ രാജ്യങ്ങളിൽ അനാഥശിശു സംരക്ഷണത്തിൽ ഏർപ്പെട്ടിരുന്നു. അനാഥമന്ദിരങ്ങളുടെ സ്ഥാപനത്തിൽ ഇന്ത്യയും ശ്രദ്ധിച്ചിരുന്നു. കേരളത്തിൽ അനാഥമന്ദിരങ്ങൾ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. സാമ്പത്തികഭദ്രതയുള്ള മാതാപിതാക്കൾ അനാഥ ശിശുക്കളെ ദത്തെടുക്കുന്ന സമ്പ്രദായവും വിവിധ രാജ്യങ്ങളിൽ നിലനിന്നിരുന്നു.

സാമൂഹിക കർത്തവ്യം തിരുത്തുക

 
ബർലിനിലുള്ള പാങ്കോവ് അനാഥമന്ദിരം

അനാഥശിശുസംരക്ഷണം എന്ന സാമൂഹിക കർത്തവ്യത്തിന് 19-ആ നൂറ്റാണ്ടിന്റെ അവസാനം വരെ ഇന്നത്തെപ്പോലെ പ്രാധാന്യം കല്പിക്കപ്പെട്ടിരുന്നില്ല. വിധവകൾക്കും, അനാഥർക്കുംവേണ്ടി 1864-ൽ ജ്യോതിറഫൂലെ പൂനയിൽ ഒരു അനാഥാലയം സ്ഥാപിച്ചു. അന്നുവരെ യാചകമന്ദിരങ്ങളായിരുന്നു ശിശുക്കളുടെ രക്ഷാകേന്ദ്രങ്ങൾ. അവർക്കു ശാരീരികവും മാനസികവുമായി ആരോഗ്യകരമായ വളർച്ച നൽകുന്ന സാഹചര്യങ്ങൾ വിരളമായിരുന്നു. 20-ആം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ശിശുസംരക്ഷണം സമൂഹത്തിന്റെ ഒരു കർത്തവ്യമായി പരക്കെ അംഗീകരിക്കപ്പെട്ടു. ഗവൺമെന്റുകളോടൊപ്പം ദേശീയവും അന്തർദേശീയവുമായ ധർമസ്ഥാപനങ്ങളും ഈ ആശയത്തെ ഉയർത്തിപ്പിടിച്ചു. നിരവധി അനാഥമന്ദിരങ്ങളും ശിശുഭവനങ്ങളും നിലവിൽവന്നു.

ഓരോ ശിശുവിനും സ്വന്തമായി ഒരു വീടും കുടുംബവും നൽകുക എന്നത് ആധുനിക ശിശുസംരക്ഷണത്തിന്റെ അംഗീകൃത തത്ത്വമാണ്. ഈ തത്ത്വത്തിൽ ഊന്നിക്കൊണ്ടാണ് 1906-ൽ ഒന്നാം വൈറ്റ്ഹൌസ് സമ്മേളനം നടത്തപ്പെട്ടത്. ഭക്ഷണം, വസ്ത്രം, ഔഷധം എന്നിവ ലഭ്യമാക്കുന്നതിനും സാമൂഹിക ക്ഷേമം, കുടുംബഭദ്രത എന്നിവ ഉറപ്പു വരുത്തുന്നതിനും പദ്ധതികൾ ആസൂത്രിതമായതും ഈ ലക്ഷ്യം മുൻനിർത്തിയാണ്. 1883-ൽ പാരീസിൽ ചേർന്ന ഒന്നാം അന്താരാഷ്ട്ര ശിശുക്ഷേമ സമ്മേളനവും, 1928-ൽ നടന്ന ഒന്നാം അന്താരാഷ്ട്ര സാമൂഹിക പ്രവർത്തക സമ്മേളനവും അനാഥമന്ദിരങ്ങളുടെ കാര്യം പ്രത്യേകം പരിഗണിക്കുകയുണ്ടായി. 1948-ൽ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച മനുഷ്യാവകാശ പ്രഖ്യാപനത്തിൽ ശിശുസംരക്ഷണത്തിനു പ്രത്യേകം പ്രാധാന്യം നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര ശിശുക്ഷേമസമിതി, ലോകാരോഗ്യസംഘടന എന്നിവയും ഈ വിഷയത്തിൽ ശ്രദ്ധാർഹമായ പങ്കു വഹിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനാഥമന്ദിരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനാഥമന്ദിരം&oldid=1695987" എന്ന താളിൽനിന്ന് ശേഖരിച്ചത്