അഗ്ന്യാധാനം എന്നത് യാഗത്തിന്റെ ഭാഗമാണ് യാഗത്തിന്റെ തുടക്കം എന്നതും യജമാന, വൈദികരുടെയും ക്രിയയുടെ രണ്ടാം ഘട്ടമായാണ് ആധാനം അല്ലെങ്കിൽ അഗ്ന്യാധാനം. പരമ്പരാഗത രീതിയിൽ അരണി മരത്തിന്റെ ശാഖകൾ എടുത്ത് കടഞ്ഞ് അഗ്നിയുണ്ടാക്കൽ അഗ്നിയെ യാഗസ്ഥലത്തേക്കു കൊണ്ടുവരൽ; അഗ്ന്യുദ്ധാരണം എന്നും പറയും ഭാരതമൊട്ടാകെ സഹസ്രാബ്ദങ്ങളായി നടപ്പുണ്ടായിരുന്ന വൈദിക കർമത്തെയാണ്‌ യാഗം എന്ന്‌ വിശേഷിപ്പിക്കുന്നത്‌. ‘യജ്‌’ധാതുവിൽനിന്നാണ്‌ ‘യാഗ’മെന്ന പദത്തിന്റെ ഉൽപ്പത്തി. കൂടാതെ ഹോമം, സവം, ക്രതു, അധ്വരം, മഖം, ആഹവം, ഇഷ്ടി, സവനം, ഹവം, ഹവനം, അഭിഷബം, മഹം തുടങ്ങിയവയും യാഗത്തിന്റെ പര്യായങ്ങളാണ്‌. സദ്ഫലങ്ങളുണ്ടാക്കുക എന്നതാണ്‌ യാഗത്തിന്റെ ലക്ഷ്യം. ദേവന്മാർക്ക് ഹവിസ്സ് അർപ്പിക്കുന്നത് അഗ്നിയിൽ ആഹുതി ചെയ്യുന്നതിലൂടെയാണ്. അഗ്നി ആണ് ഭൂമിയിൽ നിന്നും അവയെ ദേവന്മാർക്കെത്തിച്ചുകൊടുക്കുന്നത്. അഗ്നി സർവ്വഭക്ഷകൻ ആണ്. പഞ്ചഭൂതങ്ങളിൽ പ്രധാനിയും. ദേവന്മാർക്ക് കൊടുക്കുന്ന ഏതൊരു പ്രവർത്തിക്കും അഗ്നി ഉണ്ടാകണം. അങ്ങനെ അർപ്പിക്കുന്ന ഹവിസ്സ് അന്തരീക്ഷത്തേയും ഭൂമിയേയും നീരാവിയാലും മഴമൂലവും ശുദ്ധീകരിക്കുന്നു. അതിൽ സന്തുഷ്ടരാകുന്ന ദേവന്മാർ ഭൂമിയെ സമൃദ്ധമാക്കുന്നു എന്നാണ് സങ്കൽപം. ഭൂമിയിലെ ഓരോ ഗുണങ്ങൾക്കും ഓരോ ദേവതയെ കാരണമാക്കി അതതു ദേവതകൾക്ക് ഹവിസ്സ് അർപ്പിക്കുന്നതിലൂടെ അതത് ഗുണവിശേഷങ്ങൾ വികസിക്കുകയും വ്യാപിക്കുകയും ചെയ്യുന്നു എന്നാണതിലെ തത്ത്വശാസ്ത്രം.

അടിതിരിയും പത്തനാടിയും തിരുത്തുക

അഗ്നിഹോത്രം നടത്തി അഗ്ന്യാധാനം അനുഷ്ടിച്ചു പൂർത്തിയാക്കിയ നമ്പൂതിരി ദമ്പതികളുടെ സ്ഥാനപ്പേരുകളാണ് അടിതിരി എന്നതും പത്തനാടി എന്നതും. യാഗാധികാരമുള്ള നമ്പൂതിരിമാർ നിർബന്ധമായും അഗ്ന്യാധാനം അനുഷ്ഠിക്കണം എന്നു വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. വൈദിക കർമ്മങ്ങളോടു കൂടി ഹോമകർമ്മം നടത്തി അഗ്നിയെ ഹോമകുണ്ഡത്തിലേക്ക് ആവാഹിക്കുന്ന ചടങ്ങോടെയാണ് ഇത് തുടങ്ങുന്നത്. പുന്നെല്ലിന്റെ ഉമിയും ചിരട്ടക്കരിയുമാണ് അഗ്നികുണ്ഡത്തിനുപയോഗിക്കുന്നത്. ഇത് അനുഷ്ഠിക്കാൻ ദമ്പതികൾ ആരോഗ്യമുള്ളവരായിരിക്കണെമെന്നും നിർബന്ധമാണ്. ആവാഹിച്ച അഗ്നിയെ അണയാതെ സൂക്ഷിക്കേണ്ടുന്നത് ദമ്പതികളുടെ കടമയായി കണക്കാക്കുന്നു. ഇതിനെ പരിപാലിക്കുകയും ഉപാസിക്കുകയും ചെയ്യുന്നതിനായി അവരിലൊരാൾ എപ്പോഴും അടുത്തു തന്നെ വേണമെന്നും നിഷ്കർഷിക്കപ്പെടുന്നു. ആദ്യം മരിക്കുന്നയാളുടെ ചിതക്കു ഇതു കൊണ്ടുതന്നെ തീകൊളുത്തുന്നതുവരെ ദിവസവും രണ്ടു നേരം അഗ്നിഹോത്രം നടത്തണം. പശുവിന്റെ പാലിന്റെ തന്നെ തൈരും പ്ലാശിന്റെ ചമതയും ഉപയോഗിച്ചാണ് അഗ്നിഹോത്രം. [1]

പത്തനാടി എന്ന പദവിയുള്ള നമ്പൂതിരി അന്തർജനങ്ങളെ അവരുടെ അടുത്തുപോയിക്കാണണം എന്നു വ്യവസ്ഥ ഒരു കാലത്ത് നിലവിലുണ്ടായിരുന്നു. അടിതിരി എന്നതിനു ശേഷം അഗ്നിഷ്ടോമം എന്ന സോമയാഗത്തിലൂടെ സോമയാജിപ്പാട് എന്ന സ്ഥാനപ്പേര് സ്വായത്തമാകും. അതിനു ശേഷം അതിരാത്രത്തിലൂടെയാണ് സോമയാജിപ്പാടായ യാഗ-യജമാനൻ അക്കിത്തിരിപ്പാട് എന്ന പദവിക്കു യോഗ്യനാകുന്നത്. എല്ലാ യാഗങ്ങൾക്കും അഗ്ന്യാധാനം നടത്തുന്ന ഹോമകുണ്ഡത്തിലെ അഗ്നിയാണ് ആവാഹിച്ച് ഉപയോഗിക്കുന്നതും യാഗവസാനം തിരിച്ച് ഹോമകുണ്ഡത്തിലേക്കു തന്നെ തിരിച്ചു നിക്ഷേപിക്കുന്നതും.[1]

അവലംബങ്ങൾ തിരുത്തുക

  1. 1.0 1.1 ആർ. ശശിശേഖർ (2015-03-17). "അക്കിത്തിരിപ്പാട് പദവിയിലേക്ക് ഒരാൾ കൂടി". മലയാള മനോരമ. Archived from the original on 2015-03-28. Retrieved 2015-03-28. {{cite news}}: Cite has empty unknown parameter: |9= (help)

കൂടുതൽ വായിക്കുവാൻ തിരുത്തുക

  • സ്വാമി പരമേശ്വരാനന്ദ സരസ്വതി(ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം)
  • ധർമശാസ്ത്രം(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെറിറ്റെജ്,ഹെറിറ്റെജ് പബ്ലിക്കേഷൻ സീരിസ്-101,ഡോ:എൻ.ഗോപാലകൃഷ്ണൻ,Ph.D,D.Lit)
"https://ml.wikipedia.org/w/index.php?title=അഗ്ന്യാധാനം&oldid=3622606" എന്ന താളിൽനിന്ന് ശേഖരിച്ചത്