പശു, ആട്, എരുമ തുടങ്ങിയ നാല്ക്കാലികളുടെ പാൽ ചുരത്തുന്ന ഗ്രന്ഥിയാണ്‌ അകിട്(ഇംഗ്ലീഷിൽ:Udder). ഉദരവുമായി ഇത് വംക്ഷണനാളി (Inguinal canal)യിലൂടെ ബന്ധപ്പെട്ടിരിക്കുന്നു. വംക്ഷണനാളി ഏകദേശം 10 മി.മീ. നീളം വരുന്ന ശക്തിയേറിയ ഒരു കുഴലാണ്. ഉദരത്തിൽ നിന്നും പുറപ്പെടുന്ന രക്തക്കുഴലുകളും ലസികാവാഹി (lymphduct)കളും നാഡീതന്തു (nervefibre) ക്കളും അകിടിലെത്തുന്നത് ഈ നാളിവഴിയാണ്. (കാളകളുടെ വംക്ഷണനാളി ഉദരത്തെയും വൃഷണത്തെയും ബന്ധിക്കുന്നു.) ഉദരത്തിൽ അസാമാന്യ മർദം അനുഭവപ്പെടുമ്പോൾ പോലും ഉദരാവയവങ്ങൾ വംക്ഷണനാളിയിലേക്ക് കടക്കുകയില്ല.[1]

പശുവിന്റെ അകിട്

രൂപം തിരുത്തുക

അകിടിന്റെ രൂപം സമചതുരമെന്നു പുറമേ തോന്നാമെങ്കിലും അത് ഏതാണ്ട് വർത്തുളമാണ്. ഇരുവശങ്ങളും തുടകൊണ്ട് മറയ്ക്കപ്പെട്ടിരിക്കുന്നു. അകിടിനെ ഇടതും വലതും ഭാഗങ്ങളാക്കി തിരിക്കുന്ന ഒരു സ്തനമധ്യരേഖ കാണാം. മുന്നകിടും പിന്നകിടും തമ്മിൽ മിക്കപ്പോഴും യോജിപ്പിച്ചിരിക്കുന്നത് അവയെ വേർതിരിച്ചിരിക്കുന്ന രേഖ കാണാനൊക്കാത്തവിധത്തിലാണ്. പിന്നകിടിനാണ് താരതമ്യേന വലിപ്പക്കൂടുതൽ. ബന്ധപ്പെട്ട സ്നായുക്കൾ ക്ഷയിക്കുമ്പോൾ അകിട് താഴോട്ടു തൂങ്ങുന്നു. ഇവിടെ അകിടുഗ്രന്ഥികൾ ഉദരഭിത്തിയിൽനിന്ന് ഭാഗികമായി വേറിടുകയാണ്. ഉദരപേശികൾക്കുണ്ടാവുന്ന 'വലിച്ചിൽ' അകിടിന് ഉള്ളതിലധികം വലിപ്പം തോന്നിപ്പിക്കുന്നു. സംയോജക കല കൂടുതലായിരുന്നാലും അകിടിന് വലിപ്പം തോന്നാം. പ്രായമേറുമ്പോൾ, ധാരാളം പാൽ തരുന്ന മൃഗങ്ങളിൽ പ്രത്യേകിച്ചും അകിടു തൂങ്ങാറുണ്ട്. ഊറുന്ന പാലിന്റെ ഭാരവും കീഴ്വലിവും ആണ് ഇതിനു കാരണം.

അകിട് മുന്നാക്കം ഏന്തിനിന്നാൽ മാത്രമേ കൂടുതൽ പാൽ ഉൾക്കൊള്ളാൻ സാധ്യമാകൂ. ഉറവെടുക്കുന്ന പാലിന്റെ 40 ശ.മാ. മാത്രമാണ് സംഭരണകേന്ദ്രങ്ങളിൽ കൊള്ളുന്നത്; ബാക്കി 60 ശ.മാ. സംഭരിക്കാൻ വലിച്ചിൽകൊണ്ടുണ്ടാകുന്ന സ്ഥലം വേണം. അകിടിന്റെ ഈ സംഭരണശേഷി ക്ഷീരത്തിന്റെ മർദത്തിലും അകിടിന്റെ ബാഹ്യരൂപത്തിലും കാര്യമായ മാറ്റങ്ങളുണ്ടാക്കാതെ സൂക്ഷിക്കുന്നു. അകിടിനെ ആവരണം ചെയ്തിരിക്കുന്ന ചർമം ഒരു രക്ഷാകവചമായി പ്രവർത്തിക്കുന്നതോടൊപ്പം നടക്കുമ്പോൾ അധികം ആടാതിരിക്കാൻ അതിനെ സഹായിക്കുകയും ചെയ്യുന്നു.

പശുവിന്റെ അകിടിൽ സാധാരണ നാലു മുലകൾ ഉണ്ട്. വശങ്ങളിൽ വരിയൊപ്പിച്ച് ഒന്നോ രണ്ടോ ചെറുമുലകൾ (അധിസംഖ്യകങ്ങൾ) കൂടിയുണ്ടാകാം. ഈ ചെറുമുലകൾക്കും ചിലപ്പോൾ ക്ഷീരോത്പാദനഗ്രന്ഥി ഉണ്ടാകാം. ഏകദേശം 40 ശതമാനം പശുക്കൾക്ക് ഇങ്ങനെ ഒന്നോ ഒന്നിലധികമോ ചെറുമുലകൾ കാണാറുണ്ട്. സാധാരണയായി ഈ ചെറുമുലകൾ പിൻമുലകളിലാണ് കാണുക. ചിലപ്പോൾ പിന്നിലെയും മുന്നിലെയും മുലകൾക്കിടയിലും ആകാം. മുന്നിലെ മുലയുടെ മുമ്പിൽ വളരെ വിരളമായേ ഈ 'അഞ്ചാംമുലകൾ' കാണാറുള്ളു.

ആന്തരിക ഘടന തിരുത്തുക

അകിടിന്റെ ഉൾഭാഗം ഛേദിച്ചു നോക്കിയാൽ സാമാന്യം കനമുള്ള ഒരു സ്നായുഭിത്തി അതിനെ ഇടതും വലതും അറകളാക്കി വേർതിരിക്കുന്നതു കാണാം. അകിടിനുള്ളിൽ നാലറകൾ ഉണ്ട്.

അപ്രകാരം നാലു കർമഗ്രന്ഥികളും നാലു സ്രോതസ്സുകളും സ്രോതസ്സുകളുടെ ബഹിർഗമനകവാടങ്ങളും നാലു മുലകളും കൂടിയതാണ് അകിടിന്റെ ആന്തരികഘടന. മുലയുടെ തുമ്പിൽ സുഷിരസങ്കോച പേശികൾ ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ഇവയിലെ ഒരു സുഷിരത്തിന് അര മുതൽ ഒന്നര സെ.മീ. വരെ നീളം കാണും. സുഷിരസങ്കോചിയുടെ മുകളിലായി, ദ്വാരം തുറക്കുന്നിടത്ത് മുലയ്ക്കകത്തെ ഉൾസ്തരം തെല്ലു മടങ്ങിക്കിടക്കും; മുകളിൽനിന്നൊരു മർദമുണ്ടായാൽ ഈ മടക്കുകൾ നിവരും; ഇവ ദ്വാരത്തിൽ നിറഞ്ഞുനിന്ന് ഓട്ടയടയ്ക്കുകയും ചെയ്യും. 12 കി.ഗ്രാം പാൽ അകിടിൽ കെട്ടിനിന്ന അവസരത്തിൽ, കനത്ത ആ മർദത്തിനുപോലും ഈ മടക്കിനെ ദുർബലമാക്കാൻ കഴിയാതിരുന്ന ഉദാഹരണങ്ങളുണ്ട്. അധികോത്പാദനശേഷിയുള്ള പശുക്കളിൽ പ്രകൃതിയുടെ ഈ ദ്വിപ്രതിരോധനിര ഊർജ്ജിതമായി പ്രവർത്തിച്ചേ പറ്റൂ. ഇല്ലെങ്കിൽ ഉറവെടുക്കുന്ന പാലെല്ലാം പുറത്തുപോകും. (സുഷിരപേശിയുടെ ശക്തിക്ഷയിക്കുമ്പോഴോ പേശീദ്വാരത്തിൽ എന്തെങ്കിലും വളർച്ചയുണ്ടാകുമ്പോഴോ ഇത് സംഭവിക്കാറുണ്ട്.) പാൽ പുറത്തു പോകുന്നതിനെ തടയുന്നതോടൊപ്പം അപകടകാരികളായ രോഗബീജങ്ങളെ അകത്തേക്കു പ്രവേശിപ്പിക്കാതിരിക്കുകയും കൂടി ചെയ്യുന്നുണ്ട് ഈ പ്രതിരോധനിര.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Rowen D. Frandson; W. Lee Wilke; Anna Dee Fails (1 April 2013), Anatomy and Physiology of Farm Animals, John Wiley & Sons, pp. 449–451, ISBN 978-1-118-68601-0
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അകിട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അകിട്&oldid=3962075" എന്ന താളിൽനിന്ന് ശേഖരിച്ചത്