എണ്ണച്ചായചിത്രം രചിക്കുമ്പോൾ പ്രഥമമായി നടത്തുന്ന വർണലേപനത്തെ അണ്ഡർ പെയിന്റിങ് എന്നു വിളിക്കുന്നു. ഇതിന് ഡെഡ്കളറിംഗ് എന്നും പറയും. നവോത്ഥാനകാലഘട്ടത്തിലാണ് ഈ രചനാസമ്പ്രദായത്തിന് പ്രാബല്യമുണ്ടായിരുന്നത്.

ഒരു എണ്ണച്ചായചിത്രം പൂർണമാക്കുന്നതിന് വിവിധഘട്ടങ്ങളുണ്ട്. ഓരോ ഘട്ടവും പടിപടിയായി കടന്നും പലതരം സാങ്കേതികരീതികൾ കൈക്കൊണ്ടുമാണ് മുൻകാല ചിത്രകാരൻമാർ കലാസൃഷ്ടികൾക്കു പൂർത്തിവരുത്തിയിരുന്നത്. രൂപം, ടോൺ, നിറം തുടങ്ങി ചിത്രത്തിന് അവശ്യം ഉണ്ടായിരിക്കേണ്ട ഘടകങ്ങളിൽ ഒന്നുമാത്രമേ ഒരു സമയത്ത് അവർ കൈകാര്യം ചെയ്തിരുന്നുള്ളൂ. എന്നാൽ ഇന്ന് ചിത്രത്തിന് ആവശ്യമായ എല്ലാ നിറങ്ങളും ആദ്യമേ തന്നെ ഉപയോഗിക്കുന്ന രീതിയാണ് നിലവിലുള്ളത്.

വർണലേപനത്തിനു മുൻപുതന്നെ ചിത്രതലത്തിൽ വരയ്ക്കേണ്ട ചിത്രത്തിന്റെ രൂപരേഖ കരികൊണ്ടോ മഷികൊണ്ടോ തയ്യാറാക്കുന്നു. ആദ്യം കരികൊണ്ടും പിന്നീട് മഷികൊണ്ടും ഈ രൂപരേഖ വ്യക്തമാക്കുന്നവരുണ്ട്. അതിനുശേഷം വർണലേപനം ആരംഭിക്കുന്നു. പ്രധാനമായി വെളുപ്പും (Flake white), കറുപ്പും (Ivory black) ആണ് അണ്ഡർ പെയിന്റിങിന് ഉപയോഗിക്കുക. പ്രകൃതിദൃശ്യങ്ങൾ രചിക്കുമ്പോൾ നീലനിറം കൂടി ചേർത്തിരിക്കും. കടുത്ത നിഴലുകൾക്ക് തനിക്കറുപ്പ് ലോലമായിട്ടും നിഴലിന്റെയും പ്രകാശത്തിന്റെയും ഏറ്റക്കുറവനുസരിച്ച് നീല, വെളുപ്പ്, കറുപ്പ് എന്നിവ വേണ്ടവിധം കൂട്ടിക്കലർത്തിയും ഉപയോഗിക്കാം. ഈ കാരണത്താൽ ആദ്യമേതന്നെ ചിത്രത്തിലെ പ്രകാശവും നിഴലും വ്യക്തമായി വേർതിരിയുന്നു. മേല്പറഞ്ഞ രീതിയിൽ അണ്ഡർപെയിന്റിങ് പൂർണമാക്കി, അത് ഉണങ്ങിക്കഴിഞ്ഞശേഷം പടിപടിയായി മറ്റു നിറങ്ങൾ ഉപയോഗിച്ച് ചിത്രം മുഴുമിപ്പിക്കുന്നു.

അണ്ഡർപെയിന്റിങിന് ഒരേ ചായങ്ങൾ തന്നെ ഉപയോഗിക്കണമെന്നു നിർബന്ധമില്ല. വിഷയത്തിന്റെ വൈവിധ്യവും ചിത്രകാരന്റെ അഭിരുചിയും അനുസരിച്ച് നിറങ്ങൾ തിരഞ്ഞെടുക്കുന്നു. മിക്കവാറും ശീതവർണങ്ങളാണ് (cool colours) തിരഞ്ഞെടുക്കുക. ഉപരിലേപനത്തിന് ഈടുള്ള ഒരു അടിത്തറ എന്ന നിലയിൽ അണ്ഡർപെയിന്റിങിന് കഴിവതും മൺചായങ്ങൾ (earth colours) മാത്രം ഉപയോഗിക്കുന്ന കാര്യത്തിൽ ചിത്രകാരൻമാർ ശ്രദ്ധിച്ചിരുന്നു. കാലപ്പഴക്കത്തിൽ രാസപ്രതിപ്രവർത്തനംമൂലം ചിത്രത്തിന് കേടു സംഭവിക്കാതിരിക്കുന്നതിന് ഇത് ഉപകരിക്കും.

അണ്ഡർ പെയിന്റിങിനു മുകളിൽ ഗ്ളേസ് ചെയ്യുന്നരീതി പുരാതന ചിത്രകാരൻമാരെല്ലാം സ്വീകരിച്ചിരുന്നു. ചായം ടർപ്പന്റയിനും ലിൻസീഡ് എണ്ണയും കലർത്തി നേർത്തതാക്കിയശേഷം അണ്ഡർപെയിന്റിങിന്റെ മുകളിൽ പൂശുന്നു. ഇതിന്റെ ചില ഭാഗങ്ങളിൽനിന്ന് പഞ്ഞിയോ തുണിയോ ഉപയോഗിച്ച് ചായം തുടച്ചെടുക്കുന്നു. ക്യാൻവാസിന്റെ ചെറിയ കുഴികളിൽ ചായം തങ്ങിനില്ക്കും. മറ്റു ഭാഗങ്ങളിൽ അണ്ഡർപെയിന്റിങിന്റെ ചായങ്ങൾ തെളിഞ്ഞുകാണും. ഇങ്ങനെയാണ് ഗ്ലേസിങ് നടത്തുന്നത്.

ചിത്രത്തിലെ നിഴലും വെളിച്ചവും മുൻകൂട്ടി വേർതിരിക്കുക, ഉപരിലേപനത്തിന് ഈടുണ്ടാകത്തക്കവണ്ണം അടിസ്ഥാനമായി വർത്തിക്കുക, ഗ്ലേസിങ് മൂലം ചിത്രത്തിന്റെ ഭംഗി വർധിപ്പിക്കുവാൻ ഉപകരിക്കുക എന്നിവയാണ് അണ്ഡർപെയിന്റിങിന്റെ പ്രയോജനങ്ങൾ.

അവലംബം തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അണ്ഡർ പെയിന്റിങ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അണ്ഡർ_പെയിന്റിങ്&oldid=3590364" എന്ന താളിൽനിന്ന് ശേഖരിച്ചത്