അസ്തമിത (Extinct) മത്സ്യങ്ങളുടെ ഒരു വർഗമാണ് അക്കാന്തോഡൈ. ഹനുക്കളോടുകൂടിയ ആദിമ കശേരുകികളായി കണക്കാക്കപ്പെടുന്ന ഇവയെ സൂചി-പത്ര സ്രാവുകൾ (needle-finned sharks) എന്നും വിളിക്കുന്നു. സൈലൂറിയൻ (Silurian) കല്പത്തിന്റെ അവസാന ഘട്ടത്തിലാണ് ഇവ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.[1] ഡെവോണിയൻ (Devonian) കല്പത്തിൽ ഇവ പൂർണവികാസം നേടിയിരുന്നു.[2] ഈ ഘട്ടത്തിൽതന്നെയാണ് മറ്റു മത്സ്യവർഗങ്ങളും വികസിക്കുവാൻ തുടങ്ങിയത്. പെർമിയൻ കല്പത്തിൽ ഇവ നിശ്ശേഷം അപ്രത്യക്ഷമായി. അഗ്നാത്ത(Agnatha)യുടെയും മത്സ്യങ്ങളുടെയും മധ്യവർത്തികളെന്ന നിലയിൽ അക്കാന്തോഡൈ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു.[3][4]

അക്കാന്തോഡൈ
Temporal range: Early Silurian–Permian Survival in modern Chondrichthyes
Acanthodes sp.
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Infraphylum: Gnathostomata
Class: Acanthodii
Owen, 1846
Orders

Climatiiformes
Ischnacanthiformes
Acanthodiformes

അക്കാന്തോഡൈ വർഗത്തിലെ അംഗങ്ങളെല്ലാം തന്നെ സ്രാവുകളുടെ ആകൃതിയുള്ള ശുദ്ധജല ജീവികളായിരുന്നു. (ചില അനന്തരഗാമികൾ സമുദ്രത്തിലും ജീവിച്ചിരുന്നതായി അനുമാനിക്കപ്പെടുന്നു). ഇവ 20 സെ.മീ.ൽ കൂടുതൽ വളർന്നിരുന്നില്ല. പത്രങ്ങളോട് (fins) ചേർന്ന ബലമുള്ള മുള്ളുകൾ (spines) അക്കാന്തോഡൈകളുടെ പ്രത്യേകതയാണ്. ഈ മുള്ളുകൾ പ്രതിരോധാവയവങ്ങളാണെന്നു കരുതുന്നു. ശരീരം കവചിതമാണ്. ശൽക്കങ്ങൾ (scales) ശരീരത്തെ ആവരണം ചെയ്യുന്നു. തന്ത്രികാ-കപാലം (neurocranium), ഗ്രസനീചാപം (visceral arch), മറ്റു ബന്ധപ്പെട്ട ഭാഗങ്ങൾ എന്നിവയോടുകൂടി അക്കാന്തോഡസ് (Acnathodes) എന്ന ഒരിനത്തിന്റെ അവശിഷ്ടം പെർമിയൻ (Permian) കല്പത്തിലേതായി ലഭിച്ചിട്ടുണ്ട്.[5][6] ഡെവോണിയൻ കല്പത്തിൽ ജീവിച്ചിരുന്ന ക്ളൈമേഷ്യസ് (Climatius) എന്ന ഇനത്തിന് പ്രച്ഛദപാളി (opercular fold)യാൽ ആവരണം ചെയ്യപ്പെട്ട അനവധി ഗിൽ പഴുതുകൾ (gill slits) ഉണ്ടായിരുന്നു.

അക്കാന്തോഡൈ വർഗത്തെ ക്ളൈമാറ്റിഫോർമിസ് (Climatiformes), ഇഷ്നകാന്തിഫോർമിസ് (Ihcnacanthiformes), അക്കാന്തോഡിഫോർമിസ് (Acanthodiformes) എന്നീ മൂന്നുഗോത്രങ്ങളായി തിരിച്ചിട്ടുണ്ട്.

അവലംബം തിരുത്തുക

  1. http://www.ucmp.berkeley.edu/silurian/silurian.html silurian
  2. http://www.ucmp.berkeley.edu/devonian/devonian.html The Devonian
  3. http://www.cyhaus.com/marine/agnatha.htm Archived 2010-10-06 at the Wayback Machine. Agnatha
  4. [1] Archived 2010-08-19 at the Wayback Machine. അക്കാന്തോഡൈ (സൂചി-പത്ര സ്രാവുകൾ)
  5. http://www.fossilmuseum.net/fishfossils/Acanthodes-gracilis/Acanthodes.htm Acanthodian Permian Fossil Fish from Germany
  6. http://www.palaeos.com/Paleozoic/Permian/Permian.htm The Permian Period: 1

പുറംകണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്കാന്തോഡൈ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്കാന്തോഡൈ&oldid=3622490" എന്ന താളിൽനിന്ന് ശേഖരിച്ചത്